കുടയത്തൂർ: പഴയ വിദ്യാലയത്തിൽ ഗതകാലസ്മരണകൾ അയവിറക്കാൻ പലരും ഒത്തുകൂടാറുണ്ടെങ്കിലും പഠിച്ചിറങ്ങിയ സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും സ്വന്തം വരുമാനത്തിൽനിന്നും സ്കോളർഷിപ് നൽകുന്നത് അധികം കേട്ടിട്ടുണ്ടാവില്ല. ആറ് പതിറ്റാണ്ട് മുമ്പ് പഠിച്ച ഇറങ്ങിയ ജോർജ് മുണ്ടയ്ക്കൽ എന്ന കുടയത്തൂർ സ്വദേശിയാണ് മുതിയാമല ഗവ. എൽ.പി സ്കൂളിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ് ഏർപ്പെടുത്തിയത്.
ഒന്ന് മുതൽ നാലു വരെ ക്ലാസിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികളുടെയും അക്കൗണ്ടിലേക്ക് എല്ലാ മാസവും 300 രൂപ വീതം ക്രെഡിറ്റാകും.
1960 മുതൽ 1965 വരെ ഒന്നു മുതൽ അഞ്ച് വരെ ഇവിടെ പഠിച്ച ജോർജ് മുണ്ടയ്ക്കൽ താൻ ആദ്യപാഠങ്ങൾ പഠിച്ച സ്കൂളിലെ സാമ്പത്തിക ബുദ്ധിമുട്ടുള്ള ചില വിദ്യാർഥികളെ സഹായിക്കാൻ ഒരു സ്കോളർഷിപ് നൽകാനാണ് ആദ്യം തീരുമാനിച്ചത്. പക്ഷേ, ബുദ്ധിമുട്ടുള്ളവർ ധാരാളം ഉണ്ട് എന്നതിനാലാണ് സ്കൂൾ അധികൃതരുമായി ആലോചിച്ച് എല്ലാ വിദ്യാർഥികൾക്കും സ്കോളൾഷിപ്പായി 300 രൂപ വീതം നൽകാൻ തീരുമാനിച്ചത്.
സ്കൂൾ കാലയളവിൽ മാത്രമല്ല വാർഷിക അവധി ഉൾപ്പെടെ 12 മാസവും നൽകുന്നുമുണ്ട്.
2019 -2020 അധ്യയനവർഷം മുതൽ ആരംഭിച്ച ഈ സമ്മാന വിതരണം അഞ്ചാം വർഷവും തുടരുകയാണ്. സ്കൂളുകൾ അടഞ്ഞുകിടന്ന കോവിഡ് മഹാമാരിയുടെ സമയത്തും പ്രളയ സമയത്തും മുടക്കമില്ലാതെ സഹായം നൽകിവന്നു.
തന്റെ കാലശേഷവും ഇത് തുടരുമെന്നും ജോർജ് പറഞ്ഞു. സ്കൂളിനോട് ചേർന്നുതന്നെ താമസിച്ച് വന്നിരുന്ന ജോർജിന് മലയോര മേഖലയിലെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ബുദ്ധിമുട്ട് അറിഞ്ഞാണ് വളർന്നത്. തങ്ങളുടെ ഈ മാതൃക അറിയുന്നതോടെ മറ്റുള്ളവരും ഈ രീതി അവലംബിക്കുമെന്ന പ്രതീക്ഷയും ഇദ്ദേഹം പങ്കുവെക്കുന്നു.
പഠനശേഷം 1975ൽ കേരളത്തിനു പുറത്തേക്ക് ജോലിക്കുപോയ ജോർജ് മുണ്ടയ്ക്കൽ വിജയവാഡ, ഒഡിഷ, ചെന്നൈ എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷം ഇപ്പോൾ പുതുച്ചേരിയിലാണ് ബിസിനസ് ചെയ്യുന്നത്. ഭാര്യ ഏലിയാമ്മ ജോർജിനും മക്കളായ ആൻ, അബി എന്നിവർക്കും ഒപ്പം പുതുച്ചേരിയിൽ തന്നെയാണ് താമസവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.