ആലപ്പുഴ: നഗരസഭ പരിധിയിൽ കോവിഡ് വ്യാപനം ഉയര്‍ന്ന നിലയില്‍ തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി നഗരസഭയും ജില്ല ഭരണകൂടവും. ശനിയാഴ്ച നഗരസഭ പരിധിയിൽ 1372 സാമ്പിൾ പരിശോധിച്ചപ്പോൾ 287 പോസിറ്റിവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 20.92 ശതമാനം ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി. 26ന് 801 സാമ്പിള്‍ പരിശോധിച്ചപ്പോള്‍ 163 പോസിറ്റിവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് 20.35 ശതമാനമായി. ചെങ്ങന്നൂർ നഗരസഭയിൽ 15.15 ആണ് ശനിയാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ ആലപ്പുഴ നഗരസഭയുടെ കോവിഡ് കൺട്രോൾ റൂം പ്രവർത്തനം മുതൽ 24 മണിക്കൂറാക്കാൻ തീരുമാനമായി. വാർഡ്തല ജാഗ്രത സമിതി കോഓഡിനേറ്റർമാരുടെ ഏകോപനത്തോടെ അതത് ദിവസം വൈകീട്ട് തരുന്ന റിപ്പോർട്ട് അടിസ്ഥാനത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുക. കൂടാതെ ടെലി മെഡിസിൻ സൗകര്യവും നഗരസഭ ഒരുക്കിയിട്ടുണ്ട്. കോവിഡ് ബാധിതർക്ക് മരുന്നുകൾ നിർദേശിക്കുകയാണെങ്കിൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്താൽ വീടുകളിൽ എത്തിച്ചുനൽകും. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സെക്ടറൽ മജിസ്ട്രേറ്റുമാർക്കുപുറമേ രണ്ട് സംഘം സ്ക്വാഡുകളെയും നിയോഗിച്ചിട്ടുണ്ട്. വിവാഹം, മരണാനന്തര ചടങ്ങുകൾ, ആരാധനാലയങ്ങളിലെ ചടങ്ങുകൾ എന്നിവ കേന്ദ്രീകരിച്ചാണ് സ്ക്വാഡുകളുടെ പ്രവർത്തനം.
മസ്ജിദുകളിൽ കൂടുതൽ നിയന്ത്രണം നടപ്പാക്കുന്നതിെൻറ ഭാഗമായി പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. പള്ളികളിൽ ഇരുന്നുള്ള നോമ്പുതുറ അവസാനിപ്പിക്കാൻ നടപടികളും സ്വീകരിച്ചുവരുകയാണ്. നഗരസഭ പരിധിയിൽ രണ്ട് സി.എഫ്.എൽ.ടി.സികളാണ് പ്രവർത്തിച്ചുവരുന്നത്. ജനറൽ ആശുപത്രിയെ 75 കിടക്കകളുള്ള ഐ.സി.യു സംവിധാനമുള്ള കോവിഡ് ആശുപത്രിയാക്കി മാറ്റാൻ നടപടികള്‍ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.