പള്ളുരുത്തി: ഓൺലൈൻ തട്ടിപ്പ് ഉൾപ്പെടെ നിയമവിരുദ്ധ പ്രവൃത്തികൾക്കായി മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ പള്ളുരുത്തി തങ്ങൾ നഗർ നികർത്തിൽ പറമ്പിൽ അഫ്സർ അഷ്റഫിനെ (34) പിടികൂടി. തോപ്പുംപടി പോളക്കണ്ടം മാർക്കറ്റിന് സമീപം ഷുഹൈബ് ഹസന്റെ പരാതിയിലാണ് തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തത്.
ചൈനീസ് കമ്പനിയായ യിങ് ലോൺ എന്ന സ്ഥാപനത്തിൽ ഇൻവെസ്റ്റ്മെന്റ് സ്കീമിൽ ജോലി വാഗ്ദാനം ചെയ്താണ് ഷുഹൈബ് ഹസൻ ഉൾപ്പെടെ ആറുപേരെ പ്രതി ലാവോസിലേക്ക് കൊണ്ടുപോയത്. 50,000 രൂപ വീതം ഇവരിൽനിന്ന് വാങ്ങിയിരുന്നു. അവിടെ എത്തിച്ചശേഷം യിങ് ലോൺ കമ്പനിക്ക് നാലുലക്ഷം രൂപ വീതം വാങ്ങി വിൽക്കുകയായിരുന്നുവെന്നാണ് പരാതി.
ഏപ്രിൽ നാലിനാണ് ഷുഹൈബും സുഹൃത്തുക്കളും ലാവോസിലേക്ക് പോയത്. ലാവോസിൽ എത്തിയ ശേഷമാണ് ഓൺലൈൻ തട്ടിപ്പുകൾ ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവൃത്തികൾക്കാണ് തങ്ങളെ എത്തിച്ചതെന്ന് ഇവർ തിരിച്ചറിയുന്നത്. ജോലി ചെയ്തില്ലെങ്കിൽ ശാരീരികമായും മാനസികമായും കമ്പനിക്കാർ പീഡിപ്പിച്ചിരുന്നു. രഹസ്യമായി തങ്ങളുടെ ദുരിതങ്ങൾ അറിയിച്ചതിനെത്തുടർന്ന് ഇന്ത്യൻ എംബസി ഇടപെട്ട് ഈ മാസം മൂന്നിന് ഇവരെ നാട്ടിലെത്തിക്കുകയായിരുന്നു.
മടങ്ങിയെത്തിയ ആറുപേരിൽ ഒരാൾ മാത്രമാണ് പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. ലാവോസിലെ ഗോൾഡൻ ട്രയാങ്കിളിൽ പ്രവർത്തിക്കുന്ന യിങ് ലോൺ ജീവനക്കാരായ സോങ്, ബോണി എന്നിവരും കേസിൽ പ്രതികളാണ്. അറസ്റ്റിലായ അഫ്സർ നേരത്തേ ലാവോസിൽ ജോലിക്കുപോയ ശേഷം മടങ്ങി വന്ന് പിന്നീട് ഇടനിലക്കാരനായി മാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.