ആലപ്പുഴ: ജില്ലയിലെ 198 പരീക്ഷാകേന്ദ്രങ്ങളിലായി മാർച്ച് നാലിന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത് 21,706 വിദ്യാർഥികൾ. ഇതിൽ 10, 893പേർ ആൺകുട്ടികളും 10, 813 പേർ പെൺകുട്ടികളുമാണ്. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത്. 6966 പേർ. ആലപ്പുഴ-6234, ചേർത്തല-6634, കുട്ടനാട്-1872 എന്നിങ്ങനെയാണ് മറ്റ് വിദ്യാഭ്യാസ ജില്ലകളിൽ നിന്നുള്ള പരീക്ഷാർഥികളുടെ എണ്ണം. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുക. ആലപ്പുഴ, കുട്ടനാട്, ചേർത്തല, മാവേലിക്കര വിദ്യാഭ്യാസ ജില്ലകളിലാണ് 198 പരീക്ഷാകേന്ദ്രങ്ങൾ.
എസ്.എസ്.എൽ.സി പരീക്ഷയുടെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ അടിയന്തിര യോഗം ജില്ല കലക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ കലക്ട്രേറ്റിൽ ചേർന്നു. ചോദ്യപേപ്പറുകൾ സൂക്ഷിക്കുന്ന ട്രഷറി, ബാങ്ക് എന്നിവിടങ്ങളിൽനിന്ന് സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനുള്ള സുരക്ഷ ഉറപ്പാക്കാൻ പൊലീസിന് നിർദ്ദേശം നൽകി. ജില്ല ട്രഷറി, സബ് ട്രഷറി, എസ്.ബി.ഐ എന്നിവിടങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ചോദ്യപേപ്പറുകൾ പൊലീസ് സുരക്ഷയോടെ അതത് ദിവസം രാവിലെ സ്കൂളുകളിൽ എത്തിക്കും. ഉത്തരക്കടലാസുകൾ അതത് ദിവസം തന്നെ ശേഖരിച്ച് പോസ്റ്റ് ഓഫിസുകളിൽ എത്തിച്ച് അവിടെ നിന്ന് അയക്കാൻ ക്രമീകരണവും ഉറപ്പാക്കിയിട്ടുണ്ട്.
ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സി.സി കൃഷ്ണകുമാർ, ഡിവൈ. എസ്.പി പി.എം. ബൈജു, ഡി.ഇ.ഒ മാർ, ട്രഷറി ഉദ്യോഗസ്ഥർ, ബാങ്ക് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.