മട്ടാഞ്ചേരി: മലയാള സിനിമക്ക് പ്രഥമ ദേശീയ പുരസ്കാരം നേടിത്തന്ന കൊച്ചിക്കാരൻ ടി.കെ. പരീക്കുട്ടിയെ കോർപറേഷൻ അവഗണിക്കുന്നതായി ആക്ഷേപം.ഫോർട്ട്കൊച്ചി മുനിസിപ്പാലിറ്റിയുടെ കാലഘട്ടത്തിൽ അദ്ദേഹം ഏറ്റെടുത്ത പാട്ട ഭൂമിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച സൈന (കോക്കേഴ്സ്) തിയറ്റർ കോർപറേഷൻ അധീനതയിലായതോടെ അവഗണനയിലാണ്. തിയറ്റർ പരിസരം മാലിന്യ നിക്ഷേപ കേന്ദ്രമാക്കി ദേശീയ പ്രതിഭയെ അപമാനിക്കുന്നതായാണ് ആക്ഷേപം.
അദ്ദേഹം ഓർമയായിട്ട് 54 വർഷം പിന്നിടുകയാണ്. സിനിമ നിർമാതാവ്, വ്യവസായി, സാമൂഹ്യ പ്രവർത്തകൻ, കൗൺസിലർ, കാരുണ്യ പ്രവർത്തകൻ തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിച്ച പരീക്കുട്ടിയെ കൊച്ചി വിസ്മരിക്കുകയാെണന്ന് നാട്ടുകാരും പറയുന്നു. പരീക്കുട്ടി നിർമിച്ചതും സംസ്ഥാനത്തെ ആദ്യ 70 എം.എം തിയറ്ററുമാണ് സൈന (കോക്കേഴ്സ്). കോർപറേഷന്റെ അധീനതയിലായ ശേഷം അടച്ചുപൂട്ടിയ തിയറ്റർ പുനർനിർമിച്ച് പരീക്കുട്ടിയുടെ പേരിൽ സ്മാരകമാക്കി കൊച്ചിയുടെ സാംസ്കാരിക കേന്ദ്രമാക്കുമെന്ന് അധികാരമേറ്റനാൾ മേയർ ഉറപ്പു നൽകിയെങ്കിലും നടന്നില്ല.
1969ൽ നഗരസഭയുടെ 36 സെൻറ് സ്ഥലം പാട്ടത്തിനെടുത്താണ് പരീക്കുട്ടി തിയറ്റർ നിർമിച്ചത്. 30 വർഷക്കാലയളവിൽ എടുത്ത പാട്ടഭൂമി രണ്ടുഘട്ടങ്ങളിലായി നീട്ടി നൽകി. ഇതിനിടെ പരീക്കുട്ടി മരണപ്പെട്ടു. പിന്നീട് കോക്കേഴ്സ് ഗ്രൂപ്പിന്റെ കീഴിലായി തിയറ്റർ. പാട്ട കുടിശ്ശിക നിയമനടപടികളെ തുടർന്ന് 2017ഏപ്രിലിൽ തിയറ്റർ കോർപറേഷൻ ഏറ്റെടുത്ത് അടച്ചു പൂട്ടുകയായിരുന്നു.
മലയാള സിനിമയിൽ മാറ്റത്തിന് തുടക്കമിട്ട നാല് ഇന്ത്യൻ രാഷ്ട്രപതിമാരിൽനിന്ന് നാല് ദേശീയ അവാർഡുകൾ നേടിയ പ്രതിഭയായിരുന്നു ടി.കെ. പരീക്കുട്ടി. ചന്ദ്രതാര ഫിലിംസിന്റെ ബാനറിൽ അദ്ദേഹം നിർമിച്ച ഒമ്പത് ചിത്രങ്ങളിൽ നാലെണ്ണം ദേശീയ പുരസ്കാരം നേടിയപ്പോൾ മറ്റ് അഞ്ച് സിനിമകൾ സംസ്ഥാന അവാർഡുകളും കരസ്ഥമാക്കി. പി. ഭാസ്കരന്റെയും രാമുകാര്യാട്ടിന്റെയും സംവിധാനത്തിൽ സാഹിത്യകാരൻ ഉറൂബ് എഴുതിയ കഥയാണ് 1954ൽ ‘നീലക്കുയിൽ’ സിനിമയായത്. ഇരട്ട സംവിധായകർ സംവിധാനം ചെയ്ത രാജ്യത്തെ ആദ്യ സിനിമ മികച്ച ദേശീയ ചലച്ചിത്രത്തിനുള്ള വെള്ളിമെഡലും നേടി. തെന്നിന്ത്യയിലേക്ക് എത്തിയ ആദ്യ ദേശീയ പുരസ്കാരമായിരുന്നു അത്.
1961 ൽ പുറത്തിറങ്ങിയ മുടിയനായ പുത്രൻ, തച്ചോളി ഒതേനൻ (1963), കുഞ്ഞാലി മരയ്ക്കാർ (1967 ) എന്നീ സിനിമകളും ദേശീയ പുരസ്കാരങ്ങൾ നേടി. ഫോർട്ട്കൊച്ചി മുനിസിപ്പൽ കൗൺസിലർ കൂടിയായിരുന്ന പരീക്കുട്ടിയോട് സിനിമ മേഖലയും സർക്കാർ- നഗരസഭാധികൃതരും നടത്തുന്ന അവഗണന വ്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.