ആലപ്പുഴ: കിഴക്കൻവെള്ളത്തിന്റെ കുത്തൊഴുക്കിൽ കുട്ടനാട്ടിലെ ജലാശയങ്ങൾ അപകടനിലക്ക് മുകളിലെത്തി. കുട്ടനാട്ടിലെ പ്രധാന ജലാശയങ്ങളായ പള്ളാത്തുരുത്തി, നെടുമുടി, കാവാലം, മങ്കൊമ്പ്, ചമ്പക്കുളം, കിടങ്ങറ, നീരേറ്റുപുറം എന്നിവിടങ്ങളിലാണ് ജലനിരപ്പ് പരിധിവിട്ട് ഉയർന്നത്.
ഇതോടെ നൂറുകണക്കിന് വീടുകൾ വെള്ളത്തിലായി. വാലടി-കിടങ്ങറ, കിടങ്ങറ-മുട്ടാർ, രാമങ്കരി-തായങ്കരി, ചതുർഥ്യാകരി-പുളിങ്കുന്ന്, കണ്ണാടി-വെളിയനാട്, മുളക്കാംതുരുത്തി-കാവാലം അടക്കമുള്ള ഗ്രാമീണറോഡുകൾ വെള്ളത്തിൽ മുങ്ങി. ഇരുചക്രവാഹനമടക്കം കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പമ്പ, മണിമല, അച്ചൻകോവിൽ ആറുകളിലും വെള്ളമുയർന്നു.
ചെങ്ങന്നൂർ, തിരുവൻവണ്ടൂർ, പാണ്ടനാട് എന്നിവിടങ്ങളിലാണ് ഏറെ ദുരിതം. കായംകുളം നഗരസഭയുടെ കിഴക്കൻ ഭാഗത്ത് മലയൻ കനാൽ കവിഞ്ഞൊഴുകി വീടുകളിൽ വെള്ളം കയറി. ദേശീയ പാതയോരത്ത് വെള്ളക്കെട്ടിനും ശമനമില്ല.
ചമ്പക്കുളം മാനങ്കരി ഇടപാടം പാടശേഖരത്തിൽ മടവീഴ്ചയിൽ 70 ഏക്കർ നെൽകൃഷി നശിച്ചു. വ്യാഴാഴ്ച പുലർച്ച മൂന്നിനായിരുന്നു സംഭവം. പാടശേഖരത്തിന്റെ പുറംബണ്ടിൽ താമസിക്കുന്ന 350 കുടുംബങ്ങൾ വെള്ളത്താൽ ഒറ്റപ്പെട്ടു. മടവീഴ്ചയിൽ വീയപുരം അച്ചനാരി പാടശേഖരത്തിലെ 285 ഏക്കറിലെ നെൽകൃഷിയും വെള്ളത്തിലായി. കർഷകർ ചാക്കുനിരത്തി തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ജില്ലയില്‍ പ്രകൃതിക്ഷോഭത്തില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം 153 ആയി. അമ്പലപ്പുഴയിൽ ഒരെണ്ണം പൂർണമായും തകർന്നു. ചേര്‍ത്തല -45, അമ്പലപ്പുഴ -52, കുട്ടനാട് -13, കാര്‍ത്തികപ്പള്ളി -21, മാവേലിക്കര -13, ചെങ്ങന്നൂര്‍ -എട്ട് എന്നിങ്ങനെയാണ് ഭാഗികമായി വീടുകൾക്ക് നേരിട്ട നാശനഷ്ടം.
നീരേറ്റുപുറം, മുട്ടാർ, തലവടി അടക്കമുള്ള പ്രദേശങ്ങളിലെ വെള്ളംകയറിയ വീടുകളിൽ കുടുങ്ങിയവരെ അഗ്നിരക്ഷാ സേനയുടെ റെസ്ക്യൂബോട്ടിൽ കരക്കെത്തിച്ചു. നീരേറ്റുപുറം കുതിരച്ചാൽ ചൂട്ടമാലി കോളനിയിൽ താമസിക്കുന്ന പിഞ്ചുകുഞ്ഞുങ്ങൾ മുതൽ പ്രായമായവരടക്കമുള്ളവരെയാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. പറവൂരിൽ തൊഴുത്തിന് മുകളിൽ മരംവീണ് പശു ചത്തു.
പുന്നപ്ര പൊലീസ് സ്റ്റേഷനു സമീപത്തെ മരം വൈദ്യുതി ലൈനിനു മുകളിലേക്കും ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ മരം ട്രാക്കിലേക്കും വീണു. രണ്ടിടത്തും അഗ്നിരക്ഷാ സേനയെത്തിയാണ് മുറിച്ചുമാറ്റിയത്.
ആലപ്പുഴ: മഴക്കെടുതിയിൽ ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 184 കുടുംബങ്ങളിൽനിന്ന് 571പേരെ മാറ്റിപാർപ്പിച്ചു. ചെങ്ങന്നൂര്‍-11, ചേർത്തല-നാല്, മാവേലിക്കര-രണ്ട് എന്നിങ്ങനെയാണ് ക്യാമ്പുകൾ തുറന്നത്.
245 പുരുഷന്മാരും 251 സ്ത്രീകളും 75 കുട്ടികളുമടക്കമുണ്ട്. ചെങ്ങന്നൂരില്‍ 79 കുടുംബങ്ങളിലെ 282 പേരാണ് ക്യാമ്പുകളിലുള്ളത്. ചേര്‍ത്തലയില്‍ 98 കുടുംബങ്ങളിലെ 262 പേരും മാവേലിക്കര ഏഴ് കുടുംബങ്ങളിലെ 27 പേരും ക്യാമ്പിൽ കഴിയുന്നുണ്ട്.
അമ്പലപ്പുഴ: തോരാതെ പെയ്യുന്ന മഴ പാടശേഖരങ്ങളെ വെള്ളത്തിൽ മുക്കി. തുടർച്ചയായുള്ള വൈദ്യുതി മുടക്കംമൂലം പമ്പിങ് തടസ്സപ്പെട്ടതും പാടങ്ങളിൽ വെള്ളം കയറാൻ കാരണമായി.
പുറക്കാട് പഞ്ചായത്ത് തോട്ടപ്പള്ളി മലയിൽതോട് പടശേഖരത്തിലെ നെൽകൃഷി, മഴയും വെള്ളപ്പൊക്കവുംമൂലം പൂർണമായും നശിച്ചു. വിതകഴിഞ്ഞ പാടശേഖരമാണ് 315 ഏക്കർ വരുന്ന മലയിൽതോട്. ശക്തമായ മഴയെ തുടർന്ന് ആനന്ദേശ്വരം മുതൽ തോട്ടപ്പള്ളി സ്പിൽവേ പാലം വരെയുള്ള കര വെള്ളച്ചാട്ടവുമാണ് കര്‍ഷകരെ ആശങ്കിയിലാക്കിയത്. വെള്ളം വറ്റിച്ചാലും വീണ്ടും വിതക്കേണ്ട അവസ്ഥയാണ്. ഈ പ്രദേശത്തുള്ള കരകൃഷിയും പൂർണമായും നശിച്ചു. കൃഷി ഇറക്കാനുള്ള വിത്തും അടിയന്തര സഹായവും ഉടൻ എത്തിക്കണമെന്ന് കേരള കർഷക സംഘം തോട്ടപ്പള്ളി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ഇല്ലിച്ചിറ അജയകുമാർ, പി.കെ. ജിജികുമാർ, മധുകുമാർ, എസ്. ശ്രീകുമാർ, സുന്ദരേശൻ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.