ആറാട്ടുപുഴ: സൂനാമി ദുരന്തത്തിന് തിങ്കളാഴ്ച 18 ആണ്ട് തികയുമ്പോൾ വേദനയുടെയും വഞ്ചനയുടെയും ഉണങ്ങാത്ത മുറിപ്പാടുകളുമായി കഴിയുകയാണ് ആറാട്ടുപുഴ ഗ്രാമവാസികൾ. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരുടെ ഹൃദയനൊമ്പരങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. സൂനാമി ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾ വെറും ചടങ്ങായി മാറിയകാലത്ത് നെരിപ്പോട് കണക്കെ നീറുന്ന നെഞ്ചുമായി ദുരന്തം കവർന്നെടുത്ത ജീവന്റെയും ജീവിതത്തിന്റെയും കണ്ണീർ ഓർമകൾ ആറാട്ടുപുഴ ഗ്രാമം തിങ്കളാഴ്ച അനുസ്മരിക്കും. ജീവൻ പൊലിഞ്ഞവർക്കായി പ്രാർഥനകൾ അർപ്പിക്കും. 2004 ഡിസംബർ 26നാണ് സൂനാമി ദുരന്തമുണ്ടായത്.
സ്ത്രീകളും കുട്ടികളുമടക്കം 29 മനുഷ്യജീവനാണ് തീരവാസികൾക്ക് കേട്ടുകേൾവിപോലുമില്ലാതിരുന്ന സൂനാമിയെന്ന കടൽദുരന്തത്തിൽ ആറാട്ടുപുഴയിൽ മാത്രം പൊലിഞ്ഞത്. ചേർത്തല അന്ധകാരനഴിയിൽ ഏഴുപേരും മരിച്ചു. കാലങ്ങളായി കടലാക്രമണത്തിന്റെ നിത്യദുരിതം പേറുന്ന ആറാട്ടുപുഴ ഗ്രാമത്തിന് സൂനാമി വരുത്തിവെച്ച ആഘാതം വളരെവലുതാണ്. നൂറുകണക്കിന് വീടുകൾ തകർന്നടിഞ്ഞു. മത്സ്യത്തൊഴിലാളികളും കയർതൊഴിലാളികളുമായ നൂറുകണക്കിന് പാവങ്ങളുടെ ജീവിത സമ്പാദ്യങ്ങൾ മുഴുവൻ കടലെടുത്തു. ഉറ്റവരും ഉടയവരും മക്കളും നഷ്ടപ്പെട്ട പലർക്കും നികത്താനാകാത്ത നഷ്ടമാണ് ദുരന്തം വരുത്തിവെച്ചത്. ഒന്നരപ്പതിറ്റാണ്ട് കഴിഞ്ഞിട്ടും കണ്ണീർ തോരാത്ത നിരവധി കുടുംബങ്ങൾ ഇപ്പോഴും തീരത്തുണ്ട്.
പഞ്ചായത്തിന്റെ തെക്കൻ പ്രദേശങ്ങളായ പെരുമ്പള്ളി, തറയിൽകടവ്, വലിയഴീക്കൽ എന്നീ പ്രദേശങ്ങളാണ് തകർന്നടിഞ്ഞത്.ദുരന്തഭൂമിയുടെ പുനർനിർമാണത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തിയ കോടികൾ പാഴാക്കിക്കളഞ്ഞതിന്റെ നേർചിത്രങ്ങൾ ഈ തീരഗ്രാമത്തിൽ അങ്ങോളമിങ്ങോളമുണ്ട്. ആവശ്യത്തിലേറെ പണം ഉണ്ടായിട്ടും അടിസ്ഥാന സൗകര്യം പോലും മെച്ചപ്പെടുത്താൻ കഴിയാതെ പാളിപ്പോയ സൂനാമി പുനരധിവാസ പദ്ധതികൾ മാത്രം മതി ദുരന്തബാധിതരോട് അധികാരികൾ കാട്ടിയ ക്രൂരത വെളിവാകാൻ.
മാറി ഭരിച്ച ഭരണകൂടങ്ങളും ഇതിന് ഉത്തരവാദികളാണ്.ദുരന്തമുണ്ടായി 18 ആണ്ട് പിന്നിടുമ്പോൾ അധികാരികൾ തങ്ങളോട് കാട്ടിയ വഞ്ചന സൂനാമി ഉണ്ടാക്കിയതിനെക്കാൾ വലിയ വേദനയാണ് ഉണ്ടാക്കിയതെന്ന് തീരവാസികൾ പറയുന്നു. തീരത്ത് പൂർത്തിയാകാത്ത പുനരധിവാസ പദ്ധതികളും സൂനാമി കോളനികളിലെ ദുരിതജീവിതങ്ങളും തീരഗ്രാമത്തിന്റെ ശോച്യാവസ്ഥയും അവർ ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു. ദുരന്തത്തിന്റെ കെടുതികൾ ഏറ്റുവാങ്ങേണ്ടിവന്ന ആറാട്ടുപുഴ ഗ്രാമത്തിന്റെ പുനർനിർമാണം ലക്ഷ്യമാക്കി പ്രഖ്യാപിച്ച പദ്ധതികൾ ഏറെയും ഒന്നരപ്പതിറ്റാണ്ട് പിന്നിടുമ്പോഴും പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. ദുരന്തം ഏറ്റുവാങ്ങിയ ജനതക്ക് ആശ്വാസമാകേണ്ട കോടികളാണ് ഭരണകൂടത്തിന്റെ പിടിപ്പുകേട് മൂലം പാഴായത്. നഷ്ടപ്പെട്ടുപോയ ജീവനൊഴിച്ച് ബാക്കിയെല്ലാം തിരികെ നൽകുമെന്നും അതിന് പണമൊരു തടസ്സമാകില്ലെന്നുമായിരുന്നു ഭരണാധികാരികൾ ജനങ്ങൾക്ക് നൽകിയ ഉറപ്പ്. ആറാട്ടുപുഴയെ മാതൃക ഗ്രാമമാക്കി മാറ്റുമെന്നും ദുരന്തബാധിതരെ ആധുനിക ടൗൺഷിപ്പുകളിൽ പുനരധിവസിപ്പിക്കുമെന്ന പ്രഖ്യാപനവും ജനങ്ങൾ വിശ്വാസത്തിലെടുത്തു. ലോകരാജ്യങ്ങളിൽനിന്ന് സൂനാമി ദുരന്തബാധിതരുടെ കണ്ണീരൊപ്പാൻ ഒഴുകിയെത്തിയ കോടി കൾ മുന്നിൽവെച്ചായിരുന്നു അധികാരികളുടെ ഈ പ്രഖ്യാപനം.
രണ്ടുപതിറ്റാണ്ട് അടുക്കുമ്പോൾ ഇതിന്റെ ബാക്കിപത്രം പരിശോധിച്ചാൽ ദുരന്തത്തിന്റെ തീരാവേദനകൾ അനുഭവിക്കേണ്ടെവന്ന ജനങ്ങളോട് കൊടിയ വഞ്ചനയാണ് അധികാരികൾ കാട്ടിയതെന്ന് ബോധ്യപ്പെടും.
തിങ്കളാഴ്ച വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സൂനാമി ദുരന്തത്തിന്റെ വാർഷികാചരണം ആറാട്ടുപുഴ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ നടക്കും. പെരുമ്പള്ളി സൂനാമി സ്മൃതിമണ്ഡപത്തിൽ രാവിലെ 9.30ന് പുഷ്പാർച്ചന നടക്കും.
തറയിൽക്കടവ് വ്യാസ സ്മാരക അരയജനസഭ, വലിയഴീക്കൽ സമീക്ഷ ചാരിറ്റബിൾ സൊസൈറ്റി,. വലിയഴീക്കൽ യുവശക്തി ഗ്രന്ഥശാല ആൻഡ് വായനശാല, സി.പി.എം ആറാട്ടുപുഴ തെക്ക് ലോക്കൽ കമ്മിറ്റി, ഡി.വൈ.എഫ്.ഐ, കോൺഗ്രസ് ആറാട്ടുപുഴ സൗത്ത്-നോർത്ത് മണ്ഡലം കമ്മിറ്റികളും അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും.
സൂനാമി ഫണ്ടുകൾ ഉപയോഗിച്ച് ദുരന്തം പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കാത്ത പലനാടുകളുടെയും മുഖച്ഛായ മാറ്റിയെങ്കിലും ദുരന്തഭൂമിയിൽ മാത്രം കാര്യമായ ഒരു മാറ്റവും വന്നില്ല.
കൃത്യമായ ആസൂത്രണമില്ലാതെ തുലച്ചുകളഞ്ഞ കോടികൾക്ക് കൈയും കണക്കുമില്ല.
ജനങ്ങൾക്ക് പ്രയോജനപ്പെടാത്ത ഒരുപിടി പദ്ധതികളുടെ ശവപ്പറമ്പായി ആറാട്ടുപുഴ മാറി. അധികാരികൾ തങ്ങളുടെ കീശ വീർപ്പിക്കാനുള്ള സുവർണാവസരമായി സൂനാമി പുനരധിവാസത്തെ കണ്ടതോടെ പദ്ധതികൾ അധികവും ലക്ഷ്യം കാണാതെപോയി.
സൂനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആറാട്ടുപുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ 19 റോഡുകൾ നിർമിക്കുന്നതിന് സൂനാമി പ്രത്യേക എസ്.ജി.ആർ.വൈ പദ്ധതിപ്രകാരം 2005-06ൽ അനുവദിച്ച 1.31കോടിയിൽ അധികവും പലരും കീശയിലാക്കിയതിനാൽ പദ്ധതി ലക്ഷ്യംകണ്ടില്ല. ആയുർവേദ ആശുപത്രിയിലെ കിടത്തിച്ചികിത്സവാർഡ് (35 ലക്ഷം) വലിയഴീക്കൽ ഗവ.എച്ച്.എസ്.എസ് സ്കൂൾ കെട്ടിടം (46 ലക്ഷം) മംഗലം ഗവ.എച്ച്.എസ്.എസിൽ നിർമിച്ച ക്ലാസ് മുറികൾ (23 ലക്ഷം) ഫിഷറീസ് ആശുപത്രി വളപ്പിൽ നിർമിച്ച ഒ.പി കെട്ടിടം, തീരവാസികൾക്ക് തൊഴിൽ നൽകാൻ ലക്ഷ്യമിട്ട് കോടികൾ മുടക്കി പെരുമ്പള്ളി കുറിയപ്പശ്ശേരി ക്ഷേത്രത്തിന് സമീപം നിർമിച്ച ക്ലസ്റ്റർ പ്രോഡക്ഷൻ യൂനിറ്റ്, വൃദ്ധസദനം എന്നീ സുപ്രധാന പദ്ധതികളാണ് പാതിവഴിയിൽ നിലച്ചത്.
കായംകുളം ഫിഷിങ് ഹാർബറിന്റെ ഭാഗമായി വടക്കേകരയിൽ നിർമിച്ച ലേലഹാൾ പ്രവർത്തനം തുടങ്ങിയത് അശ്വാസംനൽകുമ്പോഴും മത്സ്യഫെഡിന്റെ മേൽനോട്ടത്തിൽ രാമഞ്ചേരിയിൽ നിർമിച്ച ഫിഷ് മീൽ പ്ലാന്റ് ഉദ്ഘാടനം പലത് കഴിഞ്ഞിട്ടും ഇന്നും പ്രവർത്തനം തുടങ്ങിയിട്ടില്ല.
കോടികൾ ചെലവഴിച്ച് വാങ്ങിയ എത്ര സാമഗ്രികൾ തുരുമ്പെടുത്ത് നശിക്കുകയാണ്. ഇതിന്റെയൊന്നും പേരിൽ നാളിതുവരെ ഒരാളും ശിക്ഷിക്കപ്പെട്ടിട്ടില്ല. സൂനാമി കോളനികളിൽ നിരവധി വീടുകളാണ് ഇനിയും പൂർത്തിയാകാതെ കിടക്കുന്നത്. കോളനികളിൽ കഴിയുന്നവരാകട്ടെ നരകയാതന അനുഭവിക്കുകയാണ്. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത കോളനികളിലെ അറപ്പുളവാക്കുന്ന ചുറ്റുപാടിൽ അരപതിറ്റാണ്ടിൽ ഏറെയായി മൃഗങ്ങളെക്കാൾ കഷ്ടത്തിൽ കഴിഞ്ഞുകൂടുകയാണിവർ. ദുരന്തബാധിതരോട് അധികാരികൾ തുടർന്നുവരുന്ന കടലോളം പോന്ന വഞ്ചനയുടെ പ്രതിഷേധവും ഓർമപ്പെടുത്തലുംകൂടിയാണ് ആറാട്ടുപുഴയിലെ ഓരോ സൂനാമി അനുസ്മരണ ദിനവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.