കായംകുളം: നീലച്ചടയൻ മുതൽ മാരക മയക്കുമരുന്നായ രാസലഹരി വരെ പൂക്കുന്ന നഗരത്തിലൂടെയുള്ള സഞ്ചാരം സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന സ്ഥിതിയിലായിരിക്കുന്നു.മയക്കുമരുന്ന് അടിമകളെ കണ്ടാൽ മിണ്ടാതെ പോകുന്നതാണ് നല്ലതെന്നാണ് അവസ്ഥ. വീട്ടുവഴിയിൽ ആരെങ്കിലും വട്ടം നിന്നാൽപോലും ചോദിക്കരുത്. ഇങ്ങനെ ചോദിക്കാൻ പോയ സർക്കാർ ജീവനക്കാരന് തലനാരിഴക്കാണ് ജീവൻ തിരികെ കിട്ടിയത്. ഒരാഴ്ച മുമ്പാണ് സംഭവം.
ആലപ്പുഴ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരനായ കായംകുളം എം.എസ്.എം കോളജിന് സമീപം വലിയവീട്ടിൽ കിഴക്കതിൽ അനീസിനാണ് (37) ക്രൂരമർദനമേറ്റത്. മാതാവ് ഹലീമയുമായി (57) ബന്ധുവീട്ടിൽ പോകാനാണ് കാറിൽ ഇറങ്ങുന്നത്.വീടിന് മുന്നിലെ വഴിയിൽ നിന്നവരോട് മാറിനിൽക്കാൻ പറഞ്ഞതേ ഓർമയുള്ളൂ. കൈയിൽ കിട്ടിയ കല്ലുമായി പാഞ്ഞുവരുന്ന സംഘത്തെ കണ്ട് പുറത്തിറങ്ങിയ അനീസിനും തടയാൻ എത്തിയ മാതാവിനും മർദനമേറ്റു. ‘വെട്ടിപ്പൂളുമെന്നായിരുന്നു’ ഭീഷണി. ബഹളംകേട്ട് അയൽക്കാർ ഓടിയെത്തിയതിനാലാണ് രക്ഷയായത്.
സംഭവത്തിെൻറ നടുക്കത്തിൽനിന്ന് മാതാവ് മോചിതയായിട്ടില്ല. സംഭവത്തിൽ കൊലപാതകം, അടിപിടി, പിടിച്ചുപറി കേസുകളിൽ പ്രതിയായ പുട്ട് അജ്മൽ, കഞ്ചാവ് കേസിൽ പ്രതിയായ ത്രീഡി ഫൈസൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.ലഹരിയിൽ ബാറിന് മുന്നിൽ കൗമാരക്കാരനെ കാർ കയറ്റി കൊന്ന കേസിലെ പ്രധാന പ്രതിയാണ് അജ്മൽ. പ്രദേശവുമായി ബന്ധമില്ലാത്ത ഇവർ കോളജും പിന്നിലുള്ള പി.കെ.കെ.എസ്.എം.എച്ച്.എസ്.എസും ലക്ഷ്യമാക്കുന്ന സംഘത്തിന് ലഹരി വസ്തുക്കൾ കൈമാറാനാണ് എത്തിയതെന്ന് നാട്ടുകാർ പറയുന്നു. പിടിക്കപ്പെടുമ്പോഴും ഫൈസലിെൻറ കൈവശം കഞ്ചാവ് ശേഖരമുണ്ടായിരുന്നു. സംഘത്തിലെ മൂന്നാമനായി അന്വേഷണം ഊർജിതമാണ്.
ഇരുൾമൂടുന്ന സമയത്താണ് നഗരത്തിൽ കഞ്ചാവ് കൈമാറ്റം പ്രധാനമായും. സന്ധ്യകഴിഞ്ഞാൽ സ്കൂൾ ഗ്രൗണ്ടുകളും ഒഴിഞ്ഞ പ്രദേശങ്ങളും കഞ്ചാവ് കച്ചവടക്കാരുടെ നിയന്ത്രണത്തിലാണ്. ലഹരിയുടെ ഉന്മാദക്കാർ വ്യാപകമായതോടെ നഗരവഴികളിലെ യാത്രയും പ്രയാസകരമാകുകയാണ്.
ഗതാഗത നിയമങ്ങൾ പാലിക്കാതെയുള്ള ന്യൂജെൻ വാഹനങ്ങളിലെ സഞ്ചാരം ചോദ്യം ചെയ്താൽ ‘പണി’ ഉറപ്പാണെന്ന് നാട്ടുകാർ പറയുന്നു. കായലോരത്ത് എത്തുന്ന കൗമാരക്കാർക്ക് ലഹരി കിട്ടാൻ സുലഭമായ സംവിധാനങ്ങളാണ് നിലവിലുള്ളത്. നഗരം വിട്ടുള്ള പടിഞ്ഞാറൻ ഭാഗത്തേക്ക് പൊലീസിെൻറ കണ്ണ് എളുപ്പം എത്താറില്ലെന്നതാണ് സൗകര്യം. നീലച്ചടയൻ മുതൽ എം.ഡി.എം.എ വരെ സുലഭമാണ്. കോടികൾ ചെലവഴിച്ച് സ്ഥാപിച്ച കായലോര വിനോദസഞ്ചാര കേന്ദ്രം നിലവിൽ സാമൂഹികവിരുദ്ധരുടെ കൂടാരമാണ്. തീരപരിപാലന നിയമം കാരണം അനുമതി കിട്ടാതിരുന്നതാണ് വിനോദസഞ്ചാര കേന്ദ്രത്തിെൻറ പ്രവർത്തനത്തെ ബാധിച്ചത്. ഇത് ലഹരി മാഫിയക്കാണ് സൗകര്യമായത്.
ഹെയർ ക്ലിപ്പിലും അടിവസ്ത്രങ്ങളിലും വരെ ലഹരി കടത്തുന്ന പെൺസംഘങ്ങളും സജീവമാണ്. എം.ഡി.എം.എ കടത്തിന് നിരവധി പെൺകുട്ടികൾ പൊലീസിെൻറയും എക്സൈസിെൻറയും പിടിയിലായിരുന്നു.മുംബൈ, ഗോവ എന്നിവിടങ്ങളിൽനിന്നാണ് വൻതോതിൽ രാസലഹരി എത്തുന്നത്. അന്തർസംസ്ഥാന ബസുകളിൽ സ്ത്രീകളെ മറയാക്കിയുള്ള മയക്കുമരുന്നു കടത്ത് സജീവമാണെന്നും കണ്ടെത്തിയിരുന്നു.രാഷ്ട്രീയ ബന്ധങ്ങളുള്ള ക്വട്ടേഷൻ മാഫിയകളിലൂടെയാണ് നഗരത്തിലെ കലാലയങ്ങളിലേക്ക് ലഹരി എത്തുന്നതെന്ന ചർച്ചയും സജീവമാണ്. ലഹരിക്ക് എതിരെ കാര്യമായ ബോധവത്കരണം നടക്കാതിരിക്കാനും ഇതാണ് കാരണമെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.