ഫോർട്ട്കൊച്ചി: കൊച്ചിയിലെ പുതുവർഷാഘോഷം കാണാനെത്തിയ പതിനായിരങ്ങളെ സാക്ഷിയാക്കി 64 അടി ഉയരമുള്ള പപ്പാഞ്ഞിക്ക് തീകൊളുത്തി പുതുവര്‍ഷത്തെ വരവേറ്റു. ഇതോടെ ചുറ്റിലും ഹാപ്പി ന്യൂ ഇയർ ശബ്ദങ്ങൾ ഉയർന്നു. പുതുവർഷപ്പുലരിയിലേക്ക് കടന്ന ഉടൻ കൊച്ചി തുറമുഖത്തും വല്ലാർപാടം ടെർമിനലിലും നങ്കൂരമിട്ട കപ്പലുകളില്‍നിന്ന് നീണ്ട സൈറൺ മുഴങ്ങി. തുടർന്ന്, ഫോര്‍ട്ട്കൊച്ചി പരേഡ് മൈതാനിയില്‍ ഇരുപതോളം മിനിറ്റ് നീണ്ട കരിമരുന്ന് പ്രയോഗം. ആകാശത്ത് വർണക്കുടകൾ തീർത്ത് പടക്കങ്ങൾ പൊട്ടി. പോയ വർഷത്തിന്റെ പ്രതീകമായ കൂറ്റന്‍ പപ്പാഞ്ഞി എരിഞ്ഞമരുന്നതും കാത്ത് തിങ്ങിനിറഞ്ഞ ജനക്കൂട്ടം ആര്‍പ്പുവിളിച്ചു. ഇത്തവണത്തെ കാർണിവൽ പപ്പാഞ്ഞി മോദിയുടെ മുഖ സാദൃശ്യത്തിന്റെ പേരിൽ വിവാദത്തിലാകുകയും കാർണിവൽ കമ്മിറ്റി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. വൈറലായതിനെത്തുടർന്ന് പപ്പാഞ്ഞിയെ കാണാൻ മാത്രം എത്തിയവരും നിരവധിയായിരുന്നു.
ഫോർട്ട്കൊച്ചിയിൽ വിവിധ സംഘടനകളും കുട്ടിക്കൂട്ടങ്ങളും നിർമിച്ച പപ്പാഞ്ഞികളും പുതുവർഷപ്പിറവിയിൽ എരിഞ്ഞടങ്ങി. യുവാക്കളും കുട്ടികളും കത്തുന്ന പപ്പാഞ്ഞിക്ക് ചുറ്റും ആനന്ദ നൃത്തമാടി. നവവത്സര ആഘോഷത്തിന് ഫോര്‍ട്ട് കൊച്ചിയിലേക്ക് രാവിലെ മുതല്‍ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ദൂരസ്ഥലങ്ങളില്‍നിന്നുള്ളവര്‍ ശനിയാഴ്ചതന്നെ ഹോംസ്റ്റേകളിലും ഹോട്ടലുകളിലും മുൻകൂട്ടി താമസ സൗകര്യം ഒരുക്കിയിരുന്നു. ആയിരക്കണക്കിന് വിദേശ സഞ്ചാരികളും കൊച്ചിയുടെ ജനകീയ ആഘോഷത്തിൽ പങ്കുചേരാൻ എത്തിയിരുന്നു.
പപ്പയുടെ വേഷമണിഞ്ഞ് നൂറുകണക്കിന് യുവതീയുവാക്കൾ നടക്കുന്ന കാഴ്ച എങ്ങും കാണാമായിരുന്നു. പപ്പാഞ്ഞി കത്തിക്കലിന് മുന്നോടിയായി വി.ആർ വൺ മ്യൂസിക് ഷോയും സംഘടിപ്പിച്ചിരുന്നു. പുതുവത്സരാഘോഷ പരിപാടികള്‍ക്ക് സമാപനം കുറിച്ച് ഫോർട്ട്കൊച്ചി വെളിയിൽനിന്ന് ഞായറാഴ്ച വൈകീട്ട് നാലിന് കൊച്ചിന് കാര്‍ണിവല്‍ റാലി ആരംഭിക്കും. നിശ്ചലദൃശ്യങ്ങളും പ്രച്ഛന്നവേഷ ധാരികളും കലാരൂപങ്ങളും റാലിയിൽ അണിനിരക്കും. പരേഡ് മൈതാനിയില്‍ റാലി സമാപിക്കും. തുടർന്ന് പൊതുസമ്മേളനവും സമ്മാനദാനവും ഉണ്ടാകും. പള്ളുരുത്തിയിലും മെഗാ കാർണിവൽ നടന്നു. ശനിയാഴ്ച വൈകീട്ട് നടന്ന കലാപരിപാടികളിലും നാടൻപാട്ടിലും പങ്കാളികളാകാന്‍ നിരവധി പേരാണ് പള്ളുരുത്തി അർജുനൻ മാസ്റ്റർ മൈതാനിയിൽ എത്തിച്ചേര്‍ന്നത്. ഇവിടെ സ്ഥാപിച്ച പപ്പാഞ്ഞിയും അഗ്നിക്കിരയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.