ആലപ്പുഴ: വേനൽ അവധിക്കാലത്തെ യാത്രക്കാരുടെയും ടൂറിസ്റ്റുകളുടെയും തീർഥാടകരുടെയും തിരക്ക് കണക്കിലെടുത്ത് രണ്ട് സ്പെഷൽ ട്രെയിൻ ഓടിക്കാൻ അനുമതിക്ക് ദക്ഷിണ റെയിൽവേ ഓപറേറ്റിങ് വിഭാഗം റെയിൽവേ ബോർഡിനെ സമീപിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. ചൊവ്വാഴ്ചയും വ്യാഴാഴ്ചയും എറണാകുളം-ധൻബാദും ശനിയാഴ്ചയും ഞായറാഴ്ചയും എറണാകുളം-വേളാങ്കണ്ണിയും സ്പെഷൽ ട്രെയിനുകളായി ഓടിക്കാനാണ് ദക്ഷിണ റെയിൽവേ അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്.
എറണാകുളം-ധൻബാദ് സ്പെഷൽ ട്രെയിൻ 11 ട്രിപ് വീതവും എറണാകുളം- വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ 10 ട്രിപ്പുമായിട്ട് മൊത്തം 42 ട്രിപ്പാണ് സ്പെഷൽ സർവിസായി ഓടിക്കുന്നതെന്ന് കൊടിക്കുന്നിൽ അറിയിച്ചു. എറണാകുളം-വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ നാഗൂർ വരെ മാത്രമേ സർവിസ് നടത്തൂ. നാഗൂർ-വേളാങ്കണ്ണി സെക്ഷനിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്.
പണി പൂർത്തിയാക്കുന്ന മുറക്ക് നാഗൂരിൽനിന്ന് വേളാങ്കണ്ണിയിലേക്ക് സർവിസ് നീട്ടുമെന്നും എം.പി പറഞ്ഞു. എറണാകുളം-കോട്ടയം-കൊല്ലം-ചെങ്കോട്ട സെക്ഷനിൽ ആയിരക്കണക്കിന് തീർഥാടകരാണ് ദിനംപ്രതി വേളാങ്കണ്ണി പള്ളിയിലും നാഗൂർ ദർഗ ഷെരീഫിലും പോകുന്നത്. എന്നാൽ, ഈ സെക്ടറിലെ യാത്രക്കാർക്കും തീർഥാടകർക്കും നേരിട്ട് ട്രെയിൻ സർവിസ് ലഭിക്കാത്തതിനാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സതേൺ റെയിൽവേയുടെ ശ്രദ്ധയിൽപെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ ആരംഭിക്കാൻ നടപടി ആരംഭിച്ചത്. കാലക്രമേണ വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ സ്ഥിരം ട്രെയിൻ സർവിസാക്കി മാറ്റും. കൊല്ലം-ചെങ്കോട്ട മീറ്റർ ഗേജ് ആയിരുന്നപ്പോൾ കൊല്ലത്തുനിന്ന് ദിനംപ്രതി നാഗൂരിലേക്ക് ട്രെയിൻ സർവിസ് നടത്തിയിരുന്നു. ഈ ട്രെയിനാണ് ഇപ്പോൾ വേളാങ്കണ്ണി ട്രെയിനായി പുനരാരംഭിക്കുന്നതെന്നും കൊടിക്കുന്നിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.