ആലപ്പുഴ: കവിസങ്കൽപങ്ങളിൽ മാത്രം കേട്ടുപരിചയമുള്ള, ഐതിഹ്യങ്ങളിൽ പരാമർശിക്കപ്പെടുന്ന 'സഹസ്രദള കമലം' എന്നറിയപ്പെടുന്ന ആയിരം ഇതളുള്ള താമര ആലപ്പുഴയിലും വിരിഞ്ഞു. കൊമ്മാടിയിലെ സോണി ഓർക്കിഡ് നഴ്സറിയുടെ വണ്ടാനം ബ്രാഞ്ചിലാണ് അപൂർവസസ്യം പൂവിട്ടത്.
താമരകളിൽ സങ്കലനം നടത്തിയ പുതിയ ഇനങ്ങൾ ചൈന, തായ്ലൻഡ് എന്നിവിടങ്ങളിൽ രൂപപ്പെടുത്തുന്നുണ്ടെങ്കിലും കേരളത്തിൽ ഇവയെ വളർത്തിയെടുക്കുക ശ്രമകരമാണ്. ദീർഘനാളത്തെ പരിചരണത്തെതുടർന്നാണ് പൂവിട്ടതെന്ന് നഴ്സറി ഉടമകളായ അഷ്റഫും സഹോദരി സജീനയും പറഞ്ഞു. കേരളത്തിൽ അപൂർവമായി മാത്രം വിരിയുന്ന പിങ്ക് വർണത്തിലുള്ളതാണ് ഈ സഹസ്രദള കമലം. ദേവീദേവന്മാരുടെ ഇരിപ്പിടം എന്ന സങ്കൽപിക്കപ്പെടുന്ന സഹസ്രദള പുഷ്പം കാണാൻ നിരവധി പേരാണ് എത്തുന്നതെന്ന് അവർ പറഞ്ഞു.
ചൈനയിൽ 2008 ആദ്യമായി റിപ്പോർട്ട് ചെയ്ത സഹസ്രദള കമലം ഇന്ത്യയിലടക്കം ശ്രദ്ധയോടെയാണ് വളർത്തുന്നത്. രണ്ടുവർഷം മുമ്പ് തിരുവനന്തപുരം വെള്ളായണി കായലിൽനിന്ന് ഇത്തരത്തിൽ കണ്ടെത്തിയ പ്രത്യേകതകൾ നിറഞ്ഞ താമര ശേഖരിച്ച പല നഴ്സറി ഉടമകളും ഹൈബ്രിഡ് രീതിയിൽ സംരക്ഷിച്ചുപോന്നിരുന്നു. തൃപ്പൂണിത്തുറയിലും മലബാറിലും ഈ അപൂർവപുഷ്പം വിരിഞ്ഞിരുന്നു. മുംബൈയിൽനിന്ന് കൊണ്ടുവന്ന സഹസ്രദളം തിരുവല്ലയിലും വിരിഞ്ഞിരുന്നു. താമരയിൽ ഹൈബ്രിഡുകൾ അഥവാ സങ്കരങ്ങയിനങ്ങൾ ഉണ്ടാകാറുണ്ടെന്ന് എസ്.ഡി കോളജിലെ ബോട്ടണി അധ്യാപകൻ ഡോ. ജോസ് മാത്യു പറഞ്ഞു.
മുമ്പ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടവക്ക് കൂടുതൽ കടുത്ത നിറമുള്ളതാണെങ്കിൽ ആലപ്പുഴയിൽ വിരിഞ്ഞത് കൂടുതൽ വെളുത്തതാണെന്ന പ്രത്യേകതയുണ്ട്. വിദേശ രാജ്യങ്ങളിലെ ബുദ്ധമത വിശ്വാസികളുടെ പെഡഗോഗുകളിൽ ആരാധനക്ക് ഇത് ഉപയോഗിക്കാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.