ആലപ്പുഴ: എല്ലാവർക്കും ആവശ്യാനുസരണം സുരക്ഷിതമായ ഭക്ഷണം ലഭ്യമാകുമ്പോഴാണ് ഭക്ഷ്യസുരക്ഷ ഉറപ്പാകുന്നത്. ഭക്ഷണ ദാരിദ്ര്യമില്ലാത്ത അവസ്ഥയിലേക്ക് നമ്മുടെ നാട് എത്തിയെങ്കിലും സുരക്ഷിതമായ ഭക്ഷണം എന്നത് ഇനിയും അകലെയാണ്. മായമോ, മരുന്നോ ഇല്ലാത്ത ആഹാരസാധനങ്ങൾ ലഭിക്കില്ല എന്നതാണ് അവസ്ഥ. ഭക്ഷണത്തിനുള്ള അസംസ്കൃത വസ്തുക്കൾ മുതൽ റെഡി ടു ഈറ്റ് ഭക്ഷണങ്ങൾവരെ സുരക്ഷിതം എന്ന് പറയാനാകാത്ത സ്ഥിതി. ഇതിന് തടയിടാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന ശ്രമങ്ങളെല്ലാം കടലിൽ കായം കലക്കുംപോലുള്ള നടപടികളായി തീരുന്നു. വീട്ടിലെ അടുക്കളയിൽ തയാറാക്കുന്നവപോലും സുരക്ഷിത ഭക്ഷണമല്ലെന്ന അവസ്ഥയാണിന്ന്. ശ്രദ്ധിച്ചാൽ കുറച്ചൊക്കെ സുരക്ഷിതരാകാം. ഏറ്റവും ശ്രദ്ധ പുലർത്തേണ്ട കാര്യമാണ് ഭക്ഷണത്തിന്റേത്. അക്കാര്യമാണ് നാം ആദ്യം മറക്കുന്നത്.
പാചകക്കാർ കൈകഴുകേണ്ടത് എപ്പോഴൊക്കെ...?
- പാചകം തുടങ്ങുന്നതിന് മുമ്പ്
- പാചകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്ത ശേഷം
- വൃത്തിയില്ലാത്ത പാത്രങ്ങൾ കൈകാര്യം ചെയ്ത ശേഷം
- തലയിലോ മറ്റ് ശരീരഭാഗങ്ങളിലോ സ്പർശിച്ചാൽ
- മുടി ചീകുക, മൂക്ക് ചീറ്റുക, ചുമക്കുക, തുപ്പുക ഇവക്ക് ശേഷം
- ശുചിമുറിയിൽ പോയ ശേഷം.
മറ്റ് നിർദേശങ്ങൾ
ജീവനക്കാർ വ്യക്തി ശുചിത്വം പാലിക്കണം, പകർച്ചവ്യാധികൾ ഉള്ളപ്പോൾ സ്ഥാപനത്തിൽനിന്ന് വിട്ടുനിൽക്കുക, വസ്ത്രം വൃത്തിയുള്ളതായിരിക്കണം.
അടുക്കളയിലും വേണം കരുതൽ
പച്ചക്കറികൾ ഉപ്പ്, പുളി തുടങ്ങിയവ ചേർത്ത വെള്ളത്തിൽ കുറഞ്ഞത് 15 മിനിറ്റ് മുക്കിവെച്ച ശേഷം പലതവണ കഴുകി വൃത്തിയാക്കിയെടുത്ത് ഉപയോഗിക്കുക.
അരിയും ധാന്യങ്ങളും നന്നായി കഴുകി ഉപയോഗിക്കുക
മീൻ വറുക്കുന്ന, പപ്പടം പൊള്ളിക്കുന്ന എണ്ണകൾ പുനരുപയോഗിക്കാതിരിക്കുക
അരി, ഗോതമ്പ്, മറ്റിനം മാവുകൾ എന്നിവ പാക്കറ്റുകളിൽ വരുന്നവ ഉപേക്ഷിക്കുക.
ഹോട്ടലുകളിൽ നമുക്കുമുണ്ട് ഉത്തരവാദിത്തം
- ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡം പാലിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണോ എന്ന് നോക്കണം.
- എഫ്.എസ്.എസ്.എ.ഐ ലൈസൻസുള്ള കച്ചവട / വിതരണ സ്ഥാപനങ്ങളിൽനിന്ന് മാത്രം ഭക്ഷണ പദാർഥങ്ങൾ വാങ്ങുക
- വാങ്ങുന്ന ഭക്ഷണപദാർഥങ്ങളുടെ ബില്ലുകൾ വാങ്ങിക്കുക. രജിസ്റ്ററായി സൂക്ഷിക്കുക
- വറുത്തെടുത്തവ / പപ്പടം / പൊറോട്ട തുടങ്ങിയ യാതൊന്നും ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് വാങ്ങരുത്
- പാർസൽ വാങ്ങുമ്പോൾ അവ ഫുഡ് ഗ്രേഡ് വസ്തുക്കളിൽ പാക്ക് ചെയ്ത് തന്നാൽ മാത്രം വാങ്ങുക. പ്ലാസ്റ്റിക് കവറുകളിൽ തരുന്നവ നിരസിക്കുക
- തെർമോകോൾ ബോക്സ് ഫുഡ് ഗ്രേഡ് അല്ല. അതിൽ പൊറോട്ട, അപ്പം തുടങ്ങിയവ സൂക്ഷിക്കുന്നത് കണ്ടാലോ, അത്തരത്തിലുള്ളതിൽ പാക്ക് ചെയ്തു നൽകിയാലോ നിരസിക്കുക
- കുടിവെള്ളം ശുദ്ധീകരണിയിൽനിന്ന് എടുത്തു നൽകുന്നതാണെന്നും ചൂടുള്ളതാണെന്നും ഉറപ്പാക്കുക.
ഹോട്ടൽ ഉടമകൾ പാലിക്കേണ്ട നിർദേശങ്ങൾ
- പരമാവധി ശുചിത്വ നിലവാരമുള്ള, പരിസര മലിനീകരണമില്ലാത്ത പ്രദേശത്താകണം സ്ഥാപനം
- കെട്ടിടം വൃത്തിയുള്ള സാഹചര്യത്തിലുള്ളതും
- കാലാവധി കഴിഞ്ഞ ഭക്ഷണ വസ്തുക്കൾ വ്യക്തമായ വേർതിരിവോടെ ഉപയോഗത്തിനുള്ളതല്ല / വിൽപനക്കുള്ളതല്ല എന്ന ലേബൽ ചെയ്ത് മാത്രം കാർട്ടണുകളിൽ സൂക്ഷിക്കുക
- പാഴ്വസ്തുക്കൾ സ്ഥാപനത്തിൽ കെട്ടിക്കിടക്കാൻ പാടില്ല. ഉപയോഗമില്ലാത്ത ഉപകരണങ്ങൾ, പാത്രങ്ങൾ, ബോക്സുകൾ, പത്രക്കടലാസുകൾ എന്നിവ സ്ഥാപനത്തിൽ ഉണ്ടാകാൻ പാടില്ല
- സ്ഥാപനത്തിന്റെ തറ, ഭിത്തി, നെറ്റുകൾ, പരിസരം എന്നിവ വൃത്തിയായി സൂക്ഷിക്കുക
- എഫ്.എസ്.എസ്.എ.ഐ നിയമപ്രകാരമുള്ള പൂർണ ലേബൽ വിവരങ്ങളുള്ള ഭക്ഷ്യപദാർഥങ്ങൾ മാത്രം വില്പനക്കായോ, നിർമാണത്തിനായോ സൂക്ഷിക്കുക
- പ്ലാസ്റ്റിക് ജഗ്ഗുകളിൽ കുടിവെള്ളം സൂക്ഷിക്കരുത്
- പാചകം ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും ലൈസൻസിയുടെയോ, മറ്റ് ഉത്തരവാദിത്തപ്പെട്ട സ്റ്റാഫിന്റെയോ മേൽനോട്ടം ഉണ്ടായിരിക്കണം
- വിൽപനക്കായും പാചകത്തിനായും വാങ്ങിവെക്കുന്ന എല്ലാ ഭക്ഷണ പാക്കറ്റുകളിലും എഫ്.എസ്.എസ്.എ.ഐ ലൈസൻസ് നമ്പർ ഉണ്ടെന്ന് ഉറപ്പ് വരുത്തുക
- ഉപയോഗിക്കുന്ന വെള്ളം ആറു മാസത്തിലൊരിക്കൽ പരിശോധിച്ച് രേഖ സൂക്ഷിക്കുക
- എല്ലാ ജീവനക്കാരുടെയും മെഡിക്കൽ സർട്ടിഫിക്കറ്റ് സൂക്ഷിക്കുക. ഇത് ആറു മാസം കൂടുമ്പോൾ പുതുക്കുക
- ഫുഡ് ഗ്രേഡ് പാത്രങ്ങൾ മാത്രം ഉപയോഗിക്കുക
- ജീവനക്കാർ ഹെയർ നെറ്റ്, ഏപ്രൺ എന്നിവ ധരിച്ചിരിക്കണം
- ഈച്ച, എലി, പാറ്റ തുടങ്ങിയവ കടക്കാതെ വസ്തുക്കൾ സൂക്ഷിക്കണം, വളർത്തുമൃഗങ്ങൾ പാടില്ല
- വൃത്തിയുള്ള തുണി ഉപയോഗിച്ച് മാത്രം പ്രതലങ്ങൾ വൃത്തിയാക്കുക
- പാത്രം കഴുകാൻ ഫുഡ് ഗ്രേഡ് കെമിക്കൽസ് മാത്രം ഉപയോഗിക്കുക
- ഭക്ഷ്യ എണ്ണയുടെ പുനരുപയോഗം പാടില്ല
- ഫ്രിഡ്ജിലും ഫ്രീസറിലും പാചകം ചെയ്തവയോ, മസാല പുരട്ടിവെച്ചവയോ തുറന്ന് സൂക്ഷിക്കാൻ പാടില്ല. ഇവ വ്യക്തമായ ഡേറ്റ് ടാഗോടുകൂടി സൂക്ഷിക്കുക
- വെജ് -നോൺ വെജ് പാചകം ചെയ്തവ, ചെയ്യാത്തവ ഫ്രിഡ്ജിലോ ഫ്രീസറിലോ ഒരുമിച്ച് പാടില്ല
- കാറ്ററിങ് യൂനിറ്റുകൾ ഭക്ഷണ വിതരണം അടച്ചുറപ്പുള്ള പാത്രങ്ങളിലും വാഹനത്തിലും മാത്രം നടത്തുക. വാഹനത്തിൽ എഫ്.എസ്.എസ്.എ.ഐ ലൈസൻസ് സൂക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.