പാർക്കിൽ നിന്ന്​ ലഭിച്ച മദ്യക്കുപ്പികൾ ​നാട്ടുകാർ പ്രദർശിപ്പിച്ചപ്പോൾ

കുട്ടികൾക്ക് ഉപകാരപ്പെടാതെ തോട്ടപ്പള്ളിയിലെ പാർക്ക്

തൃക്കുന്നപ്പുഴ: ലക്ഷങ്ങൾ ചെലവഴിച്ച് തോട്ടപ്പള്ളി പൊഴിമുഖത്തിന് സമീപം സ്ഥാപിച്ച കുട്ടികളുടെ പാർക്ക് ഉപകാരപ്പെടുന്നത് മദ്യപർക്കും സാമൂഹിക വിരുദ്ധർക്കും. ആലപ്പുഴ മെഗാ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 1.4 കോടി മുടക്കി തോട്ടപ്പള്ളി-തൃക്കുന്നപ്പുഴ തീരദേശ റോഡിന് അരികിൽ 2017ൽ സ്ഥാപിച്ച പാർക്ക്, വിനോദസഞ്ചാര സാധ്യതകൾ മുന്നിൽക്കണ്ടിരുന്നു. കിറ്റ്‌കോക്കായിരുന്നു നിർമാണച്ചുമതല.

50 സെന്‍റ് സ്ഥലം ഉപയോഗപ്പെടുത്തി 35 മീറ്റർ വീതിയിലും 80 മീറ്റർ നീളത്തിലും നിർമിച്ച പാർക്ക് കളിസ്ഥലവും വിശ്രമകേന്ദ്രവും ഭക്ഷണശാലയും പാർക്കിങ് സ്ഥലവും ഉൾപ്പെട്ടതായിരുന്നു. അധികാരികളുടെ കെടുകാര്യസ്ഥലമൂലം പാർക്കിന്‍റെ സ്ഥിതി ശോചനീയമാണ്. നൂറുകണക്കിനു കുട്ടികളും വിനോദസഞ്ചാരികളുമായിരുന്നു ആരംഭകാലത്ത് എത്തിയിരുന്നു. പാർക്കിലെ സാമഗ്രികളെല്ലാം നശിച്ചതോടെ കുട്ടികളും കുടുംബവും ഇപ്പോൾ നിരാശരായി മടങ്ങുകയാണ്. എന്നാൽ, സാമൂഹിക വിരുദ്ധരാണ് പാർക്ക് ഉപയോഗപ്പെടുത്തുന്നത്. 100 മീറ്റർ അകലെയുള്ള മദ്യവിൽപന ശാലയിൽനിന്ന് മദ്യം വാങ്ങുന്ന പലരും കുടിക്കാനായി പാർക്കിലെത്തുന്നു. അടുത്തിടെ പാർക്കിലെ പുല്ലുവെട്ടി വൃത്തിയാക്കിയപ്പോൾ ലഭിച്ച നൂറുകണക്കിന് ഒഴിഞ്ഞ മദ്യക്കുപ്പികൾ നാട്ടുകാർ പ്രദർശിപ്പിച്ചിരുന്നു. തോട്ടപ്പള്ളിയിൽ നടക്കുന്ന കരിമണൽ ഖനനം പാർക്കിന്‍റെ നിലനിൽപിന് തന്നെ ഭീഷണി ഉയർത്തുന്നുണ്ട്.

തീരപരിപാലന നിയമത്തിന്‍റെ പരിധിയിൽ വരുന്നതിനാൽ പാർക്കിലെ കെട്ടിടങ്ങൾക്ക് പുറക്കാട് പഞ്ചായത്ത് നമ്പറിട്ട് നൽകിയിട്ടില്ല. ഇതുമൂലം കെട്ടിടങ്ങൾക്ക് വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല. ടൂറിസം പദ്ധതികൾക്കുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് തീരപരിപാലന അതോറിറ്റിയുടെ പ്രത്യേക അനുമതി വാങ്ങേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇളവ് അനുവദിക്കാൻ ഡി.ടി.പി.സി നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കുന്നതിൽ ടൂറിസം വകുപ്പ് കാട്ടുന്ന അനാസ്ഥയാണ് പാർക്കിന്‍റെ മുന്നോട്ടുള്ള പോക്കിന് തടസ്സമെന്ന് ആക്ഷേപമുണ്ട്. രേഖകൾ ഹാജരാക്കിയാൽ ഉടൻ നമ്പർ അനുവദിക്കുമെന്നാണ് പുറക്കാട് പഞ്ചായത്ത് വ്യക്തമാക്കുന്നത്.

നിയമപ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ പാർക്ക് ഔദ്യോഗികമായി തുറന്നുകൊടുത്തിട്ടില്ല. പാർക്ക് പഞ്ചായത്തിനു വിട്ടുകിട്ടാൻ സർക്കാറിനും കലക്ടർക്കും വിനോദസഞ്ചാര വകുപ്പിനും പുറക്കാട് പഞ്ചായത്ത് കത്ത് നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. കടലും കായലും സംഗമിക്കുന്ന ഇവിടെ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച പാർക്ക് സംരക്ഷിച്ച് നിലനിർത്തേണ്ടത് അവശ്യകതയാണെങ്കിലും അധികാരികളുടെ കെടുകാര്യസ്ഥത മൂലം കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി സ്ഥാപിച്ച പദ്ധതി ലക്ഷ്യം കാണാതെ പോകുകയാണ്.

Tags:    
News Summary - The park in Thottapalli is not useful for children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.