ആലപ്പുഴ: കണിയൊരുക്കി കൈനീട്ടം വാങ്ങി പുതുവർഷത്തെ വരവേറ്റ് ഞായറാഴ്ച നാട് വിഷു ആഘോഷിക്കും. ശ്രീകൃഷ്ണ പ്രതിമക്ക് മുന്നിൽ വിവിധതരത്തിലെ പഴങ്ങളും ഉണക്കലരി, നാണയം, പുതിയ വസ്ത്രം, സ്വർണം എന്നിവ അമ്മമാർ പ്രത്യേകം താലത്തിലൊരുക്കി കണിവെക്കും. പുലർച്ച മുതിര്‍ന്നവർ കുട്ടികളെ വിളിച്ചുണർത്തി കണികാണിക്കും. തുടർന്ന് മുതിർന്നവർ എല്ലാവർക്കും കൈനീട്ടം നൽകിയാണ് വിഷുദിന ആഘോഷം നടത്തുന്നത്.
ശനിയാഴ്ച വിഷുവിനെ വരവേറ്റ് വീടുകൾതോറും പടക്കം പൊട്ടിക്കും. പുതുവർഷത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും ഉണ്ടാകാനാണ് കണിയൊരുക്കി കൈനീട്ടം നൽകുന്നതായുള്ള വിശ്വാസം. കണിയൊരുക്കാൻ വെള്ളരി ഒഴിച്ചുള്ളതെല്ലാം അന്യ സംസ്ഥാനത്തുനിന്നാണ് എത്തിയത്. കണിവെള്ളരി ആലപ്പുഴ മാർക്കറ്റിൽ മാത്രം കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ലോഡാണ് വന്നത്. തലശ്ശേരി, പറവൂർ, കഞ്ഞിക്കുഴി മേഖലകളിൽനിന്നാണ് പ്രത്യേകതരം കണിവെള്ളരി എത്തിയത്. ആദ്യം വന്നതിന് കിലോക്ക് 15 മുതൽ 20 രൂപ വരെയായിരുന്നെങ്കിലും പിന്നീട് കിലോക്ക് 25 രൂപ വരെ വില ഈടാക്കി. വഴിയോരങ്ങളിൽ ഇതിന് 30 മുതൽ 40 രൂപ വരെയാണ് വാങ്ങിയത്.
കണിയൊരുക്കുന്ന മാമ്പഴത്തിനുമുണ്ട് പ്രത്യേകത. മഞ്ഞ നിറത്തിലുള്ള സപ്പോർട്ട മാങ്ങയാണ് ഇതിനായി ആലപ്പുഴയിലെത്തിയത്. കിലോക്ക് 60 രൂപയായിരുന്നു വില. നാടന്‍ മാങ്ങക്ക് 120 മുതല്‍ 160 വരെ വിലയുണ്ട്. കണിമത്തന്‍ വഴിയോരങ്ങളിൽ 60 രൂപയായിരുന്നു.
മൈസൂരുവിൽനിന്നാണ് വലുപ്പക്കുറവുള്ള മഞ്ഞനിറത്തിലുള്ള കണിമത്ത എത്തിയത്. പേരക്കക്ക് 30ഉം പച്ചമുന്തിരിക്ക് 60 രൂപയുമായിരുന്നു. ചെറിയ ഇനം ചക്കക്ക് 50 മുതല്‍ 60 രൂപ വരെ വിലയുണ്ട്. വിഷുവിനും പ്രിയം ചൈനീസ് മോഡൽ ഉൽപന്നങ്ങൾക്കാണ്. ചൈനീസ് മോഡൽ പടക്കങ്ങൾ വിപണിയിലെത്തിയപോലെ കണിക്കൊന്ന പൂക്കളും മാർക്കറ്റിൽ ശ്രദ്ധേയമായി.
വിഷുവിനെ വരവേൽക്കാൻ വീടിന് മുന്നിലും സ്ഥാപനങ്ങൾക്ക് മുന്നിലും കൊന്നപ്പൂക്കൾ തൂക്കാറുണ്ട്. ഒറിജിനിലിനെപ്പോലും വെല്ലുന്ന തരത്തിൽ പ്ലാസ്റ്റിക്കിൽ നിർമിച്ച കണിക്കൊന്നപ്പൂക്കൾ നഗരങ്ങളിൽ സുലഭമാണ്. ഒരു തണ്ടിന് 40 രൂപയാണ് വില.
പടക്കങ്ങളിൽ ഇത്തവണ പീകോക്ക്, മണിബാങ്ക് തുടങ്ങിയ ചൈനീസ് മോഡല്‍ തമിഴ്നാടന്‍ കരിമരുന്നുകളാണ് താരം. ശബ്ദമില്ലാത്ത വിവിധ വർണങ്ങളിൽ പ്രകാശിക്കുന്നവയാണ് വിപണിയില്‍ അധികവും എത്തിയിട്ടുള്ളത്. വെള്ളിയാഴ്ച മുതല്‍ പടക്ക വിപണി സജീവമാണ്. പാരച്ചൂട്ടും പൂവും ചക്രവും ഫ്ലോട്ട് ആൻഡ് ഫൗണ്ടനുമെല്ലാം വിപണി കൈയടക്കിയിട്ടുണ്ട്. പഴയ മാലപ്പടക്കവും ഓലപ്പടക്കവും ഗുണ്ടും ആകാശപ്പെരുമയും, കൊരവപ്പൂവും മത്താപ്പുവുമെല്ലാം പഴയകാല ഓര്‍മകളെ പുതുക്കി വിപണിയില്‍ സജീവമാണ്.
കാർഷികോത്സവമായാണ് കേരളത്തില്‍ വിഷു ആഘോഷിക്കുന്നത്. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിലെ അതിർത്തി പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങളുണ്ട്. അവയെല്ലാം മുമ്പ് നിലവിലിരുന്ന വർഷാരംഭത്തിന്റെ ആഘോഷമാണ്.
വിഷുവിന് ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ് വിശ്വാസം. കേരളത്തിൽ ശ്രീകൃഷ്ണന്റെ ആരാധനയുമായി ബന്ധപ്പെട്ട് വിഷുവിന് പ്രാധാന്യമുണ്ട്. ഗുരുവായൂർ, അമ്പലപ്പുഴ പോലെയുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ മേടവിഷു വളരെ പ്രാധാന്യത്തോടെ ആഘോഷിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.