ആലപ്പുഴ: ഏറ്റവുമധികം തീർഥാടകരെത്തുന്ന ശബരിമലയില്‍ വിമാനത്താവളം നിര്‍മിക്കുന്നതിന് പ്രാഥമിക അനുമതികളെല്ലാം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി പൂര്‍ത്തിയാക്കിയ ആലപ്പുഴ ടൗണ്‍ റോഡ് നെറ്റ്വര്‍ക്കിന്റെയും ഏഴ് ജില്ലകളിലെ വിവിധ നിയോജകമണ്ഡലങ്ങളിലായുള്ള 18 റോഡുകളുടെയും ഉദ്ഘാടനം ആലപ്പുഴ വൈ.എം.സി.എ കാമ്പസില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതികള്‍ പ്രഖ്യാപിക്കുക മാത്രമല്ല, അവ സമയബന്ധിതമായി പൂര്‍ത്തിയാക്കി നല്കുന്ന ഭരണസംസ്കാരമാണ് സര്‍ക്കാറിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജല, വ്യോമ ഗതാഗത മേഖലകളില്‍ ഒരുപോലെ ഇടപെട്ട് കേരളത്തിന്റെ ഗതാഗത വികസനത്തിന് ആക്കംകൂട്ടാനാണ് സര്‍ക്കാര്‍ ശ്രമം. നിലവില്‍ കേരളത്തിലെ റോഡുകളിലൂടെ യാത്രചെയ്യാനെടുക്കുന്ന സമയം വളരെ കൂടുതലാണ്. ഈ പരിമിതി മറികടക്കാന്‍ റോഡ് വികസനത്തിലൂടെ സാധിക്കും. തീരദേശ ഹൈവേക്കും മലയോര ഹൈവേക്കും പണം കണ്ടെത്തിക്കഴിഞ്ഞു. കോവളം മുതല്‍ കാസർകോട് ബേക്കല്‍ വരെ ജലപാത അതിവേഗത്തില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷതവഹിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോൾ അഞ്ചുവര്‍ഷം കൊണ്ട് 100 പാലങ്ങളുടെ പ്രവൃത്തി പൂര്‍ത്തിയാക്കണം എന്നായിരുന്നു ലക്ഷ്യം. ആദ്യ മൂന്നുവര്‍ഷം കൊണ്ട് തന്നെ 50 പാലങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ലക്ഷ്യംവെച്ചു. രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ 52 പാലങ്ങള്‍ പൂര്‍ത്തിയാക്കാനായെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിമാരായ സജി ചെറിയാന്, പി. പ്രസാദ് എന്നിവര്‍ മുഖ്യാതിഥികളായി. എ.എം. ആരിഫ് എം.പി, എം.എല്‍.എമാരായ പി.പി. ചിത്തരഞ്ജന്, എച്ച്. സലാം, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭ ചെയര്പേഴ്സൻ സൗമ്യ രാജ്, കലക്ടര്‍ ഹരിത വി.കുമാര്‍, കൗണ്‍സിലര്‍മാരായ ബിന്ദു തോമസ്, കെ.എസ്. ജയന്, പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എന്‍ജിനീയര്‍ അജിത് രാമചന്ദ്രന്, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ആര്. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.