ചെങ്ങമനാട്: പഞ്ചായത്തിൽ ജൽജീവൻ മിഷൻ പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചതിനാൽ കാലവർഷം ശക്തി പ്രാപിച്ചതോടെ ജനം ദുരിതക്കയത്തിൽ. മാസങ്ങൾക്കുമുമ്പ് എക്സ്കവേറ്ററുപയോഗിച്ച് അലക്ഷ്യമായി കുത്തിപ്പൊളിച്ച റോഡുകളിൽ പൈപ്പ് സ്ഥാപിച്ച ശേഷം യഥാവിധം മൂടുകയോ നിരപ്പാക്കുകയോ മെറ്റൽ നിരത്തുകയോ ചെയ്യാത്തതിനാൽ റോഡിലുടനീളം കുണ്ടും കുഴിയും വെള്ളക്കെട്ടുമാണ്.
പഞ്ചായത്തിലെ 13 വാർഡുകളിലാണ് പദ്ധതി നടപ്പാക്കാൻ പ്രാരംഭ നടപടി ആരംഭിച്ചത്. ഒരു മുന്നറിയിപ്പുമില്ലാതെ അടുത്തകാലത്ത് ടാറിങ് പൂർത്തിയാക്കിയ റോഡുകളടക്കം ജൽജീവൻ പദ്ധതിയുടെ പേരിൽ കുത്തിപ്പൊളിക്കുകയായിരുന്നു. ജലജീവൻ പദ്ധതി അധികൃതർക്ക് പലതവണ രേഖാമൂലം പരാതി നൽകിയെങ്കിലും ചെയ്ത പണിപൂർത്തിയാക്കുകയോ, കണക്ഷൻ നൽകുകയോ ചെയ്തില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരൻ പറഞ്ഞു.
അതേ സമയം ഹൈദരാബാദ് കേന്ദ്രീകരിച്ച ‘ഓംദാർ’ കമ്പനിയാണ് പഞ്ചായത്തിലെ പദ്ധതിയുടെ കരാർ ഏറ്റെടുത്തിട്ടുള്ളതെന്നും അവരുടെ സബ് ഏജൻസികളാണ് പദ്ധതി നിർമാണം തുടങ്ങിയതെന്നും കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ സംയുക്ത പദ്ധതിയാണെങ്കിലും സംസ്ഥാന സർക്കാർ പദ്ധതി വിഹിതം അനുവദിക്കാത്തതിനാലാണ് നിർമാണ ജോലികൾ സ്തംഭിച്ചിരിക്കുന്നതെന്നുമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദീകരണം.
പ്രശ്നം ജലവിഭവമന്ത്രിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപെടുത്തുമെന്ന് അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.