ആലപ്പുഴ: ദേശീയപാതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാനും പരിഹാര നടപടികൾക്കുമായി ദേശീയപാത അതോറിറ്റി അംഗം വെങ്കിട്ട രമണയെ ഡൽഹിയിൽ നടന്ന ചർച്ചയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ചുമതലപ്പെടുത്തിയതായി കെ.സി. വേണുഗോപാൽ എം.പി. അറിയിച്ചു.
അരൂർ, തുറവൂർ, ചേർത്തല, അമ്പലപ്പുഴ, കായംകുളം, ഓച്ചിറ , കരുനാഗപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലുൾപ്പെടെ ദേശീയപാത പുനർനിർമാണവുമായി ബന്ധപ്പെട്ടുള്ള പൊതുവായ പരാതികൾ എം.പി അടക്കമുള്ളവരുമായി ബന്ധപ്പെട്ട് പരിശോധിച്ച് മന്ത്രാലയത്തിന് റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശിച്ചു.
നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രദേശവാസികളും യാത്രക്കാരും നേരിടുന്ന ഗുരുതര പ്രശ്നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കായംകുളത്ത് നിർമാണപ്രവർത്തങ്ങൾ 50 ശതമാനത്തോളം പുരോഗമിച്ചതിനാൽ നിലവിലുള്ള രൂപരേഖയില്‍ മാറ്റം വരുത്തിയാൽ റീ ടെൻഡർ ചെയ്യേണ്ടി വരും. ഇത് കാലതാമസത്തിനിടയാക്കുമെന്നതിനാൽ പ്രായോഗികമല്ലെന്ന നിലപാടാണ് യോഗത്തിൽ ദേശീയപാത ഉദ്യോഗസ്ഥർ സ്വീകരിച്ചത്.
എന്നാൽ, കായംകുളം നഗരത്തെ രണ്ടായി കീറിമുറിച്ചുള്ള നിർമാണം അംഗീകരിക്കാനാവില്ലെന്നു കെ.സി വേണുഗോപാൽ വ്യക്തമാക്കി. ജനകീയ പ്രക്ഷോഭങ്ങളും സമരങ്ങളും കായംകുളത്തു നടന്നുവരികയാണ്. ജനാഭിലാഷം കാണാതിരിക്കാനാവില്ലെന്നും പ്രദേശവാസികളുടെ പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിച്ചു മുന്നോട്ടുപോകാനാകില്ലെന്നു മന്ത്രിയെ ധരിപ്പിച്ചു.
എന്നാൽ ടെണ്ടർ ചെയ്ത ഘട്ടത്തിൽ മാറ്റങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിൽ പരിഗണിക്കാനാകുമായിരുന്നു എന്ന നിലപാടിലാണ് ദേശിയ പാത അതോറിറ്റി ഉദ്യോഗസ്ഥർ. ഉദ്യോഗസ്ഥ നിലപാട് അംഗീകരിക്കാനാവില്ലെന്നു വേണുഗോപാൽ അറിയിച്ചതോടെ ആവശ്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥനെ നിയോഗിക്കാമെന്നു മന്ത്രി അറിയിച്ചു.
കരുനാഗപ്പള്ളിയിൽ നിർമിക്കുന്ന ഉയരപ്പാതയുടെ നീളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷൻ വരെ നീട്ടുക, അമ്പലപ്പുഴയിൽ പില്ലർ എലവേറ്റഡ് ഉയരപ്പാത, ചേർത്തല അർത്തുങ്കൽ ജംഗ്ഷൻ വരെ നിർമിക്കുന്ന ഉയരപ്പാത ആഹ്വാനം ജംഗ്ഷൻ വരെ നീട്ടുക, മതിലകം ആശുപത്രി ജംഗ്ഷനിൽ ഫുട് ഓവർ ബ്രിഡ്ജ്, ചേർത്തല ആഹ്വാനം ജംഗ്ഷനിലും വല്ലയിൽ ഭാഗം, വവ്വാക്കാവ്, ഓച്ചിറ എന്നിവിടങ്ങളിലെയും ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാന്‍ അടിപ്പാത നിർമിക്കുക എന്ന ആവശ്യങ്ങളും ചർച്ചയിൽ എം.പി ഉന്നയിച്ചു. മന്ത്രാലയത്തിലേയും ദേശീയ പാത അതോറിറ്റിയിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രിയുമായുള്ള കൂടിക്കാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.