ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാൻ കൊല്ലപ്പെട്ട സംഭവത്തിൽ കൊലയാളിസംഘം പിടിയിലായതായി സൂചന. കൊലപാതകത്തിൽ നേരിട്ട് പങ്കെടുെത്തന്ന് കരുതുന്ന അഞ്ചുപേരും ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടുപേരുമാണ് വെള്ളിയാഴ്ച പിടിയിലായത്. ചാലക്കുടി താലൂക്ക് ആര്.എസ്.എസ് ബൗദ്ധിക് പ്രമുഖ് വരന്തരപ്പിള്ളി കള്ളായി കല്ലംകുന്നേല് വീട്ടില്‍ കെ.ടി. സുരേഷ് (49), പ്രവർത്തകൻ മംഗലത്തുവീട്ടില്‍ ഉമേഷ് (27) എന്നിവരാണ് അറസ്റ്റിലായത്. സുരേഷിെൻറ കള്ളായിയിലെ ബന്ധുവീട്ടിലാണ് മൂന്ന് പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയിരുന്നത്.
മണ്ണഞ്ചേരി സ്വദേശി അതുല്‍, ജിഷ്ണു, അഭിമന്യു, വിഷ്ണു, സനന്ദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അറസ്റ്റോ ഇവരുടെ കസ്റ്റഡിയോ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അതുലും വിഷ്ണുവും കുട്ടനാട് കൈനകരിയിലെ ഒളിത്താവളത്തിൽനിന്നും മറ്റുള്ളവർ അരൂരിൽനിന്നുമാണ് പിടിയിലായത്. ഇവരെല്ലാം ആർ.എസ്.എസ് പ്രവർത്തകരാണ്. കേസിൽ പിടിയിലായവർ ഇതോടെ പത്തായി. നേരേത്ത മൂന്ന് ആർ.എസ്.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം ആസൂത്രണം ചെയ്ത രണ്ടുപേരും പ്രതികളെ ആംബുലൻസിൽ രക്ഷപ്പെടുത്തിയ ഡ്രൈവറുമാണിവർ. ആകെ 12 പ്രതികളാണുള്ളത്. കൊലയിൽ നേരിട്ട് പങ്കെടുത്തത് നാലോ അഞ്ചോ പേരാണ്.
ഷാനിനെ കൊലപ്പെടുത്താൻ കാറിൽ എത്തിയ സംഘത്തിൽ ആറുപേരാണുണ്ടായിരുന്നതെന്നാണ് പൊലീസ് നിഗമനം. കാർ കണിച്ചുകുളങ്ങരയിൽ ഉപേക്ഷിച്ച് ഇവർ സേവാഭാരതിയുടെ ആംബുലൻസിൽ രക്ഷപ്പെടുകയായിരുന്നു. ഇവരെ ചേർത്തല ആർ.എസ്.എസ് ഓഫിസിൽ എത്തിച്ചെന്നാണ് ആംബുലൻസ് ഡ്രൈവർ അഖിൽ മൊഴി നൽകിയത്.
ബി.ജെ.പി ഒ.ബി.സി മോർച്ച നേതാവ് അഡ്വ. രഞ്ജിത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പിടിയിലായത് എസ്.ഡി.പി.ഐ പ്രവർത്തകരായ നിഷാദ് ഷംസുദ്ദീൻ, അലി അഹമ്മദ്, ആസിഫ് സുധീർ, അൻഷാദ് നവാസ്, സുധീർ എന്നിവരാണ്.
പ്രതികൾക്ക് സഹായം നൽകിയതിനും വാഹനങ്ങൾ വിട്ടുനൽകിയതിനുമാണ് ഇവരെ പ്രതിചേർത്തത്. നേരിട്ട് പങ്കെടുത്തവരടക്കമാണ് ഇനി പിടിയിലാകാനുള്ളത്. ഈ സംഘം സംസ്ഥാനം വിട്ടെന്നാണ് പൊലീസ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.