തുറവൂർ: തുറവൂർ ഗ്രാമത്തിന്റെ ഏറ്റവും ഭംഗിയുള്ള പ്രദേശം തൈക്കാട്ടുശ്ശേരി പാലത്തിന് സമീപം സ്ഥലങ്ങളാണ്. ദിവസേന നൂറുകണക്കിനാളുകളാണ് തുറവൂർ-തൈക്കാട്ടുശ്ശേരി പാലം കാണാനും അതിന്റെ മുകളിൽനിന്ന് തൈക്കാട്ടുശ്ശേരി കായലിനെ ആസ്വദിക്കാനും എത്തുന്നത്. സമീപത്തെ പാർക്ക് വിനോദത്തിനും വിശ്രമത്തിനും ഇടംനൽകുന്നു. ചേർത്തല മുതൽ അരൂക്കുറ്റി വരെ ഒരുകരയും ചേർത്തല മുതൽ അരൂർ വരെ മറ്റൊരു കരയുമായി വേർപെടുത്തുന്നത് തൈക്കാട്ടുശ്ശേരി കായലാണ്.
ഇരുകരകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ആദ്യംനിർമിച്ചത് അരൂക്കുറ്റി-അരൂർ പാലമാണ്. മറ്റൊരു പാലത്തിനായുള്ള പതിറ്റാണ്ടുകളായുള്ള മുറവിളികൾക്കൊടുവിലാണ് തൈക്കാട്ടുശ്ശേരി-തുറവൂർ പാലം പൂർത്തിയായത്. തീരപ്രദേശത്തെ മലനാടുമായി ബന്ധപ്പെടുത്തുന്ന പാതയുടെ ഭാഗമായാണ് തുറവൂർ-തൈക്കാട്ടുശ്ശേരി പാലം നിർമിക്കപ്പെട്ടത്. എന്നാൽ, ഇത് ചേർത്തല താലൂക്കിന്റെ വികസന വിപ്ലവത്തിന്റെ തുടക്കമായി മാറി.
കേരളത്തിന്റെ തീരമേഖലയെ മലനാടുമായി ബന്ധിപ്പിക്കുന്ന തുറവൂർ-പമ്പാപാത എന്ന സങ്കല്പം വികസനം കൊതിക്കുന്ന പലരും മനസ്സിൽ കൊണ്ടുനടന്ന ഒരു ആഗ്രഹമാണ്. പതിറ്റാണ്ടുകളായുള്ള ആഗ്രഹം മാറിവരുന്ന അധികാരികളോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. 2006ല്‍ അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാറിന്റെ പ്രതിനിധിയായി അരൂരില്‍നിന്ന് കന്നിവിജയം നേടി എ.എം. ആരിഫ് തന്റെ ആദ്യ സബ്മിഷനില്‍ ഉന്നയിച്ച വിഷയമാണ് തുറവൂര്‍-പമ്പ പാതക്ക് ഫണ്ട് അനുവദിക്കുന്നതിലേക്ക് എത്തിയത്.
പാത യാഥാര്‍ഥ്യമാകണമെങ്കില്‍ തൈക്കാട്ടുശ്ശേരി കായല്‍, വേമ്പനാട് കായല്‍ എന്നിവക്ക് കുറുകെ രണ്ട് പാലങ്ങള്‍ തീര്‍ക്കണം. 2015ൽ തൈക്കാട്ടുശ്ശേരി-തുറവൂർ പാലം നാട്ടുകാർക്കുവേണ്ടി തുറന്നു. തുറവൂര്‍-പമ്പാ പാതയുടെ ഭാഗമായ രണ്ടാമത്തെ പാലമായ മാക്കേക്കടവ്-നേരെകടവ് പാലംകൂടി പൂർത്തിയാകുന്നതോടെ തീരമേഖലയിലെ ജനങ്ങള്‍ക്ക് എളുപ്പമാര്‍ഗത്തില്‍ വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പാല, ഭരണങ്ങാനം, റാന്നി, പത്തനംതിട്ട, പമ്പ, ശബരിമല തുടങ്ങിയ പ്രദേശങ്ങളില്‍ എത്താന്‍ കഴിയുന്നതോടൊപ്പം മധ്യകേരളത്തിന്റെ ഹൃദയഭാഗത്തുകൂടിയുള്ള സമാന്തരപാത തെളിയുകയാണ്.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തുറവൂര്‍-പമ്പാ പാതയുടെ പൂര്‍ത്തീകരണം 100 ശതമാനവും പൂർത്തിയാകുന്നതോടെ ഗതാഗത സൗകര്യത്തിൽ മാത്രമല്ല, മലയോര തീരമേഖല ബന്ധപ്പെടുത്തുന്ന വികസന സാധ്യതകൾ പൂർണമാകുന്നതിൽ ഒതുങ്ങുന്നില്ല ഈ പാതയുടെ ലക്ഷ്യം. വിനോദസഞ്ചാരത്തിന്റെ അനന്തസാധ്യതകളാണ് ഈപാത പൂർത്തീകരിക്കുന്നതോടെ തുറക്കപ്പെടുന്നത്.
ഭരണാധികാരികൾ മനസ്സുവെച്ചാൽ കേരളത്തിലെ ഏറ്റവും മനോഹരമായ പാതയാക്കി വികസിപ്പിക്കാൻ ഈ തുറവൂർ പമ്പാപാതക്ക് കഴിയും. കടലിൽ തുടങ്ങി കായലുകളെ മറികടന്ന് മലനാട്ടിലേക്ക് എത്തുന്ന ഏകപാത കാഴ്ചകളുടെ വൈവിധ്യംകൊണ്ടും ഗ്രാമശൈലികളുടെ വൈശിഷ്ട്യം കൊണ്ടും ശ്രദ്ധേയമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.