മട്ടാഞ്ചേരി: തിരക്കേറിയ തോപ്പുംപടിയിൽ യാത്രക്കാർക്ക് തണലേകിയിരുന്ന വലിയ വൃക്ഷം അവധി ദിനങ്ങളിൽ മുറിച്ച് കടത്തി. തോപ്പുംപടി നക്ഷത്ര ജ്വല്ലറിയുടെ മുന്നിലുണ്ടായിരുന്ന മരമാണ് പൂർണമായും മുറിച്ച് കടത്തിയത്. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്താണ് മരം നിന്നിരുന്നത്. അവധി ദിനമായ ഞായറാഴ്ചയും തിങ്കളാഴ്ചയുമായിരുന്നു മരംമുറി.
തോപ്പുംപടി സൗന്ദര്യവത്കരണ പദ്ധതിയുടെ പേരിലാണ് മരം മുറിച്ചതെന്നും ഇതിന് അനുമതിയുണ്ടെന്നും പൊതുമരാമത്ത് അധികൃതർ പറയുന്നു. എന്നാൽ, അനുമതിയുണ്ടെങ്കിൽ തന്നെ അവധിയുടെ മറവിൽ മുറിച്ച് നീക്കിയതിൽ ദുരൂഹതയുണ്ടെന്നാണ് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നത്. മരം ജ്വല്ലറിയുടെ കാഴ്ച മറക്കുമെന്നതിനാലാണ് അധികൃതരുടെ ഒത്താശയോടെ മുറിച്ചതെന്നും ആക്ഷേപമുണ്ട്.
യാതൊരു വിധത്തിലും അപകടകരമല്ലാത്ത മരം മുറിച്ച് നീക്കിയതിൽ വലിയ പ്രതിഷേധമാണ് ഉടലെടുത്തിരിക്കുന്നത്. മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് അധികൃതർ തന്നോട് പറഞ്ഞിട്ടില്ലെന്ന് ഡിവിഷൻ കൗൺസിലർ ഷീബ ഡ്യൂറോം പറഞ്ഞു.
അതേസമയം മുറിച്ച മരം എവിടെ എന്ന ചോദ്യത്തിന് അധികൃതർക്ക് ഉത്തരമില്ലാത്ത അവസ്ഥയാണ്. പള്ളുരുത്തി സ്വദേശിയാണ് മരം മുറിച്ചതെന്നാണ് അറിയുന്നത്. മരത്തിന്റെ തടികൾ മുറിച്ചവർ തന്നെ കൊണ്ടുപോയെന്നാണ് ഇടനിലക്കാരൻ പറയുന്നത്. സർക്കാർ മരം അനുമതിയോടെ മുറിച്ചാൽ തന്നെ മുറിച്ച മരത്തടികൾ ലേലം ചെയ്യണമെന്നിരിക്കെ ഇത് കടത്തിക്കൊണ്ട് പോയത് ഗുരുതരകുറ്റമാണെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. അധികൃതരുടെ ഒത്താശയോടെ മരം മുറിച്ച് കടത്തിയ സംഭവത്തിൽ കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ വനം വകുപ്പ് മന്ത്രിക്ക് പരാതി നൽകി. ഗ്രീൻ കൊച്ചി ജില്ല കലക്ടർക്കും ഫോറസ്റ്റ് കൺസർവേറ്റർക്കും പരാതി നൽകി. കൊച്ചിൻ വികസന വേദി പൊതുമരാമത്ത് വകുപ്പിനും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.