ആറാട്ടുപുഴ: തീരവാസികൾ ദിവസങ്ങളായി അനുഭവിക്കുന്ന കടൽക്ഷോഭത്തിന് വെള്ളിയാഴ്ചയും ശമനമില്ല. ശക്തമായ തിരമാലകൾ അടിച്ചുകയറുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു.
ആറാട്ടുപുഴ പെരുമ്പള്ളി ഭാഗത്ത് തീരദേശ റോഡിന്റെ അപകടാവസ്ഥ ഏറുകയാണ്. ഇവിടെ ജിയോ ബാഗിൽ മണൽ നിറച്ച് തീരം സംരക്ഷിക്കാനുള്ള നടപടി ആരംഭിച്ചെങ്കിലും തിരമാല ശക്തമായി കരയിലേക്ക് അടിച്ചുകയറുന്നതിനാൽ മണൽ നിറക്കുന്നതിന് പ്രയാസം നേരിടുന്നു. രാമഞ്ചേരി ഭാഗത്തെ പുലിമുട്ടുകൾ ചുറ്റുമുള്ള കര കടലെടുത്തതുമൂലം ഒറ്റപ്പെട്ട നിലയിലാണ്. ഇവിടെ വൻതോതിലാണ് തീരം കടൽ എടുക്കുന്നത്.
റോഡുകൾ വഴിയാണ് ഇരച്ചെത്തുന്ന കടൽവെള്ളം അധികവും കിഴക്കോട്ട് ഒഴുകുന്നത്.
തീരത്തുനിന്നും അകലെ താമസിക്കുന്ന വീടുകളെ പോലും ഇത് ഗുരുതരമായി ബാധിച്ചു. എ.സി പള്ളി ജങ്ഷൻ, എം.ഇ.എസ് ജങ്ഷൻ മുതൽ വടക്കോട്ട് കാർത്തിക ജങ്ഷൻ വരെ ഭാഗത്ത് റോഡ് മണ്ണിനടിയിലായി. റോഡിൽ വീണ മണൽ നാട്ടുകാർ നീക്കുന്നതിനാലാണ് ഗതാഗതം സാധ്യമാകുന്നത്. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പാനൂരിന്റെ വിവിധ ഭാഗങ്ങളിൽ കടൽക്ഷോഭം ദുരിതം വിതക്കുന്നു. അതിനിടെ, പെരുമ്പള്ളി തീരം ജിയോബാഗ് അടുക്കി സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. ഒരാഴ്ച മുമ്പ് ചാക്ക് നിറക്കുന്ന പണി ആരംഭിച്ചെങ്കിലും പാതിവഴിയിൽ മുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.