കൊച്ചി: വേനൽമഴ ചതിച്ചതോടെ ജില്ലയിൽ കിണറുകളിൽ ജലലഭ്യത കുറയുന്നു. കൊടുംവേനലിന് പുറമേ എല്ലാ വർഷവും ലഭിക്കുന്ന വേനൽ മഴയും കൈവിട്ടതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കിണറുകളിലടക്കം ജലനിരപ്പ് താഴ്ന്നുതുടങ്ങി. ഇതുമൂലം താരതമ്യേന ജലക്ഷാമം കുറഞ്ഞ മേഖലകളിൽ പോലും ഇത്തവണ പ്രതിസന്ധി രൂക്ഷമാകുകയാണ്. ഇത് വരുംദിവസങ്ങളിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കുടിവെളളക്ഷാമമടക്കം പ്രതിസന്ധി രൂക്ഷമാക്കുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്.
സാധാരണ ഏപ്രിൽ, മേയ് മാസങ്ങളിലായി വേനൽമഴ ലഭിക്കുന്നതാണ് കുടിവെളള ക്ഷാമം രൂക്ഷമാകാതെ പിടിച്ചുനിർത്തിയിരുന്നത്. എന്നാൽ, ഇത്തവണ ജില്ലയിൽ ഇതുവരെ കാര്യമായ മഴ പെയ്തിട്ടില്ല. ഏതാനും പ്രദേശങ്ങളിൽ പേരിന് മാത്രമാണ് മഴ ലഭിച്ചത്. ഇതോടെയാണ് മിക്ക പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമായത്. സാധാരണ കടുത്ത വേനലിൽ താഴുന്ന ജലനിരപ്പ് വേനൽ മഴയോടെ ബാലൻസ് ചെയ്യുകയും തൊട്ടുപിന്നാലെ കാലവർഷത്തിന്റെ വരവോടെ സമൃദ്ധമാകുകയും ചെയ്യുന്നതായിരുന്നു പതിവ്. എന്നാൽ, ഇത്തവണ ഇതെല്ലാം താളം തെറ്റി.
ഇതിനുപുറമേ വേനൽ മഴ ആശ്രയിച്ച് കൃഷി ഭൂമികൾ കേന്ദ്രീകരിച്ചും വീടുകൾ കേന്ദ്രീകരിച്ചും ചെയ്തിരുന്ന മരച്ചീനി അടക്കമുളള മുഴുവൻ തനത് കൃഷികളും പ്രതിസന്ധിയിലായി. ഇത്തരം ഉൽപന്നങ്ങളുടെ ഉൽപാദനം കുറയുന്നതിനും വിലവർധനവിനും കാരണമാകുമെന്നും കർഷകരും വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു. വേനൽ കടുത്തതോടെ ജില്ലയിലെ പുഴകളിലും തോടുകളിലും എല്ലാം ജലനിരപ്പ് ക്രമാതീതമായി താഴ്ന്നിരുന്നു. ഇതുമൂലം നിലവിലുളള പല കുടിവെളള പദ്ധതികളുടേയും നടത്തിപ്പും പ്രതിസന്ധിയിലായി. പല പ്രദേശങ്ങളിലും കുടിവെളളത്തിനായി ജനം നെട്ടോട്ടത്തിലുമാണ്. ഇതിനിടെയാണ് ഇരുട്ടടിയായി വേനൽ മഴയുടെ ലഭ്യതക്കുറവുണ്ടായത്.
കൊടുംവേനലിൽ വൈദ്യുതി ഉപഭോഗം കുതിച്ചതോടെ ജില്ലയിലെ പല പ്രദേശങ്ങളിലും വൈദ്യുതി മുടക്കം പതിവായി. എറണാകുളം നഗരത്തിലും ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ,കോലഞ്ചേരി അടക്കമുളള പ്രദേശങ്ങളിൽ നിന്നും ഇത് സംബന്ധിച്ച പരാതികൾ വ്യാപകമാണ്. അടിക്കടിയുളള വൈദ്യുതി തടസം മൂലം നാട്ടുകാരും വൈദ്യുതി വകുപ്പ് ജീവനക്കാരും തമ്മിൽ പല പ്രദേശങ്ങളിലും തർക്കങ്ങളും പതിവായിട്ടുണ്ട്.
ഇതേസമയം ചൂടിൽ നിന്ന് ആശ്വാസം തേടി എ.സി അടക്കമുളള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതുമൂലം വീടുകളിലെ വൈദ്യുതി ഉപഭോഗം ക്രമാതീതമായി വർധിക്കുന്നത് ട്രാൻസ്ഫോർമറുകളടക്കം തകരാറിലാക്കുകയാണെന്നും ഇതാണ് വൈദ്യുതി മുടക്കത്തിന് കാരണമെന്നുമാണ് ഉദ്യോഗസ്ഥ വിശദീകരണം. കൊടുംവേനലിൽ വെന്തുരുകുമ്പോൾ ജലക്ഷാമത്തിന് പുറമെ അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കവും ജനങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. മഴ ചതിച്ചാൽ ഇത്തരം പ്രതിസന്ധികൾ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.