ആറാട്ടുപുഴ: റമദാൻ ആരംഭിക്കുമ്പോൾ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമേകി വീട്ടുപടിക്കൽ സ്നേഹസമ്മാനം എത്തും. കഴിഞ്ഞ ആറുവർഷമായി ഈ പതിവ് തെറ്റിയിട്ടില്ല. നോമ്പുകാലം അല്ലലില്ലാതെ കഴിഞ്ഞുപോകാനുള്ള വിഭവങ്ങളാകും ആ പൊതിയിലുണ്ടാവുക. പാനൂരിലെ കുമ്പളത്ത് കുടുംബമാണ് ഈ കാരുണ്യ പ്രവർത്തനത്തിന് പിന്നിൽ.
റാസൽഖൈമയിൽ ബിസിനസ് നടത്തുന്ന പ്രമുഖ പ്രവാസി മലയാളിയും രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക- ജീവകാരുണ്യ മേഖലകളിൽ സജീവസാന്നിധ്യവുമായ കുമ്പളത്ത് സൈനുൽ ആബിദീന്റെ (എസ്.എ. സലിം) നേതൃത്വത്തിൽ മക്കളും ബന്ധുക്കളും ചേർന്ന് ആറുവർഷം മുമ്പാണ് പാനൂർ മഹല്ലിലെയും തൃക്കുന്നപ്പുഴ, പല്ലന പ്രദേശങ്ങളിലെയും 1000 കുടുംബങ്ങൾക്ക് 2000 രൂപ വിലവരുന്ന നോമ്പുതുറ വിഭവങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു തുടങ്ങിയത്.
അർഹതപ്പെട്ടവർ ഏറിയതോടെ കിറ്റിന്റെ എണ്ണം 1500 ആയി ഉയർന്നു. റമദാൻ തുടങ്ങുമ്പോൾതന്നെ തെരഞ്ഞെടുത്ത വീടുകളുടെ പടിക്കൽ കിറ്റുകൾ എത്തിക്കും. അരി, അരിപ്പൊടി പഞ്ചസാര, തേയില, പൊടിയരി, പലവ്യഞ്ജനങ്ങൾ, വെളിച്ചെണ്ണ, ഈത്തപ്പഴം തുടങ്ങി നോമ്പുതുറ വിഭവങ്ങൾക്ക് ആവശ്യം വേണ്ട 17 ഇനം സാധനങ്ങൾ കിറ്റിൽ ഉണ്ടാവും. സഹോദര സമുദായങ്ങളിൽപെട്ട 100 നിർധന കുടുംബങ്ങൾക്ക് പ്രത്യേകം ഭക്ഷണ കിറ്റുകൾ ഇതോടൊപ്പം നൽകാറുണ്ട്.
കൂടാതെ വിവിധ പള്ളികളിലും സ്ഥാപനങ്ങളിലും നോമ്പുതുറക്കുള്ള വിഭവങ്ങൾക്ക് എത്തിക്കുന്നു. 40 ലക്ഷത്തോളം ചെലവഴിച്ചാണ് കുമ്പളത്ത് കുടുംബം റമദാനിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.