കൊച്ചി: ജീവനുതുല്യം സ്നേഹിച്ചിരുന്ന പൊന്നുപെങ്ങൾ കേരളം നടുങ്ങിയ കളമശ്ശേരി ബോംബ് സ്ഫോടനത്തിന്റെ അന്നുതന്നെ ഈ ലോകത്തോട് വിടപറഞ്ഞതും ദിവസങ്ങളോളം വേദനയോട് മല്ലിട്ട് പ്രിയപ്പെട്ട അമ്മ അവൾക്കുപിന്നാലെ പോയതുമൊന്നും അറിയാതെ ഒടുവിൽ അവനും യാത്രയായി. സ്ഫോടനത്തിൽ ഗുരുതര പരിക്കുകളോടെ ദിവസങ്ങളോളം വെൻറിലേറ്ററിൽ കിടന്ന കാലടി മലയാറ്റൂർ കടവൻകുഴി വീട്ടിൽ പ്രദീപന്റെ മൂത്ത മകൻ പ്രവീണാണ് (24) പിതാവിന്റെയും സഹോദരന്റെയും പ്രാർഥനകളും പ്രതീക്ഷകളുമെല്ലാം വിഫലമാക്കി വ്യാഴാഴ്ച അർധരാത്രി മരണത്തിന് കീഴടങ്ങിയത്. ഇതോടെ അഞ്ചുപേരുണ്ടായിരുന്ന കുടുംബത്തിൽ രണ്ടുപേർ മാത്രമായി. പ്രദീപനും ഇളയ മകൻ രാഹുലുമാണ് കുടുംബത്തിൽ ഇനി അവശേഷിക്കുന്നത്. സ്ഫോടനത്തിൽ ആകെ മരിച്ച ആറുപേരിൽ മൂന്നുപേരും ഈ കുടുംബത്തിൽനിന്നുള്ളവരാണ്.
പ്രദീപന്റെ 12 വയസ്സുള്ള ഇളയമകൾ ലിബിനയുടെ ജീവൻ സ്ഫോടനം നടന്ന ഒക്ടോബർ 29ന് അർധരാത്രിതന്നെ പൊലിഞ്ഞിരുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്രദീപന്റെ ഭാര്യ റീന ജോസ് എന്ന സാലി (45) കഴിഞ്ഞ ശനിയാഴ്ച രാത്രിയും മരിച്ചു. അപ്പോഴൊക്കെയും ഇതൊന്നുമറിയാതെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിൽ കഴിയുകയായിരുന്നു പ്രവീൺ. അവനെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നെങ്കിലെന്ന് ഉള്ളുരുകി പ്രാർഥിച്ചു കഴിയുകയായിരുന്നു പ്രദീപൻ. സ്ഫോടനത്തിൽ പരിക്കേറ്റ് അടുത്തിടെവരെ മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന രാഹുലിനും ചേട്ടനെ ജീവനോടെ കിട്ടണേയെന്ന പ്രാർഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മയെയും സഹോദരിയെയും രക്ഷിക്കുന്നതിനിടെയാണ് പ്രവീണിന് ദേഹമാസകലം പൊള്ളലേറ്റത്.
പ്രിയപ്പെട്ട മകളുടെ ജീവൻ നഷ്ടമായപ്പോൾതന്നെ ജീവിതമാകെ തകർന്ന നിലയിലായിരുന്നു പ്രദീപൻ. രണ്ടാഴ്ചക്കകം ഭാര്യകൂടി വിടപറഞ്ഞതോടെ മനോവ്യഥ ഇരട്ടിയായി. ഇതിനു പിന്നാലെയാണ് ഒരാഴ്ചയാവും മുമ്പേ മൂത്ത മകനും ഓർമയാവുന്നത്. ആരോടും ഒന്നും മിണ്ടാനാകാതെ, തളർന്നും തകർന്നും ഇടക്ക് കണ്ണീരു വാർത്തും നീറുന്ന പ്രദീപൻ ഒപ്പമുള്ളവർക്കെല്ലാം നോവാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.