കുരച്ചുചാടി തെരുവുനായ്ക്കൾ; ഇരുട്ടിൽതപ്പി അധികൃതർ

ആലപ്പുഴ: തെരുനായ് ശല്യം ദിനേനയെന്നോണം രൂക്ഷമാകുകയാണ് ജില്ലയിൽ. സ്കൂൾ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇവയുടെ ആക്രമണത്തിന് വിധേയമാകുന്നുണ്ട്. മാസം 1000 മുതൽ 1500 വരെ പേർക്ക് കടിയേൽക്കുന്നതായാണ് ആരോഗ്യവകുപ്പിന്റെ ജില്ലതല കണക്ക്. പരിക്കേൽക്കുന്നവരുടെ എണ്ണത്തിൽ സംസ്ഥാനത്ത് ആറാമതാണ് ജില്ല. കഴിഞ്ഞവർഷം ജില്ലയിൽ 17,699 പേർക്ക് കടിയേറ്റു. ജനസാന്ദ്രതയേറെയുള്ള ആലപ്പുഴയിൽ തെരുവുനായ്ക്കൾ പെരുകുന്നത് പേവിഷബാധിതരുടെ എണ്ണം കൂടാനുള്ള സാധ്യതയും വർധിപ്പിക്കുന്നു. വന്ധ്യംകരണ നടപടി പൂർണമായി നിലച്ചതും മാലിന്യനിർമാർജനം താളംതെറ്റിയതും തെരുവുനായ്ക്കൾ വർധിക്കാനിടയാക്കുകയാണ്. തെരുവുനായ് നിയന്ത്രണം സാധ്യമാക്കാൻ എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുട്ടിൽതപ്പുകയാണ് അധികൃതർ.

നായ്ക്കളെ കൊന്നുതള്ളി പ്രശ്നപരിഹാരം എന്നതിന് ബദൽ അവതരിപ്പിക്കപ്പെട്ട വന്ധ്യംകരണ പദ്ധതി തീർത്തും അവതാളത്തിലാണ്. ജില്ലയിലെ മിക്ക തദ്ദേശ സ്ഥാപനങ്ങളിലും വന്ധ്യംകരണം നടക്കുന്നില്ല. റോഡിലും പൊതുസ്ഥലത്തും നായ്ക്കൾ കൂട്ടമായും അല്ലാതെയും വിഹരിക്കുമ്പോൾ നായ കടിക്കാതെ നോക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന നിലയിലാണ് സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനം. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ തെരുവുനായ് വന്ധ്യംകരണം നടന്നിട്ട് രണ്ടുവർഷത്തോളമായി. ഇതുവരെ എത്ര തെരുവുനായ്ക്കളെ വന്ധ്യംകരിച്ചെന്നോ പുതിയവ എത്ര ഉണ്ടെന്നോയുള്ള കണക്കുപോലും അധികൃതരുടെ പക്കലില്ലെന്നാണ് ആക്ഷേപം. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുറക്കാട് പഞ്ചായത്തുകളിലൊന്നും തെരുവുനായ് വന്ധ്യംകരണ പദ്ധതി നടപ്പിലായില്ല. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ തെരുവുനായ്ക്കളുടെ വന്ധ്യംകരണം നടക്കുന്നില്ല. ആലപ്പുഴ നഗരസഭ പരിധിയിലും തെരുവുനായ്ക്കളുടെ വന്ധ്യംകരണം നടക്കുന്നില്ല. അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി നടപ്പാക്കാൻ 40 ലക്ഷം രൂപ നഗരസഭ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ചെങ്ങന്നൂർ നഗരസഭയിൽ 2019-20 സാമ്പത്തികവർഷം വരെയേ എ.ബി.സി പദ്ധതി നടപ്പാക്കിയിട്ടുള്ളൂ. 14 ലക്ഷം രൂപ ഇതിനായി ജില്ല പഞ്ചായത്തിന് നൽകിയിട്ടുണ്ട്. ഇതിൽ ആറുലക്ഷം രൂപ ചെലവഴിച്ചു. ബാക്കി എട്ടുലക്ഷം ജില്ല പഞ്ചായത്ത് ഫണ്ടിൽ തന്നെ കിടക്കുന്നു. മാവേലിക്കര ബ്ലോക്കിലെ തദ്ദേശ സ്ഥാപനങ്ങളിൽ വന്ധ്യംകരണ നടപടി ഇനിയും ആരംഭിച്ചിട്ടില്ല. 2020ൽ കോവിഡ് രൂക്ഷമായ സമയത്ത് വളർത്തുനായ്ക്കളെ ഉപേക്ഷിക്കുന്ന പ്രവണത ഉണ്ടായിരുന്നു. വീടുകളിൽനിന്ന് ഉപേക്ഷിക്കപ്പെടുന്നവയെ നഗരത്തിലെ തെരുവുനായ്ക്കൾ കൂട്ടത്തിൽ കൂട്ടാറില്ല. അലഞ്ഞുതിരിഞ്ഞ് ഭക്ഷണം തേടുന്നതിനിടെ ഇവ അക്രമാസക്തരാകുന്നു. വന്ധ്യംകരണത്തിന് വിധേയരാക്കുന്ന നായ്ക്കളെ ശസ്ത്രക്രിയക്കുശേഷം അതത് സ്ഥലങ്ങളിൽ തന്നെ തിരികെ വിടണമെന്നാണ് നിർദേശം.

എന്നാൽ, ഇതര ജില്ലകളിൽ വന്ധ്യംകരണത്തിന് വിധേയരാകുന്ന നായ്ക്കളെ മറ്റിടങ്ങളിൽ ഉപേക്ഷിക്കുന്ന പ്രവണതയുമുണ്ട്. വന്ധ്യംകരിച്ചവയെ തിരിച്ചറിയാനുള്ള ചെവിയിലെ അടയാളമുള്ള നായ്ക്കളെ ഒറ്റതിരിഞ്ഞ് നഗരത്തിൽ കാണുന്നുണ്ടെന്നും ഇവ സ്ഥിരംതാവളങ്ങളിൽ അല്ല തങ്ങുന്നതെന്നും മൃഗസ്നേഹികൾ ചൂണ്ടിക്കാട്ടുന്നു. സ്ഥിരം താവളങ്ങളിൽ കഴിയുന്ന തെരുവുനായ്ക്കൾ പൊതുവെ അക്രമാസക്തരല്ലെന്ന് വെറ്ററിനറി സർജൻമാർ പറയുന്നു. പരിശീലനം ലഭിച്ച നായ്പിടിത്തക്കാരെ ലഭിക്കാത്തതാണ് വന്ധ്യംകരണത്തിന് പ്രധാന വെല്ലുവിളി. ഡോഗ് കാച്ചർ ലൈസൻസുള്ളവരെ ഉപയോഗിച്ച് നായ്ക്കളെ പിടിക്കണമെന്നാണ് നിയമം. നായ് പിടിത്തത്തിൽനിന്ന് കുടുംബശ്രീയെ ഒഴിവാക്കിയതോടെ മിക്കയിടത്തും ഇവയെ പിടിക്കാൻ ആളില്ലാത്ത സ്ഥിതിയാണ്.

തെരുവുനായ്ക്കളെ ദത്തുനൽകുന്ന പരിപാടി ഏതാനും മാസം മുമ്പ് ആരംഭിച്ചതും ഉദ്ഘാടനശേഷം മുന്നോട്ടുപോയില്ല. തെരുവുനായ്ക്കളെ കൊല്ലാൻ തദ്ദേശസ്ഥാപനങ്ങൾ ശ്രമം നടത്തിയപ്പോഴൊക്കെ തടസ്സപ്പെടുത്തിയ മൃഗസ്നേഹികൾ പോലും ദത്തെടുക്കലിനോട് താൽപര്യം കാണിച്ചില്ലെന്ന് അധികൃതർ പറയുന്നു. വന്ധ്യംകരിച്ചശേഷം രണ്ടോ മൂന്നോ നായ്ക്കളെ മൃഗസ്നേഹികൾ കൊണ്ടുപോയി വളർത്തണമെന്ന നിർദേശമാണ് ദത്ത് പദ്ധതി. ഡോഗ് സൂ തുടങ്ങണമെന്ന നിർദേശവും നടപ്പായിട്ടില്ല. ബ്ലോക്ക് തലങ്ങളിൽ നായ്ക്കളെ പാർപ്പിക്കാൻ ഷെൽട്ടറുകൾ സ്ഥാപിക്കാനുള്ള തീരുമാനവും കടലാസിലാണ്.

Tags:    
News Summary - Stray dogs barking; The authorities were kept in the dark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.