മാന്നാർ: ചെന്നിത്തല തെക്ക് ചിത്തിരപുരത്തുനിന്ന് മറ്റം മഹാദേവ ക്ഷേത്രത്തിലേക്കുള്ള കെട്ടുകാഴ്ചകളുടെ യാത്ര സുഗമമാക്കാൻ വൈദ്യുതി തൂണുകൾ, ലൈനുകൾ എന്നിവ പുനഃക്രമീകരിക്കണമെന്ന ആവശ്യത്തിന് നവകേരള സദസ്സ് പച്ചക്കൊടി കാട്ടിയെങ്കിലും ഫണ്ടിനായുള്ള കാത്തിരിപ്പിലാണ് പ്രദേശവാസികൾ.
ചെന്നിത്തല-തൃപ്പെരുംന്തുറ ഗ്രാമപഞ്ചായത്തിലെ 18ാം വാർഡിലെ ചിത്തിരപുരത്തുനിന്നും മറ്റം മഹാദേവ ക്ഷേത്രത്തിലേക്ക് പുറപ്പെടുന്ന കെട്ടുകാഴ്ചകൾ രണ്ടരകിലോമീറ്റർ ഇടുങ്ങിയ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്.
വീതികുറഞ്ഞ വഴിയായതിനാൽ ഏകദേശം 1.5 കി.മീ. വരുന്ന ഹൈടെൻഷനും ബാക്കിയുള്ളത് ലോടെൻഷൻ ലൈനുകളുമാണുള്ളത്. ഇതെല്ലം അഴിച്ചുമാറ്റുകയും പിന്നീട് കെട്ടുകാഴ്ചകൾ നീങ്ങി അമ്പലത്തിൽകയറിയ ശേഷം പുനഃസ്ഥാപിക്കുകയും ചെയ്യുമ്പോൾ നേരം വൈകുകയും സുരക്ഷ നടപടികൾ പാലിക്കാൻ കഴിയാത്ത സാഹചര്യവുമാണുള്ളത്. 250ഓളം വീടുകളുള്ള ഈ വഴിയിൽ 11 കെ.വി, ലോ ടെൻഷൻ ലൈനുകൾ രാത്രി വൈകി വരെയും ഓഫ് ചെയ്തിടുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതിനാൽ ലൈനുകൾ ഒരു വശത്തേക്കാക്കി ഉയരം കൂടിയ പോസ്റ്റുകൾ സ്ഥാപിച്ച് ഇൻസുലേറ്റഡ് കണ്ടക്ടർ സ്ഥാപിക്കണമെന്ന് ഒമ്പതാം നമ്പർ ചിത്തിരപുരം കരയോഗത്തിനു വേണ്ടി സെക്രട്ടറി കെ. ഗംഗാധരൻ നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്.
സ്ഥലം എം.എൽ.എയും മന്ത്രിയുമായ സജി ചെറിയാന് നിവേദനം നൽകിയിട്ടുണ്ടെന്നും കരയോഗം ഭാരവാഹികളായ കെ. ഗംഗാധരൻ, സി. പ്രദീപ്, കെ. സജീവ്, ജനകീയസമിതി അംഗങ്ങളായ മോഹനൻ ജി. പടകത്തിൽ, സുഭാഷ് കിണറുവിളയിൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.