ആലപ്പുഴ: ''ഓടിചെന്നപ്പോള്‍ ശ്വാസമെടുക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു രോഗി. ഉടന്‍ ഡി.സി.സി സെന്‍ററിലെ സന്നദ്ധ പ്രവര്‍ത്തകര്‍ ആംബുലന്‍സ് വിളിച്ചെങ്കിലും എത്താന്‍ പത്തുമിനുട്ട് എടുക്കുമെന്നറിഞ്ഞു. അത്രനേരം കാത്തുനിന്നാല്‍ അദ്ദേഹത്തിന്‍റെ ജീവൻ നഷ്ടമാകുമായിരുന്നു. അതാണ് സാഹസത്തിനു മുതിര്‍ന്നത്. മൂന്നാമത്തെ നിലയിലായിരുന്നു അദ്ദേഹം. കോണി വഴി ഇറക്കാൻ കൂടെയുള്ള കോവിഡ് പോസിറ്റീവായ ചെറുപ്പക്കാരോട് സഹായം ചോദിച്ചെങ്കിലും അവരാരും മുന്നോട്ടു വന്നില്ല. വീഡിയോ എടുക്കുന്ന തിരക്കിലായിരുന്നു അവർ. ഒടുവിൽ, തൊട്ടടുത്ത മുറിയിലുള്ള വയസ്സായ ആളുടെ സഹായത്തോടെയാണ് ഞങ്ങള്‍ താഴെ എത്തിച്ചത്്" - ആലപ്പുഴയിൽ അത്യാസന്ന നിലയിലായ കോവിഡ് രോഗിയെ ബൈക്കിൽ ഇരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോവാൻ നേതൃത്വം കൊടുത്ത രേഖയുടേതാണ് വാക്കുകൾ.
കോവിഡ് രോഗികൾക്കുള്ള ഡോമിസിലറി കോവിഡ് സെന്‍ററായ (ഡി.സി.സി) പുന്നപ്ര പഞ്ചായത്തിലെ ആലപ്പുഴ എന്‍ജിനിയറിങ് കോളജ് വുമണ്‍സ് ഹോസ്റ്റലിലാണ് സംഭവം. ഡിവൈഎഫ്‌ഐ ആലപ്പുഴ ഭഗവതിക്കല്‍ യൂണിറ്റ് അംഗങ്ങളും കോവിഡ് സന്നദ്ധ പ്രവർത്തകരുമായ രേഖ പി മോളും അശ്വിൻ കുഞ്ഞുമോനുമാണ് രോഗിയെ ആശുപത്രിയിലെത്തിച്ചത്.
ഇന്ന് രാവിലെ ഒമ്പതിന് കോവിഡ് രോഗികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ എത്തിയതായിരുന്നു ഇരുവരും. അപ്പോഴാണ് ഇവിടെ ചികിത്സയിൽ കഴിയുന്ന അമ്പലപ്പുഴ കരൂർ സ്വദേശി സുബിൻ (36) നെഞ്ചുവേദന ഉണ്ടായി ശ്വാസം കിട്ടാതെ അവശനായ വിവരം അറിയുന്നത്. 97 രോഗികളുള്ള സെൻററിൽ പി.പി.ഇ കിറ്റ് ധരിച്ച ഇരുവരും ചേർന്ന് താഴത്തെ നിലയിൽ രോഗികൾക്ക് പ്രഭാതഭക്ഷണം വിളമ്പുന്നതിനിടെയാണ് മൂന്നാം നിലയിൽ കഴിയുന്ന യുവാവ് അവശനിലയിലാെണന്ന് അറിയിയുന്നത്. ഉടൻ ഇരുവരും ചേർന്ന് രോഗിയെ താങ്ങിയെടുത്ത് താഴെ എത്തിച്ച് മേശയിൽ കിടത്തി.
ഉടന്‍ ആംബുലന്‍സിന് വിളിച്ചെങ്കിലും എത്താന്‍ 10-15 മിനുട്ട് താമസിക്കും എന്നറിഞ്ഞു. ഇതോടെ സമയം കളയാതെ ബൈക്കിൽ നടുവിലിരുത്തി, അശ്വിൻ ബൈക്കോടിച്ച് സമീപം തന്നെയുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെയെത്തിച്ച ശേഷം ഓക്‌സിജന്‍ ലെവല്‍ ശരിയായി. പിന്നീട് ആംബുലന്‍സെത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെ, ബൈക്കിൽ രോഗിയെ കൊണ്ടുപോകുന്നതിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ആംബുലൻസ് സൗകര്യം ലഭിക്കാത്തതിനാലാണ് ഇങ്ങനെ ചെയ്യേണ്ടിവന്നതെന്നായിരുന്നു അതിലെ വിവരം. രോഗിക്ക് അസ്വസ്ഥതയുണ്ടായപ്പോൾ പഞ്ചായത്ത് അധികൃതരെ വിളിെച്ചന്നും ആംബുലൻസ് എത്തുന്നതിന് തൊട്ടുമുമ്പ് രോഗിയെ ബൈക്കിൽ സന്നദ്ധപ്രവർത്തകർ മാറ്റുകയായിരുെന്നന്നും കലക്ടർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.