തൊടുപുഴ: ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ തൊടുപുഴ താലൂക്കിൽ പലയിടത്തും മണ്ണിടിച്ചിൽ. നാളിയാനി- കുളമാവ് റോഡ് കോഴിപ്പള്ളി ഭാഗത്ത് വീണ്ടും മണ്ണിടിഞ്ഞു. മുൻ വർഷങ്ങളിലും പ്രദേശത്ത് മണ്ണിടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തിൽ ഇവിടെ മണ്ണിടിഞ്ഞ് റോഡ് തകർന്നിരുന്നു. ഇത് നാട്ടുകാർ ശ്രമദാനമായി രണ്ടാഴ്ച മുമ്പ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയിരുന്നു. പിന്നാലെ വീണ്ടും മണ്ണിടിഞ്ഞത് ഇതുവഴിയുള്ള യാത്ര വീണ്ടും പ്രയാസത്തിലാക്കി. വെള്ളിയാമറ്റം വില്ലേജിൽ തടിയനാൽ ഭാഗത്ത് നിർമാണത്തിലിരുന്ന വീടിന്റെ മുൻഭാഗത്തും പിന്നിലും മണ്ണിടിഞ്ഞു. കാറ്റിലും മഴയിലും വണ്ണപ്പുറം പഞ്ചായത്തിലെ വെൺമണി വാൽപ്പാറ കമ്യൂണിറ്റി ഹാളിന് സമീപം മണ്ണിടിഞ്ഞു. അപകട ഭീഷണി നേരിടുന്ന ഏഴോളം കുടുംബത്തെ പഞ്ചായത്ത് മെംബർ മിനിയും നാട്ടുകാരും ചേർന്ന് കമ്യൂണിറ്റി ഹാളിലേക്കുമാറ്റി. പനക്കപതാലിൽ രാജപ്പന്‍റെ വീടിന്റെ മുൻഭാഗം പൂർണമായി തകർന്നു. ശക്തമായ മണ്ണിടിച്ചിലിൽ കിണർ സഹിതം ഒലിച്ചുപോയി. അഭിലാഷ് തോട്ടത്തിൽ, മനോജ് പനക്കപതാലിൽ, രാജൻ തോട്ടത്തിൽ എന്നിവരെ മാറ്റിപ്പാർപ്പിച്ചു. പാലക്കാട് സന്തോഷിന്‍റെ വീടിന്റെ പിറകുവശം പൂർണമായി ഒലിച്ചുപോയി. ഉടുമ്പന്നൂർ കച്ചിറമുഴി ഭാഗത്തും കുമാരമംഗലം പയ്യാവ് ഭാഗത്തും വീടുകളിൽ വെള്ളം കയറി. വണ്ണപ്പുറം വാൽപ്പാറ കമ്യൂണിറ്റി ഹാളിലും കോടിക്കുളത്ത് തെന്നത്തൂർ സെന്‍റ് മേരീസ് എൽ.പി.എസിലുമായി ദുരിതാശ്വാസ ക്യാമ്പ് തുറന്നു. തൊടുപുഴയാറിലും ജലനിരപ്പ് വർധിക്കുന്ന സാഹചര്യമാണുള്ളത്. ഇതോടെ സമീപത്തെ തോടുകളിലെയും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വെള്ളിയാഴ്ച പെയ്ത മഴയുടെ അളവ് (താലൂക്ക് തിരിച്ച്) ഇടുക്കി- 157.2 മി.മീ. പീരുമേട്-113.4 മി.മീ. ദേവികുളം-146 മി.മീ. ഉടുമ്പൻചോല- 38 മി.മീ. തൊടുപുഴ- 38.2 മി.മീ. സ്കൂൾ മേൽക്കൂര കാറ്റിൽ പറന്നു മറയൂർ: മറയൂർ മൈക്കിൾഗിരിയിൽ സെന്റ് മൈക്കിൾസ് എൽ.പി സ്കൂളിന്‍റെ മേൽക്കൂര കാറ്റിൽ പറന്നു. കഴിഞ്ഞദിവസം രാത്രി കനത്ത മഴക്കൊപ്പം ആഞ്ഞടിച്ച കാറ്റിലാണ് സ്കൂളിന്‍റെ മേൽക്കൂരയിൽ ഷീറ്റ് പറന്നത്. പ്രദേശത്ത് കനത്ത മഴക്കൊപ്പം കാറ്റും അനുഭവപ്പെടുന്നുണ്ട്. സംഭവം അർധരാത്രിയായതും സ്കൂൾ അവധിയായതും വൻ അപകടം ഒഴിവാക്കി. വരുംദിവസങ്ങളിൽ സ്കൂളിൽ കുട്ടികൾ എത്തുമെന്നതിനാൽ താൽക്കാലികമായി കേടുപാടുകൾ സംഭവിച്ച ഷീറ്റുകൊണ്ട് നിർമാണം നടത്തുന്നുണ്ട്. കേടുപാടുകൾ സംഭവിച്ച ഷീറ്റുകൾ മാറ്റി പുതിയവ സ്ഥാപിച്ചാൽ മാത്രമേ സ്ഥിരമായി ക്ലാസിൽ കുട്ടികളെ ഇരുത്താൻ കഴിയൂവെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. TDL School Melkoora മറയൂർ മൈക്കിൾഗിരി സെന്റ് മൈക്കിൾസ് എൽ.പി സ്കൂളിന്‍റെ മേൽക്കൂര കാറ്റിൽ പറന്ന നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.