പാണാവള്ളി: ദുരിതക്കായൽ താണ്ടിയാലും അഞ്ചുതുരുത്തിലെ വോട്ടർമാർക്ക് പോളിങ് ബൂത്തിൽ എത്താൻ പിന്നെയും ഏറെ നടക്കണം. പൊളിച്ചിട്ട റോഡിലൂടെ രണ്ട് കിലോമീറ്റർ. പാണാവള്ളി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ഉൾപ്പെട്ടതാണ് അഞ്ചു തുരുത്തെന്ന കായൽ ദ്വീപുകൾ.
തുരുത്തുനിവാസികളുടെ ദുരിതം രാഷ്ട്രീയക്കാർ അറിയുന്നത് തെരഞ്ഞെടുപ്പ് കാലത്ത് മാത്രം. വോട്ട് ചെയ്യണമെങ്കിൽ അവർക്ക് െപടാപ്പാട് തന്നെ. അക്കര എത്താൻ പായൽ നിറഞ്ഞ കായലിലൂടെ വള്ളത്തിൽ യാത്ര ചെയ്യണം. അതിനു തോണിക്കാർ സഹായിച്ചാൽ മാത്രമേ കഴിയൂ.
ബ്ലോക്ക് ഓഫിസിലാണ് പോളിങ് സ്റ്റേഷൻ. തുരുത്തിലുള്ളവർ അവിടെ എത്താൻ പിന്നെയും രണ്ട് കിലോമീറ്റർ നടക്കണം. പ്രായമായവരും സുഖമില്ലാത്തവരും വോട്ട് ചെയ്യണമെങ്കിൽ വാഹന സൗകര്യം വേണ്ടിവരും.
പൊളിച്ചിട്ടിരിക്കുന്ന റോഡിലൂടെ കാൽനടപോലും അസാധ്യം. അഞ്ചുതുരുത്തിൽ ഇരുനൂറോളം വോട്ടുകളുണ്ട്.
അഞ്ചു തുരുത്തിൽ ഒരു പോളിങ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അധികാരത്തിൽ ആരുവന്നാലും തങ്ങളുടെ പ്രശ്നങ്ങളോട് മുഖംതിരിയരുതെന്ന് മാത്രമാണ് തുരുത്തുകാരുടെ അഭ്യർഥന.
അടുത്ത തെരഞ്ഞെടുപ്പ് കാലത്തെങ്കിലും അഞ്ചുതുരുത്തിൽ ബൂത്ത് അനുവദിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.