കൊച്ചി: മേഖല ആസ്ഥാന മന്ദിരത്തിനായി ആറ് മരങ്ങൾ മാത്രമേ മുറിച്ചുമാറ്റുന്നുള്ളൂവെന്ന് വനംവകുപ്പ് ഹൈകോടതിയിൽ. ഇടപ്പള്ളിയിൽ നിർമിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന് 59 മരങ്ങളാണ് മുറിക്കാൻ തീരുമാനിച്ചതെങ്കിലും ഏറ്റവും കുറച്ച് മാത്രം മുറിച്ചുനീക്കാൻ സഹായകരമാകുന്ന വിധം നിർമാണത്തിൽ മാറ്റംവരുത്താൻ തീരുമാനിച്ചതായി സാമൂഹിക വനവത്കരണ വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ പരിസ്ഥിതി ദിനമായ ബുധനാഴ്ച സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു. ആസ്ഥാന മന്ദിരം നിർമിക്കുന്ന അതേ സ്ഥലത്ത് വംശനാശ ഭീഷണി നേരിടുന്ന കൂടുതൽ മരങ്ങൾ വെച്ചുപിടിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇടപ്പള്ളിയിൽ വനംവകുപ്പിന്റെ ഓഫിസ് സമുച്ചയത്തിനുവേണ്ടി മുറിക്കേണ്ട മരങ്ങളിൽ 19 എണ്ണം മാറ്റിവെച്ച് പിടിപ്പിക്കാനായിരുന്നു നേരത്തേ വനം വകുപ്പ് തീരുമാനിച്ചത്. എന്നാൽ, ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിൽ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പാർപ്പിട സമുച്ചയം ഇടപ്പള്ളിയിൽനിന്ന് നെടുമ്പാശ്ശേരിയിലേക്ക് മാറ്റും.
ഇതിനായി നബാർഡിന്റെ അനുമതി തേടുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. നിർമാണ സ്ഥലത്തുനിന്ന് മുറിച്ചുനീക്കാൻ തീരുമാനിച്ച മരങ്ങളിൽ ഒന്നുപോലും അപൂർവ ഇനത്തിൽപെട്ടതല്ലെന്ന് നേരത്തേ വനം വകുപ്പ് അറിയിച്ചിരുന്നു. മേഖല ആസ്ഥാന മന്ദിരത്തിനായി മരം മുറിക്കാൻ അനുമതി നൽകിയ കൊച്ചി മേയറുടെ അധ്യക്ഷതയിലുള്ള ‘ട്രീ കമ്മിറ്റി’ യോഗ തീരുമാനം ചോദ്യംചെയ്ത് അഭിഭാഷകനായ ബി.എച്ച്. മൻസൂർ നൽകിയ ഹരജിയിലാണ് വനം വകുപ്പിന്റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.