ആലപ്പുഴ: നഗരത്തിൽ പടർന്നുപിടിച്ച വയറിളക്കത്തിെൻറയും ഛർദിയുടെയും കാരണവും ഉറവിടവും കണ്ടെത്താനാകാതെ അധികൃതർ. രോഗം പടർന്നത് കുടിവെള്ളത്തിലൂടെയെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഭക്ഷ്യ വസ്തുക്കളുടെയും കുടിവെള്ളത്തിെൻറയും സാംപിൾ ഭക്ഷ്യസുരക്ഷ വകുപ്പ് ശേഖരിച്ച് പരിശോധനക്ക് ലാബിലേക്കയച്ചു. എന്നാൽ, കുടിവെള്ളത്തിലൂടെയല്ലെന്നാണ് ജല അതോറിറ്റി അധികൃതരുടെ നിലപാട്. സ്വകാര്യ ആർ.ഒ പ്ലാൻറുകളിൽനിന്ന് കുടിവെള്ളം ശേഖരിച്ചവർക്കാണെന്ന് സംശയമുണ്ട്. കഴിഞ്ഞ ദിവസം വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് ആളുകൾ ആർ.ഒ പ്ലാൻറുകളിൽനിന്ന് ജലമെടുക്കാൻ നിർബന്ധിതരായത്.
അതിനിടെ ആരോഗ്യം, നഗരസഭ, ജലഅതോറിറ്റി, ഭക്ഷ്യസുരക്ഷ വകുപ്പുകൾ ചേർന്ന് ജലം പരിശോധന നടത്തണമെന്ന് കലക്ടർ ഉത്തരവിട്ടു.
സ്വകാര്യ ആർ.ഒ പ്ലാൻറുകൾക്ക് ലൈസൻസില്ല
ആലപ്പുഴ: ലൈസൻസില്ലാെതയാണ് നഗരത്തിൽ സ്വകാര്യ ആർ.ഒ പ്ലാൻറുകൾ പ്രവർത്തിക്കുന്നത്. ഭൂഗർഭ ജലവകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ അംഗീകാരം വാങ്ങിവേണം നഗരസഭയുടെ ലൈസൻസോടെ പ്രവർത്തിക്കാൻ. ഇതുവരെ നഗരസഭ പരിശോധന നടത്തി ലൈസൻസ് നൽകിയിട്ടില്ല. ലൈസൻസ് നൽകേണ്ടത് നഗരസഭയാണെന്ന് ജല അതോറിറ്റിയും പറയുന്നു. നഗരത്തിൽ നൂറിൽ ഏറെ സ്വകാര്യ ആർ.ഒ പ്ലാൻറുകൾ പ്രവർത്തിക്കുന്നുണ്ട്.
110 പേർകൂടി ചികിത്സതേടി
ആലപ്പുഴ: നഗരസഭ പ്രദേശത്ത് ഛർദി, വയറിളക്കം ലക്ഷണങ്ങളോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 110 പേർ കൂടി ചികിത്സതേടിയതായി ജില്ല മെഡിക്കല്‍ ഓഫിസ് അറിയിച്ചു. ഇതിൽ 12 പേർക്ക് വയറിളക്കം മാത്രവും ഏഴ് പേർക്ക് ഛര്‍ദിയും വയറിളക്കവും 91 പേർക്ക് ഛർദി മാത്രവുമായാണ് ചികിത്സ തേടിയത്.
ലക്ഷണങ്ങൾ പ്രകടമായി അപ്പോൾ തന്നെ ചികിത്സ തേടിയതിനാൽ ആർക്കും ആശുപത്രിയിൽ കിടത്തി ചികിത്സ വേണ്ടിവന്നില്ല. കുടിവെള്ളത്തിൽ നിന്നുതന്നെയാണ് രോഗബാധ എന്നാണ് പ്രാഥമിക നിഗമനം. വിവിധ സ്ഥലങ്ങളിൽനിന്ന് കുടിവെള്ളത്തിെൻറ സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.