ആലപ്പുഴ: നിർമാണം പൂർത്തീകരിച്ച ജനറൽ ആശുപത്രിയിലെ ഒ.പി ബ്ലോക്ക് കെട്ടിടം വൈകാതെ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. ആർദ്രം ആരോഗ്യപദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പുതിയ ബ്ലോക്ക് തുറക്കാൻ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് വേണമായിരുന്നു. കഴിഞ്ഞദിവസം ട്രയൽറൺ നടത്തിയത് വിജയകരമായിരുന്നു. സൂപ്പർ സ്പെഷാലിറ്റി സേവനം വികേന്ദ്രീകരണമെന്ന നയത്തിന്റെ ഭാഗമായാണ് ജില്ല- ജനറൽ ആശുപത്രികളിൽ കാത്ത് ലാബ് അനുവദിച്ചത്.
ആലപ്പുഴയിൽ കാത്ത് ലാബ് സജ്ജമാക്കിയ കെട്ടിടത്തിൽ പൂപ്പൽ കണ്ടെത്തിയതോടെ സുരക്ഷിതമല്ലെന്ന് സാങ്കേതികവിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാറ്റുകയായിരുന്നു. അത് ഒരിടത്തേക്കും കൊണ്ടുപോയിട്ടില്ല. കാത്ത് ലാബ് സ്ഥാപിക്കാൻ പുതിയ കെട്ടിടം പണിയുണ്ട്.
ചൊവ്വാഴ്ച ഉച്ചക്ക് 12ന് ജനറൽ ആശുപത്രിയിലെത്തിയ മന്ത്രി സ്ത്രീകളുടെയും പുരുഷന്മാരുടെയും വാർഡ്, അസ്ഥിരോഗ വാർഡ്, മെഡിക്കൽ ലബോറട്ടറി എന്നിവിടങ്ങൾ സന്ദർശിച്ചു. രോഗികളുമായും ലാബ് സൗകര്യം സംബന്ധിച്ച് കൂട്ടിരിപ്പുകാരുമായും സംസാരിച്ചാണ് മടങ്ങിയത്. തുടർന്ന് ബീച്ചിലെ വനിത-ശിശു ആശുപത്രിയിലെത്തിയും സൗകര്യം വിലയിരുത്തി. എ.എം. ആരിഫ് എം.പി, എച്ച്. സലാം എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി എന്നിവരും ഒപ്പമുണ്ടായിരുന്നു.
ചേർത്തല താലൂക്ക് ആശുപത്രി മാറ്റത്തിന്റെ പാതയിലാണെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. പുതിയ ബ്ലോക്കിന്റെ നിർമാണം 2024 ജൂലൈയിൽ പൂർത്തിയാക്കാൻ നിർദേശം നൽകി.
തുറവൂർ താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടസമുച്ചയത്തിന്റെ നിർമാണം ഡിസംബറിൽ പൂർത്തിയാക്കും. ജീവനക്കാരുടെ കുറവ് പരിഹരിക്കും.
കായംകുളം താലൂക്ക് ആശുപത്രിയിലെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സമയബന്ധിതമായി പൂർത്തിയാക്കാനും നിർദേശിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ‘ആർദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി കായംകുളം താലൂക്ക് ആശുപത്രി സന്ദർശിക്കുകയായിരുന്നു മന്ത്രി.
ആശുപത്രിയിലേക്കുള്ള റോഡ് നിർമാണം, വൈദ്യുതി ബന്ധത്തിലെ പ്രശ്നങ്ങൾ എന്നിവ ഉടൻ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിലെ വാർഡുകളും മന്ത്രി സന്ദർശിച്ചു.
നൂറനാട് ലെപ്രസി സാനറ്റോറിയം ആശുപത്രിയിൽ ആരംഭിക്കുന്ന സർക്കാർ നിയന്ത്രണത്തിലുള്ള നഴ്സിങ് കോളജിന്റെ പ്രവർത്തനം മന്ത്രി വീണ ജോർജ് വിലയിരുത്തി. സാനറ്റോറിയത്തിൽ നിർമാണം പൂർത്തിയായ പുതിയ ആശുപത്രിക്കെട്ടിടത്തിലാണ് നഴ്സിങ് കോളജ് ആരംഭിക്കുന്നത്. എം.എസ്. അരുൺകുമാർ എം.എൽ.എക്കൊപ്പമാണ് മന്ത്രി എത്തിയത്.
കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായാണ് നഴ്സിങ് മേഖലയിൽ ഇത്രയുമധികം സീറ്റുകൾ ഒരുമിച്ച് സംസ്ഥാനത്ത് വരുന്നത്.
പരമാവധി അവസരങ്ങൾ നമ്മുടെ സംസ്ഥാനത്ത് തന്നെ സൃഷ്ടിക്കുന്നതിനുള്ള സർക്കാറിന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.