ആലപ്പുഴ: ശ്വാസകോശ രോഗികൾക്ക് ആശ്വാസമാകാൻ തുറന്ന 'ശ്വാസ് ക്ലിനിക്കുകളിൽ മരുന്നില്ല. നൂറുകണക്കിന് രോഗികളാണ് ദുരിതത്തിലായത്. ജനറൽ ആശുപത്രി കൂടാതെ മറ്റ് ചില കുടുംബാരോഗ്യ കേന്ദ്രങ്ങിലും ശ്വാസ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് മന്ത്രി കെ.കെ. ഷൈലജ മുൻകൈ എടുത്താണ് ആസ്ത്മ രോഗികൾക്കും സി.ഒ.പി.ഡി (ക്രോണിക് ഒബ്സ്ട്രക്റ്റിവ് പൺമണറി ഡിസീസ്) രോഗികൾക്കും ആശ്വാസം നൽകാൻ ക്ലിനിക്കുകൾ തുറന്നത്. പ്രധാനമായും ശ്വാസതടസ്സം നേരിടുന്നവർക്ക് രണ്ടുതരം ഇൻഹേലറുകളാണ് നൽകുന്നത്. ഇതൊന്നും ഇപ്പോൾ ക്ലിനിക്കിൽ ലഭിക്കുന്നില്ല. കടുത്ത ശ്വാസതടസ്സവുമായി ദൂരസ്ഥലങ്ങിൽനിന്ന് എത്തുന്ന രോഗികൾ ക്ലിനിക്കുകൾക്ക് മുന്നിൽ ഇരിക്കുന്ന കാഴ്ച ദയനീയമാണ്. മഴക്കാലമായതോടെ ശ്വാസകോശ രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. കുട്ടനാട്ടിൽനിന്നുള്ള പാവപ്പെട്ടവർ കഷ്ടപ്പാടുകൾ സഹിച്ചാണ് ആശുപത്രിയിൽ എത്തുന്നത്. സംസ്ഥാന വ്യാപകമായി അനുഭവപ്പെടുന്ന മരുന്ന് ക്ഷാമത്തിന്റെ ഭാഗമാണ് ശ്വാസ് ക്ലിനിക്കിലെയും മരുന്ന് ക്ഷാമം. പതിവായി മാനസികരോഗത്തിന് മരുന്ന് കഴിക്കുന്നവരും ഇപ്പോൾ മെഡിക്കൽ കോളജിൽനിന്ന് മരുന്ന് കിട്ടാതെ വലയുകയാണ്. പുറത്തുനിന്ന് വാങ്ങണമെങ്കിൽ ഇവർ കഴിക്കുന്ന പല മരുന്നിനും വലിയ വില നൽകേണ്ടിവരും. മെഡിക്കൽ കോളജ് ആശുപത്രിയിൽ ന്യൂറോ വിഭാഗത്തിൽ ചികിത്സ തേടുന്നവർക്കും ഡോക്റ്റർമാർ എുതുന്ന മരുന്നൊന്നും ഫാർമസിയിൽനിന്ന് ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. നിസ്സാര വിലയുള്ള പാരാസെറ്റമോൾ, സാൽബൊട്ടാ മോൾ, സലൈൻ തുടങ്ങിയ അവശ്യമരുന്നുകളോ വേദന സംഹാരികളോ പോലും ആശുപത്രിയിൽ ലഭ്യമല്ലാത്ത സാഹചര്യവും പലപ്പോഴും ഉണ്ടാകുന്നു.
സർക്കാറിന്റെ കാരുണ്യയിലും ഭൂരിഭാഗം മരുന്നുകളും ലഭ്യമല്ല. കാൻസർ, വൃക്ക രോഗികൾക്കാവശ്യമായ അവശ്യമരുന്നുകൾ ആശുപ്രതിയിൽ ഇല്ലാത്തതിനാൽ കൂടിയ നിരക്കിൽ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽനിന്നാണ് രോഗികൾ വാങ്ങുന്നത്. ആശുപത്രിയിലേക്ക് മരുന്നുവിതരണം ചെയ്യുന്ന മെഡിക്കൽ സർവിസ് കോർപറേഷന് മരുന്ന് വാങ്ങിയ ഇനത്തിൽ കോടികൾ നൽകാനുള്ളതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. എന്നാൽ, ഇതൊന്നും തുറന്ന് സമ്മതിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ തയാറല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.