മാന്നാറിൽ 18 വാർഡുകളിലെ 34 ഹരിതകർമ സേന അംഗങ്ങൾ വീടുകളിലെയും സ്ഥാപനങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് 36 എം.സി.എഫുകളിലായി സൂക്ഷിക്കുകയാണ്. അവിടെനിന്ന് സ്റ്റോർമുക്കിലെ ബസ്സ്റ്റാൻഡിന് സമീപത്തെ കമ്യൂണിറ്റി ഹാൾ, വൃദ്ധസദനം, ഓപൺഎയർ സ്റ്റേജ് എന്നിവിടങ്ങളിലാണ് സ്റ്റോക് ചെയ്യുന്നത്.
തരംതിരിക്കലും കയറ്റി അയക്കലും ഇവിടനിന്നാണ്. ഇതിനാൽ മാലിന്യം മാസങ്ങളോളം സൂക്ഷിക്കേണ്ടിവരുന്നത് അസൗകര്യങ്ങളും ബുദ്ധിമുട്ടുമാണുണ്ടാക്കുന്നത്. വർഷങ്ങൾ പിന്നിട്ടിട്ടും ഈ അവസ്ഥക്ക് മാറ്റമില്ല. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലയളവിൽ കുട്ടമ്പേരൂർ 10ാം വാർഡിലെ മൃഗാശുപത്രിവളപ്പിലെ 50 സെന്റ് ഭൂമിയിൽ പ്ലാസ്റ്റിക് ശേഖരണം, തരംതിരിക്കൽ എന്നിവ ഉൾപ്പെടെ നടത്താൻ ബൃഹത് പദ്ധതിയിട്ടിരുന്നു.
നിലവിലെ ഭരണസമിതി അതിനുള്ള തയാറെടുപ്പും നടത്തിയിരുന്നു. നാട്ടുകാരുടെ എതിർപ്പും പ്രതിഷേധവും കോടതി വ്യവഹാരങ്ങളും പടികയറിയതോടെ അതിൽനിന്ന് പിൻവാങ്ങി.കുരട്ടിക്കാട് എട്ടാം വാർഡിൽ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയ 30 സെന്റ് ഭൂമിയിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ പണി മുകൾവരെയെത്തി.
ഇനി മേൽക്കൂര സ്ഥാപിച്ചാൽ മതി. 21.5 ലക്ഷം രൂപയാണ് ചെലവ്. കൺവയർബെൽറ്റ്, മാലിന്യം തരംതിരിക്കാനുള്ള ടേബിൾ, പ്ലാസ്റ്റിക് പ്രസിങ് മെഷീൻ എന്നിവ സ്ഥാപിച്ച് പ്രവർത്തസജ്ജമാക്കുമെന്ന് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.ആർ. ശിവപ്രസാദ് ‘മാധ്യമ’ത്തോടു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.