കൊച്ചി: അഭിഭാഷകവൃത്തിയിലേക്ക് എത്തുന്ന മക്കൾക്ക് സനദ് സമ്മാനിച്ച് ജസ്റ്റിസുമാർ. ഞായറാഴ്ച ഹൈകോടതി ഓഡിറ്റോറിയത്തിൽ നടന്ന എൻറോൾമെന്റ് ചടങ്ങ് അപൂർവ നിമിഷങ്ങൾക്ക് സാക്ഷിയായി. എറണാകുളം രവിപുരം സ്വദേശി വൃന്ദ ബാബുവിന് പിതാവ് ജസ്റ്റിസ് കെ. ബാബുവും എറണാകുളം സ്വദേശി എ.ആർ. അമലിന് പിതാവ് ജസ്റ്റിസ് പി.ജി. അജിത്കുമാറും സനദ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു.
നാല് സെഷനുകളിലായാണ് ചടങ്ങ് നടന്നത്. ആദ്യ സെഷനിൽ ആദ്യം വേദിയിലെത്തിയാണ് വൃന്ദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. മാതാവ് സന്ധ്യയും സഹോദരൻ വരുണും ഈ നിമിഷത്തിന് സാക്ഷികളായി. മൂന്നാമത് സെഷനിലാണ് അമൽ ജസ്റ്റിസ് പി.ജി. അജിത്കുമാറിൽനിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.
അഭിഭാഷകനായ പിതാവിനെ കണ്ടുവളർന്ന തനിക്ക് അച്ഛനിൽനിന്നുതന്നെ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങാനായത് സന്തോഷകരമായ നിമിഷങ്ങളായിരുന്നുവെന്ന് വൃന്ദ പറഞ്ഞു. എറണാകുളത്ത് താമസിക്കുന്ന കൊല്ലം സ്വദേശിയായ വൃന്ദ തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് 2017-2022 ബാച്ചിലാണ് അഭിഭാഷക പഠനം പൂർത്തിയാക്കിയത്. തിരുച്ചിറപ്പള്ളി നാഷനൽ ലോ യൂനിവേഴ്സിറ്റിയിൽനിന്നാണ് അമൽ അഭിഭാഷക പഠനം പൂർത്തിയാക്കിയത്. മാതാവ് വി.എം. രമയും അപൂർവ നിമിഷത്തിന് സാക്ഷ്യംവഹിച്ചു. ചടങ്ങിൽ 1038 പേർ അഭിഭാഷകരായി സത്യപ്രതിജ്ഞ ചെയ്തു. ബാർ കൗൺസിൽ ചെയർമാൻ കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.