ഇത്തവണയെങ്കിലും വ്യാപാരികളെ അവഗണിക്കരുത്
ആലപ്പുഴ: സർക്കാറിെൻറ വരുമാനത്തിൽ നല്ലൊരു പങ്ക് വഹിക്കുന്ന ഞങ്ങളെ ഇനിയെങ്കിലും അവഗണിക്കാതിരുന്നൂടേ?. കഴിഞ്ഞ വർഷത്തെ (2020-21) ബജറ്റിൽ വ്യാപാരിസമൂഹത്തിെൻറ ക്ഷേമത്തിനായി ആകെ ഉണ്ടായ പരാമർശം വ്യാപാരിക്ഷേമ പെൻഷൻ കുടിശ്ശിക തീർക്കാൻ 20 കോടി അധികമായി നീക്കിവെക്കണമെന്നതായിരുന്നു.
ഇതാകെട്ട പ്രഖ്യാപനത്തിൽ ഒതുങ്ങി. 20,000 കോടിയിൽ അധികം രൂപ ജി.എസ്.ടി ഇനത്തിൽ മാത്രം, സർക്കാറിലേക്ക് പിരിച്ചടക്കുന്ന ജനവിഭാഗമാണ് വ്യാപാരി സമൂഹം.
എന്നാൽ, മഹാമാരി വന്നാലും പേമാരി വന്നാലും, ഒരു ആനുകൂല്യങ്ങളും നൽകാതെ ചിറ്റമ്മനയമാണ് എല്ലാ സർക്കാറുകളുടെതും. കോവിഡ് ആദ്യഘട്ടം മൂലം കഴിഞ്ഞ സാമ്പത്തിക വർഷം (2020-21) ഒമ്പത്മാസത്തിലധികം വ്യാപാരസ്ഥാപനങ്ങൾ പൂർണമായും അല്ലെങ്കിൽ ഭാഗികമായും അടച്ചിടേണ്ടി വന്നിട്ടുണ്ട്.
വളരെ ചുരുക്കം ചില തദ്ദേശ ഭരണകൂടങ്ങളും, ചുരുക്കം ചില സ്വകാര്യ വ്യക്തികളും മാത്രമാണ് ഈ സമയത്തെ വാടകയിൽ ചെറിയ ഇളവുകൾ നൽകിയത്. ഈ മാസങ്ങളിലെല്ലാം, കെ.എസ്.ഇ.ബി, ഫോൺ ബില്ലുകൾ, മൊബൈൽ ബില്ലുകൾ, ജീവനക്കാരുടെ ശമ്പളം, ലോണുകളുടെ പലിശ അടക്കം ചെലവുകൾക്ക് ഒരു കുറവും ഉണ്ടായില്ല. ഈ ചെലവുകൾ നടത്താൻ വ്യാപാരികൾക്ക് കൂടുതൽ വായ്പ എടുക്കേണ്ട സ്ഥിതിയാണുണ്ടായത്. ഈ സാമ്പത്തിക വർഷം (2021-22) ആരംഭിച്ചതുതന്നെ കോവിഡ് രണ്ടാം ഘട്ടത്തിെൻറ കടന്നുവരവോടെയാണ്. പുതിയ സർക്കാർ രൂപവത്കരണം പൂർത്തിയായ ഈ വേളയിൽ, വ്യാപാരി സമൂഹം താഴെ പറയുന്ന വിഷയങ്ങളിൽ സർക്കാറിെൻറ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്നാണ് അഭ്യർഥിക്കുന്നത്.
ആവശ്യങ്ങൾ:
വ്യാപാരത്തിനായി എടുത്തിട്ടുള്ള ബാങ്ക് പലിശയിൽ 30 ശതമാനമെങ്കിലും ഇളവ് അനുവദിക്കുക.
ലോക്ഡൗൺ മൂലം അടഞ്ഞുകിടന്ന സമയത്തെ, കടവാടക പൂർണമായും ഒഴിവാക്കി നൽകത്തക്കവിധമുള്ള നിയമനിർമാണം നടത്തുക.
മുനിസിപ്പൽ ലൈസൻസ് ഫീ, പഞ്ചായത്ത് ലൈസൻസ് ഫീ എന്നിവയിൽ ഇളവ് അനുവദിക്കുക.
പ്രഫഷനൽ ടാക്സിൽ ഇളവ് അനുവദിക്കുക.
കോവിഡ് മൂലമോ, പ്രകൃതി ദുരന്തമോ മൂലം മരണം സംഭവിക്കുന്ന വ്യാപാരികൾക്ക് യുക്തമായ നഷ്ടപരിഹാരം നൽകുക.
അടഞ്ഞുകിടന്നതുമൂലം ഉപയോഗശൂന്യമായിപ്പോയ ഉൽപന്നങ്ങൾക്ക് സർക്കാർ തലത്തിൽ നഷ്ടപരിഹാരം അനുവദിക്കുക.
'സിനിമ മേഖലയെ രക്ഷിക്കാൻ സർക്കാർതല സമിതിവേണം'
ചേർത്തല: കോവിഡിെൻറ പശ്ചാത്തലത്തിൽ വെല്ലുവിളികൾ നേരിടുന്ന മലയാള സിനിമയെ കൈപിടിച്ച് ഉയർത്താനും ചിത്രീകരണം സംബന്ധിച്ച മാർഗനിർദേശങ്ങൾ പാലിക്കാനും സർക്കാർ തലത്തിൽ സമിതി രൂപവത്കരിക്കണമെന്ന് നിർമാതാവ് വി.എൻ. ബാബു. താനുൾപ്പെടെ ഒട്ടുമിക്ക നിർമാതാക്കളും പലപ്പോഴായി സംവിധായകരാൽ വഞ്ചിക്കപ്പെട്ടവരാണ്. ആദ്യ കാലഘട്ടത്തിൽ കോടിക്കണക്കിന് രൂപ ചെലവിട്ട് ബിഗ് ബജറ്റ് ചിത്രം നിർമിച്ചിട്ടും ഒരു രൂപ പോലും തിരിച്ചുകിട്ടാതെ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്.
സിനിമ ചിത്രീകരണവുമായി എല്ലാ മേഖലയിലും സമിതിയുടെ കീഴിലാക്കിയാൽ ഒരു പരിധി വരെ നിർമാതാക്കൾക്ക് ഗുണം ചെയ്യും. മമ്മൂട്ടിയെ നായകനാക്കി നിർമിച്ച 'ദി പ്രീസ്റ്റ്' കോവിഡ് മാനദണ്ഡത്തിൽ തിയറ്ററിൽ റിലീസ് ചെയ്തിട്ടും നല്ല ലാഭം നേടിയതാണ്. കോടികൾ മുതൽ മുടക്കി മോഹൻലാൽ ചിത്രം വരെ ആമസോണിൽ റിലീസ് ചെയ്ത സംഭവം അടുത്തിടെ ഉണ്ടായിട്ടുണ്ട്. ഇത് പ്രതീക്ഷിച്ച ലാഭം നേടിയില്ല.
സിനിമകൾ തിയറ്ററിൽ റിലീസ് ചെയ്യാൻ സർക്കാർ തലത്തിൽ മാനദണ്ഡം ഉണ്ടാക്കണം. ജനങ്ങൾക്ക് ഉപകാരപ്രദമായതും കുട്ടികൾക്ക് കൗതുകപരമായ ചിത്രങ്ങൾക്കും സർക്കാർ വിനോദ നികുതി പൂർണമായും ഒഴിവാക്കണം. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റിൽ സിനിമ മേഖലക്ക് അനുഗുണമായ കാര്യങ്ങൾ പ്രതീക്ഷിക്കുന്നു.
തികഞ്ഞ പ്രതീക്ഷയോടെ ടൂറിസം മേഖല
ആലപ്പുഴ: കോവിഡ് മഹാമാരിയോടെ പൂർണമായും സ്തംഭിച്ച കേരളത്തിലെ ടൂറിസംമേഖലക്ക് പുത്തനുണർവ് നൽകുന്ന പലതും ബജറ്റിൽ പ്രതീക്ഷിക്കുന്നു. നോട്ട് നിരോധനം മുതൽ ആരംഭിച്ച പ്രതികൂല അന്തരീക്ഷം നിപ്പയിൽ തുടങ്ങി കോവിഡിൽ എത്തി നിൽക്കുന്നു. ഓഖിയും രണ്ട് പ്രളയങ്ങളും മേഖലയുടെ നട്ടെല്ല് ഒടിച്ചു. ഡോ. തോമസ് ഐസക്കിെൻറ മുൻകാല ബജറ്റിൽ പറഞ്ഞ ഉത്തേജക പാേക്കജ് ഒന്നും നടപ്പിൽ വന്നില്ല. കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റിൽ നിശ്ചയമായും പോംവഴികൾ ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ.
രണ്ടായിരത്തോളം ഹൗസ് ബോട്ടുകളിലെ പതിനായിരത്തോളം വരുന്ന ജീവനക്കാരും അനുബന്ധ വ്യാപാരങ്ങളുമായി ബന്ധപ്പെട്ട് അതിലേറെ പേരും ആലപ്പുഴയിൽ മാത്രം ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായി മേഖലയിലെ പ്രമുഖനായ സമുദ്ര സാബു ചൂണ്ടിക്കാട്ടി. പലിശ രഹിത വായ്പ അടക്കമുള്ള ഉറപ്പുകൾ ഇക്കുറി പാലിക്കണം. ആലപ്പുഴ അടക്കം കേരളത്തിൽ അയ്യായിരത്തോളം ഹോം സ്റ്റേകൾ പ്രവർത്തിക്കുന്നതായി ഹോം സ്റ്റേ അസോസിയേഷൻ സംസ്ഥാന ഭാരവാഹിയും ആലപ്പുഴ ജില്ല സെക്രട്ടറിയുമായ ഇ.വി.രാജു ഈരേശ്ശേരിൽ പറഞ്ഞു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഉത്തരവാദ ടൂറിസം പ്രോത്സാഹിപ്പിക്കാൻ സർക്കാർ തയാറാകണം. ശുചിത്വമിഷെൻറ സഹായത്തോടെ ഉറവിട മാലിന്യ സംസ്കരണം നടപ്പിൽ വരുത്തണം. കർഷകരുടെ ഉൽപന്നങ്ങൾ വിപണി വിലയേക്കാൾ കൂടുതൽ പണം നൽകി വാങ്ങാൻ ഹോം സ്റ്റേ ഉടമകൾ തയാറാണ്.
ഹാൾ മാർക്കിങ് നിർബന്ധമാക്കണം
ആലപ്പുഴ: സ്വർണം നല്ലൊരു നിക്ഷേപം മാത്രമല്ല സർക്കാറിന് നല്ലൊരു വരുമാന സ്രോതസ്സാണ്. നിലവിൽ സ്വർണവ്യാപാര മേഖലയിലെ ജി.എസ്.ടി നല്ല നിലയിൽ നടപ്പാക്കിയാൽ സർക്കാറിന് റവന്യൂ ഇരട്ടിയായി വർധിപ്പിക്കാം.
ചെറുകിട വ്യാപാര മേഖലയിലെ കച്ചവടം കൂടി പൂർണമായി ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരുന്നതോടെ റവന്യൂ ചോർച്ച ഒഴിവാക്കാം. ബിൽ ചോദിച്ച് വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന നടപടികൾ സർക്കാർ സ്വീകരിച്ചാൽ ഇത് സാധ്യമാകും. എല്ലാ ജ്വല്ലറികളിലും ഹാൾ മാർക്കിങ് നിർബന്ധമാക്കിയാൽ ക്വാളിറ്റി വർധിപ്പിക്കാൻ കഴിയും.
ചെറുകിട വ്യവസായങ്ങൾക്ക് സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കണം
അരൂർ: തകർന്നുനിൽക്കുന്ന ചെറുകിട വ്യവസായങ്ങളെ പിടിച്ചുയർത്താൻ കഴിയുന്ന സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കാൻ സർക്കാർ തയാറാകണമെന്ന് അരൂർ ഇൻഡസ്ട്രീസ് അസോസിയേഷൻ സെക്രട്ടറി എസ്. ജീവൻ ആവശ്യപ്പെട്ടു. ചെറിയ ഉൽപന്നങ്ങൾ ഉണ്ടാക്കി വിൽപന നടത്തിയും വലിയ വ്യവസായങ്ങളെ ആശ്രയിച്ചുമാണ് ചെറുകിട വ്യവസായങ്ങൾ കേരളത്തിൽ നിലനിൽക്കുന്നത്. എന്നാൽ, പൊതുവെ ചെറുകിട വ്യവസായങ്ങൾ വളരുന്നതിനുള്ള അന്തരീക്ഷം അല്ല കേരളത്തിലുള്ളത്.
വ്യവസായങ്ങൾ നിലനിൽക്കാൻ തന്നെ പാടുപെടുന്നതിനിടയിലാണ് കോവിഡ് വരുന്നത്.
അടച്ചുപൂട്ടിയ ചെറുകിട വ്യവസായങ്ങളെ തുറന്നു പ്രവർത്തിപ്പിക്കാൻ സർക്കാർ പ്രത്യേക പദ്ധതികൾ തയാറാക്കണം. ബജറ്റിൽ ഇതിനുള്ള പദ്ധതികൾ കൊണ്ടുവരണം. ധനകാര്യ സ്ഥാപനങ്ങളുടെ സ്ഥിരം ശൈലികൾ മാറ്റണം. മേഖലയിലെ തൊഴിലാളികൾക്കു കിട്ടുന്ന കൂലി പ്രാദേശിക മാർക്കറ്റുകളിൽ സാധനങ്ങൾ വാങ്ങാനാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ ചെറുകിട വ്യവസായങ്ങൾ സമൂഹത്തിലെ ജീവനാഡികളാണെന്നു പറയാം.
നാട്ടിൽ ധനവിനിയോഗം കാര്യമായി നടക്കണമെങ്കിൽ ചെറുകിടവ്യവസായങ്ങൾ ഉണരേണ്ടതുണ്ട്.ധനകാര്യ സ്ഥാപനങ്ങളുടെ സ്ഥിരം ശൈലികൾ മാറ്റണം. സ്വർണമെടുത്ത് വായ്പ നൽകുന്ന രീതി വ്യവസായികളോട് കാണിക്കരുത്. സ്ഥാപനങ്ങൾ, വീടും സ്ഥലവും ഇവയൊക്കെ ഈടുെവച്ചാണ് വ്യവസായികൾക്ക് ഇപ്പോൾ ബാങ്ക് വായ്പ നൽകുന്നത്. ഈ സങ്കീർണമായ അവസ്ഥയിൽ സഞ്ചരിക്കുന്ന വഴികളിൽനിന്ന് മാറി ചിന്തിക്കാൻ ബാങ്കുകൾ തയാറാകണം.
വാഹനവിപണിയുടെ 'മൈലേജ്' കൂട്ടാൻ പദ്ധതികൾ വേണം
ദേശീയ ശരാശരിെയക്കാൾ കേരളത്തിലെ വാഹനവിപണി തകരുകയാണ്. കേന്ദ്രനിലപാടുകളെയും നിയമവ്യതിയാനങ്ങളെയും വിമർശനം നടത്തുമ്പോൾത്തന്നെ അത്തരം ചുറ്റുപാടിൽനിന്ന് പരമാവധി സാമ്പത്തിക ചൂഷണമാണ് സംസ്ഥാന സർക്കാറും പലരംഗത്തും സ്വീകരിക്കുന്നത്. പണ്ടേ ദുർബലയായ മേനിയിലേക്കാണ് കോവിഡ് മഹാമാരി കടന്നാക്രമണം നടത്തിയത്. കോവിഡ് നിയന്ത്രണങ്ങൾ ചൂഷിതർക്ക് പ്രതികരിക്കാനുള്ള സാഹചര്യംകൂടി നിഷേധിച്ചു.
അതിനുമുമ്പുള്ള പ്രളയങ്ങളും വ്യാപാരസമൂഹത്തിെൻറ നട്ടെെല്ലാടിച്ചു. ആ സമൂഹത്തിെൻറമേൽ സർചാർജ് പോലുള്ള അധികഭാരം ചുമത്തിയത് കൂനിന്മേൽ കുരു എന്നപോലെയായി.
വാഹനവിപണിയുൾെപ്പടെ വ്യാപാരങ്ങൾ കരകയറണമെങ്കിൽ അധികാരികൾ ഇത്തരം രംഗങ്ങളിലുള്ളവർ അനുഭവിക്കുന്ന പ്രതികൂല കാര്യങ്ങളെക്കുറിച്ച് സമഗ്രപഠനം നടത്തണം. ഇതിന് ഒരു ഹ്രസ്വകാല സമിതിയെ നിയോഗിക്കണം. കാബിനറ്റ് വകുപ്പിൽ ഒരു വ്യാപാര മന്ത്രാലയംകൂടി ഉണ്ടാക്കണം.
ഒരു പൂർണമായ ഉൽപന്നം മാർക്കറ്റിൽ എത്തുന്നതിന് മുന്നോടിയായി അതിെൻറ അടിസ്ഥാനവസ്തുക്കളിൽ തുടങ്ങുന്ന നികുതി ചുമത്തലിൽ തുടങ്ങി ഏറ്റവും ഒടുവിൽ ഈടാക്കുന്ന ബഹുരംഗ നികുതി ഈടാക്കൽ ഒഴിവാക്കാനുള്ള നടപടി അനിവാര്യമാണ്. അല്ലായെങ്കിൽ ഏറ്റവും ഒടുവിൽ ഈടാക്കുന്ന ജി.എസ്.ടി നിരക്ക് ഇന്നത്തേതിൽനിന്ന് കാര്യമായ കുറവിലേക്ക് വരണം.
വാഹനങ്ങളുടെമേലുള്ള റോഡ് ടാക്സ് കുറക്കുകയും 15 വർഷത്തിൽനിന്ന് പ്രതിവർഷത്തിലേക്ക് മാറ്റപ്പെടുകയും േവണം. ഡീലർഷിപ്പുകളിൽനിന്ന് വാങ്ങുന്ന വാഹനങ്ങൾ ഇത്രയും കാലം ഉപയോഗത്തിൽ ഉണ്ടാവാത്ത ഒട്ടനവധി സംഭവങ്ങളുണ്ട്. തൊഴിൽനിയമങ്ങൾ ചുരുങ്ങിയ കാലത്തേക്കുള്ള ഉടമ്പടിയാക്കി മാറ്റണം. ഇ.എസ്.ഐ, പി.എഫ് പോലുള്ള കോൺട്രിബ്യൂഷൻ മറ്റ് ക്ഷേമപെൻഷൻപോലെ തൊഴിലാളിയും സർക്കാറുമായുള്ള സംയുക്തകാര്യമാക്കി മാറ്റിയാൽ തൊഴിൽദായകർക്ക് സമാധാനമായി സംരംഭങ്ങൾ നടത്താനാവും.
അംഗീകാരമില്ലാത്ത വ്യാപാരസ്ഥാപനങ്ങൾ ടാക്സേഷനും മറ്റുമില്ലാതെ യഥേഷ്ടം പ്രവർത്തിക്കുന്ന സാഹചര്യം ഇല്ലാതാകണം. കൂടുതൽ ബിസിനസ് ചെയ്ത് കൂടുതൽ വരുമാനം കൊയ്യുക എന്നതാവണം ജനോപകാരപ്രദമായ ബജറ്റ് വിഭാവനം ചെയ്യേണ്ടത്. കുറഞ്ഞ വിറ്റുവരവിൽ കൂടുതൽ ഗുണം സർക്കാർ ഖജനാവിന് എന്ന രീതി ഇനിയെങ്കിലും മാറിയാൽ കൊള്ളാം.
2012-_2013 സാമ്പത്തികവർഷത്തേതിൽനിന്ന് കൂപ്പുകുത്തി 15 ശതമാനംവരെപോലും വിറ്റുവരവില്ലാത്ത ബ്രാൻഡുകളും സ്ഥാപനങ്ങളും നമ്മുടെ ചുറ്റുപാടിലുമുണ്ട്.
മത്സ്യ സംസ്കരണ വ്യവസായ മേഖലക്ക് തുക വകയിരുത്തണം
അരൂർ: കോവിഡ് വ്യാപനംമൂലം പ്രതിസന്ധിയിലായ മത്സ്യസംസ്കരണ വ്യവസായ മേഖലക്ക് ബജറ്റിൽ പ്രത്യേകം തുക വകയിരുത്താൻ സംസ്ഥാന സർക്കാർ തയാറാകണം.
രോഗവ്യാപനം തടയുന്നതിെൻറ ഭാഗമായി സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുകയാണ്. കോവിഡ് ആരംഭ കാലം മുതലുള്ള സ്ഥിതി ഇതാണ്. 600 പീലിങ് സെൻററുകളും 90 കയറ്റുമതി സ്ഥാപനങ്ങളുമുണ്ട്.
ഇവിടങ്ങളിലായി അര ലക്ഷം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടായിരുന്നു. സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നത് തൊഴിലാളികളെയെന്ന പോലെ സ്ഥാപന ഉടമകളെയും നടത്തിപ്പുകാരെയും സാരമായി ബാധിച്ചു. പലരും പണം പലിശയ്ക്കെടുത്തും സ്വർണം പണയപ്പെടുത്തിയും ലോൺ തരപ്പെടുത്തിയുമൊക്കെയാണ് സ്ഥാപനങ്ങൾ നടത്തിപ്പോന്നത്. ഭൂരിഭാഗം നടത്തിപ്പുകാരും കടം കയറി ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുകയാണ്.
ധനകാര്യ സ്ഥാപനങ്ങൾ വായ്പ തിരിച്ചടവിെൻറ പേരിൽ കർശന നടപടികൾ എടുക്കുന്നത് ഒഴിവാക്കാൻ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.
കൂടാതെ കയറ്റുമതിക്ക് പ്രിയമേറിയ വനാമി ചെമ്മീൻ കേരളത്തിൽ കൃഷി ചെയ്യാൻ അനുവാദം നൽകുകയും സബ്സിഡി നൽകുകയും ചെയ്യുന്നതിനുൾെപ്പടെയുള്ള കാര്യങ്ങൾക്കായി തുക വകയിരുത്തണം. കോവിഡ് വ്യാപനത്തിന് മുമ്പു വരെ ദിവസവും നാലു ലക്ഷം കിലോ വനാമി ചെമ്മീൻ കേരളത്തിലെത്തുമായിരുന്നു. ആന്ധ്രപ്രദേശ്, കർണാടകം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് കൊണ്ടുവന്നിരുന്നത്. വണ്ടി വാടക ഇനത്തിൽത്തന്നെ നല്ലൊരു തുക നടത്തിപ്പുകാർക്ക് നഷ്ടമാകുന്നുണ്ട്. വനാമി കൃഷി കേരളത്തിൽ തുടങ്ങാനായാൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകും.
സർക്കാർ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം
ചേർത്തല: കോവിഡ് പശ്ചാത്തലത്തിൽ മിക്കവാറും വ്യാപാരസ്ഥാപനങ്ങൾ പ്രത്യേകിച്ചും വസ്ത്രവ്യാപാര മേഖല പൂർണമായും അടഞ്ഞുകിടക്കുകയാണ്.
വലിയരീതിയിൽ വായ്പകൾ ലഭ്യമാക്കിയാണ് വ്യാപാരികൾ കച്ചവടം നടത്തുന്നത്. തീരെ വ്യാപാരം നടക്കാത്ത സാഹചര്യത്തിൽ സർക്കാർ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചേ മതിയാകൂ.
സർക്കാറിലേക്ക് നൽകുന്ന പ്രളയ സെസ് പൂർണമായും ഒഴിവാക്കണം, വായ്പകൾക്ക് പലിശ ഇളവുചെയ്ത് നൽകണം, ഇ.എസ്.ഐ, പി.എഫ് തുടങ്ങി സർക്കാറിലേക്ക് വ്യാപാരികൾ നൽകുന്ന വിഹിതം കഴിഞ്ഞ ലോക്ഡൗൺ കാലത്ത് നൽകിയതുപോലെ സർക്കാർ അടക്കണം, ജി.എസ്.ടി കാലാവധി നീട്ടിത്തരണം, വീഴ്ച വന്ന ജി.എസ്.ടിയിൽ പലിശ ഒഴിവാക്കണം, സർക്കാർ തലത്തിൽ കുറഞ്ഞ പലിശയിൽ വ്യാപാരികൾക്ക് വായ്പ അനുവദിക്കണം എന്നീ ആവശ്യങ്ങളാണുള്ളത്. ബജറ്റിൽ നല്ല പ്രതീക്ഷയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.