അമ്പലപ്പുഴ: പറവൂരിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യവുമായി ജനകീയ സമിതി പ്രതിഷേധം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകീട്ട് ആറിന് പറവൂരിൽ പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്ന് ജനകീയ സമിതി ചെയർപേഴ്സൻ പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, ജനറൽ കൺവീനർ വി.കെ. വിശ്വനാഥൻ, വൈസ് ചെയർമാൻ എൻ.പി. വിദ്യാനന്ദൻ, കൺവീനർ പ്രദീപ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പഞ്ചായത്തിന്റെ ഏതാണ്ട് മധ്യഭാഗത്തുകൂടി കടന്നുപോകുന്ന ദേശീയ പാതയുടെ നവീകരണം ആരംഭിക്കുന്നതോടുകൂടി പഞ്ചായത്ത് രണ്ടു പ്രദേശമായി വേർതിരിക്കപ്പെടുമെന്ന് ഭാരവാഹികൾ പറഞ്ഞു. പടിഞ്ഞാറു ഭാഗത്തുള്ളവർക്ക് കിഴക്കോട്ടോ കിഴക്കു ഭാഗത്തുള്ളവർക്ക് പടിഞ്ഞാറോട്ടോ ദേശീയപാത മുറിച്ചുകടക്കുന്നതിന് പഞ്ചായത്തിൽ ഒരിടത്തുപോലും ഒരു സംവിധാനവും ഇപ്പോഴില്ല. നഗരസഭയുടെ അതിർത്തിയിലോ പുന്നപ്ര ചന്തയിലോ ഉള്ള ഏതെങ്കിലും അടിപ്പാതയെ ഗ്രാമത്തിലെ മുഴുവൻ ജനങ്ങളും ആശ്രയിക്കേണ്ടി വരും. അങ്ങോട്ടുമിങ്ങോട്ടും ഒരു പ്രാവശ്യം പാത മുറിച്ചുകടക്കാൻ അഞ്ച് കി.മീ. യാത്ര ചെയ്യേണ്ടിവരും.
ഏറ്റവും കൂടുതൽ ഇതിന്റെ ദോഷത്തിന് ഇരകളാകുന്നത് നാല് ഹയർ സെക്കൻഡറി സ്കൂളുകൾ ഉൾപ്പെടെ പതിനാലിലധികം വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളായിരിക്കും. നടന്നോ ഇരുചക്ര വാഹനങ്ങളിലോ ഇപ്പോൾ പോകുന്നതുപോലെ സ്കൂളിൽ പോകാൻ കഴിയാതെയാകും. പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, ബാങ്ക്, കമ്യൂണിറ്റി ഹാൾ, കൃഷിഭവൻ, ആശുപത്രി, ആരാധനാലയങ്ങൾ, പൊതുമാർക്കറ്റ് എന്നിവിടങ്ങളിലേക്കെല്ലാം പോകുന്നതിന് ഓരോ തവണയും അഞ്ച് കി.മീ. സഞ്ചരിക്കേണ്ടിവരും. പറവൂർ ജങ്ഷനിൽ അടിപ്പാത നിർമിച്ചാലേ ഇതിന് പരിഹാരമാകൂ. ഏഴായിരത്തിലധികം വരുന്ന കുടുംബങ്ങളിലെ മുപ്പതിനായിരത്തോളം പേരെ ഇത് ബാധിക്കും.
അടിപ്പാതയില്ലാത്ത ഏക പഞ്ചായത്താണ് പുന്നപ്ര വടക്ക് പഞ്ചായത്ത്. അധികാരികളുടെ അടിയന്തര ശ്രദ്ധ ഇക്കാര്യത്തിൽ എത്തിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ ചെയർപേഴ്സണും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. വിശ്വനാഥൻ ജനറൽ കൺവീനറുമായി ജനകീയ സമിതി രൂപവത്കരിച്ചു. പ്രതിഷേധ പരിപാടിയുടെ ഭാഗമായി ചൊവ്വാഴ്ച വൈകീട്ട് ആറിന് പറവൂരിൽ നടക്കുന്ന പ്രതിഷേധ ജ്വാല എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു.
അമ്പലപ്പുഴ: നാഷനൽ ഹൈവേയിൽ പറവൂർ ജങ്ഷനിൽ അടിപ്പാത നിർമിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചുകൊണ്ട് മുൻപൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് സന്ദേശമയച്ചു.കളർകോട് ജങ്ഷനും പുന്നപ്ര മാർക്കറ്റിനും ഇടയിൽ പറവൂരിൽ അടിപ്പാത അത്യാവശ്യമെന്ന് കത്തിൽ വ്യക്തമാക്കി. ജില്ലയിൽ 30ൽപരം അടിപ്പാതകളാണുള്ളത്. മറ്റ് സ്ഥലങ്ങളിൽ രണ്ട് അടിപ്പാതകൾ തമ്മിലുള്ള അകലം ഒരു കിലോമീറ്റർ മുതൽ രണ്ട് കിലോമീറ്റർവരെ ആയിരിക്കെ പറവൂർ ജങ്ഷൻ ഉൾക്കൊള്ളുന്ന പുന്നപ്ര വടക്ക് പഞ്ചായത്തിലെ മറ്റ് അടിപ്പാതയുമായുള്ള അകലം മൂന്ന് കിലോമീറ്ററാണ്.
ജനബാഹുല്യവും ഇവിടെ കൂടുതലാണ്. തന്റെ താമസസ്ഥലം 2017ൽ ദേശീയപാതക്കുവേണ്ടി വിട്ടുകൊടുത്ത കാര്യം കേന്ദ്രമന്ത്രിയെ ഓർമിപ്പിച്ചു. കഴിഞ്ഞ സര്ക്കാറിന്റെ കാലത്ത് നിതിൻ ഗഡ്കരി പൊതുമരാമത്ത് വകുപ്പിന് നൽകിയ പ്രത്യേക സഹായം ജി. സുധാകരൻ കേന്ദ്രമന്ത്രിയെ ഓർമിപ്പിച്ചു. കേന്ദ്ര സഹായത്തോടെ ആലപ്പുഴ ബൈപാസ് പൂർത്തീകരിച്ച കാര്യവും സന്ദേശത്തിൽ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.