മട്ടാഞ്ചേരി: ട്രോളിങ് നിരോധനത്തിനു ശേഷം പ്രതീക്ഷയോടെ കടലിൽ പോയ പേഴ്സിൻ നെറ്റ് ബോട്ടുകളിൽ മിക്കതിനും മോശമല്ലാത്ത രീതിയിൽ അയല ലഭിച്ചു. ചില ബോട്ടുകൾക്ക് നാലുലക്ഷം രൂപ വരെ വില ലഭിച്ചതായി പറയുന്നുണ്ട്. എഴുപതോളം പേഴ്സിൻ ബോട്ടുകളാണ് കടലിൽ പോയത്. ആദ്യദിവസം കാര്യമായി മത്സ്യം ലഭിക്കാത്തത് നിരാശപ്പെടുത്തിയിരുന്നു.
കൊച്ചി ഫിഷറീസ് ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിനായി പോയ നൂറോളം ട്രോൾ നെറ്റ് ബോട്ടുകളിൽ പത്തോളം ബോട്ടുകളാണ് മടങ്ങിയെത്തിയത്. ഈ ബോട്ടുകൾക്ക് നല്ലരീതിയിൽ കിളിമീൻ ലഭിച്ചു. 60,000 മുതൽ 80,000 രൂപ വരെയാണ് വില കിട്ടിയത്.
ശേഷിക്കുന്ന ബോട്ടുകൾ രണ്ട് ദിവസത്തിനു ശേഷമേ മടങ്ങിയെത്തൂ. അമേരിക്ക ഇറക്കുമതി നിരോധിച്ചതിന്റെ അടിസ്ഥാനത്തിൽ ചെമ്മീന്‍ നല്ല വില ലഭിക്കാത്തതിനാൽ ട്രോൾ നെറ്റ് ബോട്ടുകൾ കണവ തേടി ആഴക്കടലിലേക്ക് പോയതിനാൽ മടങ്ങാൻ വൈകുമെന്നാണ് ബോട്ടുടമകൾ പറയുന്നത്. മുന്നൂറോളം വരുന്ന ഗിൽനെറ്റ് ബോട്ടുകൾ അടുത്ത ദിവസങ്ങളിൽ കടലിൽ ഇറങ്ങുമെന്നാണ് പറയുന്നത്. കാലാവസ്ഥ അൽപം തെളിഞ്ഞത് ആശ്വാസകരമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.