കായംകുളം: പണിപൂർത്തിയായ വീടിന് അടിത്തറ കെട്ടിയിട്ടില്ലെന്ന നോട്ടീസ് ലഭിച്ചത് മുതൽ തന്റെ ‘ലൈഫിൽ’ സംഭവിച്ച സാങ്കേതികക്കുരുക്ക് അഴിക്കാൻ വയോധികയായ രുക്മിണി നെട്ടോട്ടത്തിലാണ്. കല്ലുപയോഗിച്ച് അടിത്തറ കെട്ടിയിട്ടുണ്ടെന്ന് തെളിയിക്കാമെന്നാണ് ഇവരുടെ വെല്ലുവിളി. താമസമായ വീടിന് അടിത്തറ കെട്ടാത്തതിനാൽ തുക തിരികെ അടക്കണമെന്ന നഗരസഭയുടെ വിചിത്രനോട്ടീസാണ് കീരിക്കാട് തെക്ക് തോട്ടുമുഖപ്പിൽ രുക്മിണിയെ (74) വലക്കുന്നത്. അർബുദബാധിതയായ ഇവർക്ക് ലൈഫ് പദ്ധതിയിൽ വീട് കിട്ടിയ അന്ന് തുടങ്ങിയ ദുരിതമാണ് ഇപ്പോഴും തുടരുന്നത്. ഭർത്താവ് തുളസി 13 വർഷം മുമ്പ് മരിച്ചതോടെയാണ് ജീവിതം പ്രയാസത്തിലാകുന്നത്.
കീരിക്കാട് തെക്ക് തോട്ടുമുഖപ്പിൽ രുക്മിണിക്ക് കായംകുളം നഗരസഭയിൽ നിന്നയച്ച നോട്ടീസ്
മക്കൾ പലവഴിക്കായതോടെ ഇവർ ഒറ്റക്കായി. കൂലിപ്പണിയെടുത്താണ് ജീവിതം മുന്നോട്ട് കൊണ്ടുപോയത്. രണ്ടര സെന്റിലെ കുടിലിലെ താമസം ദുരിതമായ സമയത്താണ് ലൈഫ് പദ്ധതിയിൽപ്പെടുത്തി വീടിനായി മൂന്ന് ലക്ഷം അനുവദിക്കുന്നത്. ഇതിൽ 50,000 രൂപ ഗുണഭോക്തൃവിഹിതമായി മുൻകൂറായി അടച്ചു. പല ഘട്ടത്തിലായി 2.6 ലക്ഷം വീടിനായി നൽകി. 40,000 രൂപ കെട്ടിട നമ്പർ കിട്ടിയതിന് ശേഷമേ നൽകൂവെന്നായിരുന്നു നിബന്ധന. കടം വാങ്ങി പണി പൂർത്തിയാക്കി നാല് വർഷം മുമ്പ് താമസവും തുടങ്ങി. അന്ന് മുതൽ നമ്പറിനായി നഗരസഭ കയറിയിറങ്ങുകയാണ്. ഇതിനിടെ അർബുദം പിടിപ്പെട്ടതോടെ അവസ്ഥ കൂടുതൽ പ്രയാസകരമായി. എന്നിട്ടും 70ഓളം തവണ ഇവർ നഗരസഭ ഓഫിസിന്റെ പടികയറിയിറങ്ങി. മൂന്ന് കിലോമീറ്ററോളം നടന്നുവരുന്ന ഇവരെ ഓരോ തവണയും സാങ്കേതികപ്പിഴവുകൾ കാട്ടി മടക്കുകയായിരുന്നു.
ഇതിനിടെയാണ് ഡിസംബർ 20ന് കൈപ്പറ്റിയ തുക തിരികെ അടക്കണമെന്ന് കാട്ടി നോട്ടീസ് ലഭിക്കുന്നത്. മൂന്നാം ഗഡു കൈപ്പറ്റിയതിനുശേഷം വീട് പണി പൂർത്തീകരിച്ചിട്ടില്ലെന്ന് കണ്ടെത്തിയെന്നാണ് ഇതിൽ പറയുന്നത്. നോട്ടീസ് കിട്ടി 14 ദിവസത്തിനകം അടിത്തറ കെട്ടിയ വിവരം രേഖാമൂലം അറിയിക്കണം. വീഴ്ചവരുത്തിയാൽ കൈപ്പറ്റിയ 3.6 ലക്ഷവും ഇതുവരെയുള്ള 12 ശതമാനം പലിശയും ഈടാക്കുമെന്നാണ് മുന്നറിയിപ്പ്. എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുന്ന രുക്മിണി അധികൃതരിൽനിന്ന് നീതി പ്രതീക്ഷിക്കുകയാണ്.
പരാതി നൽകുമെന്ന് കൗൺസിലർ
കായംകുളം: വീട് കെട്ടി താമസമായ വയോധികക്ക് അനുവദിച്ച തുക തിരികെ പിടിക്കുമെന്ന നഗരസഭ നടപടി പ്രതിഷേധാർഹമാണെന്ന് കൗൺസിലർ എ.പി. ഷാജഹാൻ. സ്ഥലത്ത് പോയി പരിശോധിക്കുന്നതിൽ ഗുരുതര വീഴ്ചവരുത്തിയതായാണ് രുക്മിണിക്ക് നോട്ടീസ് അയച്ചതിലൂടെ വ്യക്തമാകുന്നത്. അനുവദിച്ച തുക സംബന്ധിച്ചും ധാരണയില്ല. സാധാരണക്കാരോടുള്ള നിരുത്തരവാദ സമീപനത്തിന് തെളിവാണിത്. ഫയലുകൾപോലും പരിശോധിക്കാതെയുള്ള സമീപനങ്ങൾക്കെതിരെ അധികൃതർക്ക് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.