വേ​ളാ​ര്‍കോ​ണം പാ​ട​ശേ​ഖ​രം വ​റ്റി​ക്കാ​ൻ മോ​ട്ടോ​റും പെ​ട്ടി​യും പ​റ​യു​മാ​യി പോ​കു​ന്ന ക​ര്‍ഷ​ക​ര്‍

കൃഷിനാശമില്ലാത്ത സീസണില്ല; മൂന്ന് ദിവസത്തിനിടെ മുങ്ങിയത് 1183 ഏക്കർ

ആലപ്പുഴ: മഴ പെയ്തിറങ്ങുമ്പോൾ മാത്രമല്ല മഴക്ക് ശേഷമുള്ള കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമാകുന്നതോടെയും കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ മട വീഴ്ച പതിവാണ്. ഒരു സീസണും കർഷകർക്ക് നഷ്ടം വരുത്താതെ കടന്നുപോകുന്നില്ല. കുട്ടനാട്ടിൽ രണ്ട് പാടശേഖരങ്ങളിലായി മൂന്ന് ദിവസത്തിനിടെ മടവീണ് 1183 ഏക്കർ നെൽകൃഷിയാണ് നശിച്ചത്.

കുട്ടനാട്ടിൽ രണ്ടാംകൃഷി ഇറക്കിയ പല പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിലാണ്. പുറംബണ്ട് ബലപ്പെടുത്താൻ കാര്യമായ പ്രവർത്തനമൊന്നും നടക്കുന്നില്ലെന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. നെടുമുടി പൊങ്ങപാടശേഖരത്തിൽ തായിപ്പള്ളി നാൽപതിൽച്ചിറ ഭാഗത്ത് പുറംബണ്ടിൽ അള്ള് രൂപപ്പെട്ടിട്ടുണ്ട്.

രണ്ടാഴ്ച മുമ്പാണ് ഇവിടെ വിത നടന്നത്. കഴിഞ്ഞ വർഷവും ഇവിടെ മടവീണിരുന്നു. വെള്ളത്തിന്റെ വരവ് ശക്തമായി തുടരുന്നതിനാൽ കൈനകരി കൃഷിഭവൻ പരിധിയിലെ ആറുപങ്ക്, ചെറുകാലി കായൽ എന്നിവിടങ്ങളിലും മടവീഴുമെന്ന ഭീതിയുണ്ട്. കക്കി ഡാം തുറക്കുന്നതോടെ ജലനിരപ്പ് ഉയരാനാണ് സാധ്യതയെന്നത് ഭീതി വർധിപ്പിക്കുന്നു.

മടവീണ് ചമ്പക്കുളത്തെ രണ്ട് വീടുകൾ ഞായറാഴ്ച രാത്രി തകർന്നു. പുറംബണ്ടിൽ താമസിക്കുന്ന മുപ്പത്തിയഞ്ചിൽ വീട്ടിൽ ജയൻ, നൂറുപറച്ചിറ ഓമനക്കുട്ടൻ എന്നിവരുടെ വീടുകളാണ് തകർന്നത്. ജയന്റെ വീട് പൂർണമായും വെള്ളത്തിൽ മുങ്ങി. പുലർച്ച ആറ് മണിയോടെയാണ് ചമ്പക്കുളം പഞ്ചായത്ത് നാലാം വാർഡിലെ തെക്കേക്കര മൂലംപള്ളിക്കാട് പാടശേഖരത്തിൽ മടവീണത്. പാടത്തോട് ചേർന്നുള്ള നൂറുപറച്ചിറ ഓമനക്കുട്ടന്റെ വീട് വെള്ളപ്പാച്ചിലിൽ തകർന്നു.

ശനിയാഴ്ച രാത്രി ബണ്ടിൽ അള്ള് വീണയുടനെ നാട്ടുകാരും വാർഡ് മെംബറും മുൻകൈ എടുത്ത് ഇവരെ മാറ്റിപ്പാർപ്പിച്ചിരുന്നു. സിമന്റ് കട്ടകൊണ്ട് കെട്ടിയ വീട്ടിലെ മുഴുവൻ സാധനങ്ങളും നഷ്ടപ്പെട്ടെന്ന് ഓമനക്കുട്ടൻ പറഞ്ഞു. സഹോദരന്റെ വീട്ടിലാണ് താമസിക്കുന്നത്. 160 ഏക്കർ വരുന്ന പാടത്ത് രണ്ടാം കൃഷിക്കായി നിലം ഒരുക്കൽ പൂർത്തിയായപ്പോഴാണ് മടവീഴ്ച.

പഞ്ചായത്ത് ഒമ്പതാം വാർഡിൽ ആറുന്നൂറ് ചക്കംകരി പാടത്ത് ശനിയാഴ്ച രാത്രി ഒമ്പതരയയോടെയാണ് മടവീണത്. ശക്തമായ വെള്ളപ്പാച്ചിലിൽ സമീപത്തെ ജയകുമാറിന്റെ വീടിന്റെ അടിത്തറ ഇളകി ഒരു ഭാഗത്തേക്ക് ചരിഞ്ഞു. ഭാര്യ കവിതയുമായി ജയൻ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിരുന്നു. സാധന സാമഗ്രികളെല്ലാം നശിച്ചു. വീട് എത് നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. 155 ഏക്കർ വരുന്ന പാടത്ത് രണ്ടാം കൃഷി ഇറക്കിയിട്ട് 45 ദിവസമേ ആയിട്ടുള്ളൂ. മടവീണതോടെ 88 കർഷകർ ചേർന്നിറക്കിയ കൃഷി പൂർണമായും വെള്ളത്തിലായി.

മടവീണിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്ന്

അമ്പലപ്പുഴ: മടവീണ പാടശേഖരത്തിലെ കൃഷി സംരക്ഷിക്കാന്‍ കര്‍ഷകര്‍ തിരക്കിട്ട് ശ്രമിക്കുമ്പോള്‍ അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപം ശക്തം. തകഴി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ വേളാര്‍കോണം പാടശേഖരത്തിലാണ് കഴിഞ്ഞ ശനിയാഴ്ച മടവീണ് വെള്ളം കയറിയത്.

പുലര്‍ച്ച ഒന്നരയോടെ മടവീണതറിഞ്ഞ് പാടശേഖര സമിതി സെക്രട്ടറി മനോജിന്‍റെ നേതൃത്വത്തിലുള്ള കര്‍ഷകരും തൊഴിലാളികളും ചേര്‍ന്ന് പുനർ നിർമാണത്തിനുള്ള ശ്രമം തുടരുമ്പോൾ തകഴിയില്‍നിന്ന് അസി. കൃഷി ഓഫിസറും പഞ്ചായത്ത് അംഗവുമെത്തി വിവരങ്ങള്‍ തിരക്കി മടങ്ങിയെന്നാണ് ആക്ഷേപം. നിലവില്‍ രണ്ട് ലക്ഷം രൂപയോളം ചെലവഴിച്ചിട്ടും ബണ്ട് പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാനായിട്ടില്ല.

ഇനിയും ലക്ഷങ്ങള്‍ ആവശ്യമായി വരും. ഇതിനുശേഷം വേണം വെള്ളം വറ്റിക്കാന്‍. മോട്ടോര്‍തറ വെള്ളത്തില്‍ മുങ്ങിയതിനാല്‍ മറ്റൊരു മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കേണ്ടിവരും. ഇതിന് 40 എച്ച്.പിയുടെ മോട്ടോര്‍ വാടകക്കെടുത്തിരിക്കുകയാണ്. ഇതിന്‍റെ പെട്ടിയും പറയും സ്ഥാപിക്കാനുള്ള ശ്രമവും ബണ്ട് പുനര്‍നിർമാണത്തിനൊപ്പം നടത്തിവരുകയാണ്. 82 ഏക്കറുള്ള പാടശേഖരത്തില്‍ ചെറുകിട കര്‍ഷകരാണ് കൃഷി ചെയ്യുന്നത്.

പാടശേഖര സമിതി സെക്രട്ടറിയും കര്‍ഷകരില്‍ ചിലരും ചേര്‍ന്നാണ് നിലവിലുള്ള ചെലവുകള്‍ വഹിക്കുന്നത്. വേരുകള്‍ ചീയുന്നതിന് മുമ്പായി വെള്ളം വറ്റിച്ചില്ലെങ്കില്‍ 50 ദിവസമായ നെല്‍ച്ചെടികള്‍ നശിക്കും. എന്നാല്‍, സര്‍ക്കാര്‍ ധനസഹായം ലഭിച്ചില്ലെങ്കില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ട സാഹചര്യമാണ്. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് അടിയന്തര സഹായം അനുവദിച്ചതായി കൃഷി വകുപ്പ് പ്രഖ്യാപനം നടത്തിയെങ്കിലും നടപടിയൊന്നുമായിട്ടില്ല.

Tags:    
News Summary - There is no season without crop failure; 1183 acres submerged in three days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.