കൊച്ചി: സഹകരണ മേഖലയിൽ സ്ഥാപിച്ച കളമശ്ശേരിയിലെ മെഡിക്കൽ കോളജ് പൂർണമായും സർക്കാറിന്റെ കീഴിലായിട്ട് തിങ്കളാഴ്ചത്തേക്ക് 10 വർഷം പൂർത്തിയാകുന്നു. 2013 ഡിസംബർ 11നാണ് പരിതാപകരമായ സ്ഥിതിയിലായിരുന്ന ആതുരാലയം സർക്കാർ ഏറ്റെടുക്കുന്നത്. 1999ൽ സ്ഥാപിതമായ മെഡിക്കൽ കോളജ് അടുത്ത വർഷം രജത ജൂബിലി ആഘോഷിക്കുകയാണ്.
എന്നാൽ, സംസ്ഥാനത്തിന്റെ വ്യവസായിക തലസ്ഥാനം, മെട്രോ നഗരം, ഐ.ടി നഗരം തുടങ്ങിയ പ്രത്യേകതയേറെയുള്ള ജില്ലയിലെ പ്രധാനപ്പെട്ട സർക്കാർ ആതുരാലയത്തിന് അതിന്റേതായ നിലവാരവും സൗകര്യമുണ്ടോയെന്ന ചോദ്യത്തിന് ഒറ്റനോട്ടത്തിൽ ഇല്ലെന്നാകും മറുപടി. കെടുകാര്യസ്ഥതയും നിയമനത്തിലും വിദ്യാർഥി പ്രവേശനത്തിലുമുണ്ടായ അഴിമതിയും മൂലം, അന്തരിച്ച ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ നിർദേശിച്ചതനുസരിച്ചാണ് 10 വർഷം മുമ്പ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി മെഡിക്കൽ കോളജ് ഏറ്റെടുത്ത് സർക്കാറിന്റേതാക്കിയത്.
പാവങ്ങളുടെ പ്രതീക്ഷ
ജില്ലയിലെ, പ്രത്യേകിച്ച് കൊച്ചി നഗരത്തിലെ വൻകിട സ്വകാര്യ ആശുപത്രികളിലെ ചികിത്സ ചെലവ് താങ്ങാനാകാത്ത സാധാരണക്കാരായ രോഗികൾക്ക് മികച്ച ചികിത്സ സൗജന്യമായി ലഭിക്കുന്ന സ്ഥാപനമായി മാറാൻ മെഡിക്കൽ കോളജിന് അധിക സമയമെടുത്തില്ല.
പ്രതിമാസം അരലക്ഷത്തോളം രോഗികൾ ചികിത്സ തേടുന്നു. സഹകരണ മേഖലയിൽ ആയിരുന്നപ്പോൾ കിടത്തിച്ചികിത്സിക്കുള്ള സൗകര്യം കുറവായിരുന്നു. അന്നാണെങ്കിൽ ചികിത്സക്ക് ഫീസും നൽകണമായിരുന്നു. എന്നാൽ, സർക്കാർ ഏറ്റെടുത്തതോടെ മികച്ച നിലവാരത്തിലുള്ള ചികിത്സ സൗജന്യമായി കിട്ടി തുടങ്ങി.
അത്യാഹിതത്തിന്
ചികിത്സ വേണം
അത്യാഹിത വിഭാഗത്തിലെ പരിമിതികളും പോരായ്മകളുമാണ് കോളജിന്റെ വികസനത്തിൽ പിറകോട്ടു വലിക്കുന്ന പ്രധാന ഘടകം. മറ്റ് മെഡിക്കൽ കോളജുകളിലെ പോലെ എമർജൻസി ഓപറേഷൻ തിയറ്റർ (ഇ.ഒ.ടി) ഇല്ല. അടുത്തിടെ നാടിനെ പിടിച്ചുലച്ച കളമശ്ശേരിയിൽ നടന്ന രണ്ട് ദുരന്തവും മെഡിക്കൽ കോളജിൽനിന്ന് ഏറെ അകലെയല്ലാത്ത ഇടങ്ങളിലായിരുന്നു.
യഹോവയുടെ സാക്ഷികളുടെ സമ്മേളനവേദിയിലെ സ്ഫോടനവും കുസാറ്റിലെ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കുംതിരക്കുമുണ്ടായപ്പോൾ പരിക്കേറ്റവരെയും മൃതപ്രായരായവരെയും കൊണ്ട് ആദ്യമെത്തിയത് മെഡിക്കൽ കോളജിലാണ്. രണ്ടു സന്ദർഭത്തിലും മെഡിക്കൽ കോളജിന്റെ പരിമിതികളും വാർത്തയായിരുന്നു. ഒരു ട്രോമ കെയർ യൂനിറ്റിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നതാണ് ആകെയുള്ള പ്രതീക്ഷ.
ഒഴിഞ്ഞുകിടക്കുന്നു,
ഒട്ടേറെ തസ്തികകൾ
ആയിരക്കണക്കിന് സാധാരണക്കാരുടെ ചികിത്സ കേന്ദ്രമായ കളമശ്ശേരി ഗവ.മെഡിക്കൽ കോളജിൽ ഒഴിഞ്ഞുകിടക്കുന്നത് 31 സ്ഥിരം ഡോക്ടർ തസ്തികകളാണ്. 20 വകുപ്പിലായി 170 പേർ വേണ്ടിടത്ത് 139 സ്ഥിരം ഡോക്ടർമാരാണുള്ളത്. കൂടുതൽ ഡോക്ടർമാർ വേണ്ട ജനറൽ മെഡിസിൻ വിഭാഗത്തിലാണ് ഒഴിവുകൾ അധികവും. 20 പേർ വേണ്ടിടത്ത് ഇവിടെയുള്ളത് 14 പേരാണ്.
ഫിസിയോളജി വിഭാഗത്തിൽ നാല്, ജനറൽ സർജറി, ഓർത്തോപീഡിക്സ്, സ്ത്രീരോഗ വിഭാഗം, റേഡിയോ ഡയഗ്നോസിസ്, കാർഡിയോളജി -രണ്ട്, ബയോകെമിസ്ട്രി, പാത്തോളജി, മൈക്രോബയോളജി, ഫോറൻസിക് മെഡിസിൻ, പൾമണറി മെഡിസിൻ, സൈക്യാട്രി, പീഡിയാട്രിക്സ്, ഇ.എൻ.ടി, അനസ്തേഷ്യോളജി, ദന്തരോഗ വിഭാഗം, ന്യൂറോളജി -ഒന്ന് എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലെയും ഒഴിവുകൾ.
നിലവിൽ പി.ജി കോഴ്സുകൾ പരിമിതമാണ്. ജനറൽ മെഡിസിൻ, പാത്തോളജി, പീഡിയാട്രിക്സ്, മൈക്രോ ബയോളജി, സൈക്യാട്രി വിഷയങ്ങളിൽ മാത്രമാണ് ബിരുദാനന്തര പഠനം നടക്കുന്നത്. അടിസ്ഥാന വിഷയങ്ങളായ സർജറി, ഓർതോപീഡിക്സ്, അനസ്തേഷ്യോളജി, ഗൈനക്കോളജി വിഷയങ്ങളിൽ പി.ജി കോഴ്സുകൾ ഇല്ലെന്നതും സ്ഥാപനത്തിന്റെ ശോഭകെടുത്തുന്നു. അത്യാഹിത വിഭാഗം, ലേബർ റൂം, തീവ്ര പരിചരണ വിഭാഗം, ഓപറേഷൻ തിയറ്ററുകൾ എന്നിവ 24 മണിക്കൂറും എണ്ണയിട്ടയന്ത്രം പോലെ പ്രവർത്തിക്കുന്നതിൽ പി.ജി വിദ്യാർഥികൾ വലിയ പങ്കുവഹിക്കുന്നു.
ഒരുങ്ങുന്നു, സൂപ്പർ സ്പെഷാലിറ്റി കെട്ടിടം
പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർസ്പെഷാലിറ്റി കെട്ടിട നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. ജനുവരിയോടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് അധികൃതരുടെ വാക്ക്. എന്നാൽ, സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളിലാണ് ഡോക്ടർമാരുടെ കുറവ് ഏറെയുള്ളത്. അടിസ്ഥാന സൗകര്യവികസനത്തിനൊപ്പം ഈ കാര്യവും പരിഗണിക്കണമെന്നാണ് ആവശ്യം.
വേണം, നല്ലൊരു
മാസ്റ്റർ പ്ലാൻ
അടുത്ത വർഷം കോളജ് 25 വർഷം പൂർത്തിയാകുകയാണ്. ഈ വേളയിൽ 10 വർഷത്തെ ഭാവി വികസനം മുന്നിൽക്കണ്ട് അടിയന്തരമായി മാസ്റ്റർ പ്ലാൻ തയാറാകണമെന്നാണ് മെഡിക്കൽ കോളജിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവർക്കു പറയാനുള്ളത്.
വികസനപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് പലതവണ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ട്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.