കളമശ്ശേരി: നാലുവർഷം വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ച ഡോ. കെ.എൻ. മധുസൂദനൻ കൊച്ചി സർവകലാശാലയിൽനിന്ന് പടിയിറങ്ങുന്നു. പ്രൊ വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരനും സ്ഥാനമൊഴിയുകയാണ്. പ്രഫ. മധുസൂദനൻ, സര്‍വകലാശാല താൽക്കാലിക രജിസ്ട്രാറായും ഇന്‍സ്ട്രുമെന്റേഷൻ വകുപ്പിൽ ദീർഘകാലം വകുപ്പ് മേധാവിയായും പ്രഫസറായും സിൻഡിക്കേറ്റ് അംഗമായും മഹാത്മാഗാന്ധി സർവകലാശാല എൻജിനീയറിങ് ആൻഡ് ടെക്നോളജി ഡീൻ ആയും പ്രവർത്തിച്ചിട്ടുണ്ട്.
കുസാറ്റിൽനിന്ന് പിഎച്ച്.ഡി കരസ്ഥമാക്കിയ ശേഷം ഐ.ഐ.എസ്.സി ബംഗളൂരു, ജർമനി, ബെൽജിയം, ഇറ്റലി എന്നിവിടങ്ങളിൽ ഗവേഷകനായി പ്രവർത്തിച്ചിട്ടുണ്ട്. 30 വർഷത്തെ അധ്യാപന പരിചയത്തിനിടെ നിരവധി ഗവേഷണ വിദ്യാർഥികളുടെ ഗൈഡായും പ്രവർത്തിച്ചു. പ്രമുഖ ജേണലുകളിൽ 150ലേറെ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗവേഷണരംഗത്തെ സ്തുത്യർഹ സംഭാവനക്ക് രാജ്യാന്തര പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പ്രൊ വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ കുസാറ്റിലെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മേധാവിയായും സെന്റർ ഫോർ പോപുലേഷൻ സ്റ്റഡീസ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈമാസം 24ന് സ്ഥാനമൊഴിയുന്ന ഇരുവർക്കും യാത്രയയപ്പ് നൽകും. വിവിധ സംഘടനകളും സർവകലാശാല അംഗങ്ങളും കുസാറ്റ് സെമിനാർ കോംപ്ലക്സിൽ രാവിലെ 10ന് നടത്തുന്ന പരിപാടിയിൽ നിയമ മന്ത്രി പി. രാജീവ് മുഖ്യാതിഥിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.