കഴിഞ്ഞ ദിവസം ടോപ് സ്റ്റേഷൻ റോഡിൽ ഉണ്ടായ ഗതാഗതക്കുരുക്ക്

സഞ്ചാരികളുടെ എണ്ണം കൂടി; മൂന്നാറിൽ കുരുക്കും മുറുകി

മൂന്നാർ: മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം പെരുകുന്നതനുസരിച്ച് അടിസ്ഥാന സൗകര്യം വർധിപ്പിക്കാത്തത്​ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിന്​ കാരണമാകുന്നു. അവധി ദിവസങ്ങളിൽ തിരക്ക് വർധിക്കുമ്പോൾ കിലോമീറ്ററുകൾ ദൂരത്തിലാണ് വാഹനങ്ങൾ വഴിയിൽ കിടക്കുന്നത്. സന്ദർശകർ ഏറ്റവും കൂടുതൽ സഞ്ചരിക്കുന്ന ടോപ് സ്​റ്റേഷൻ റോഡിലാണ് ഗതാഗതക്കുരുക്ക് പതിവാകുന്നത്.
വനംവകുപ്പിന്‍റെ വിപണന കേന്ദ്രം, ഫ്ലവർ ഗാർഡൻ, മാട്ടുപ്പെട്ടി ഡാം, എക്കോ പോയന്‍റ്​, കുണ്ടള ഡാം, ടോപ് സ്​റ്റേഷൻ, വട്ടവട തുടങ്ങി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ ഈ വഴിയിലാണ്. അതിനാൽ മൂന്നാറിൽ സന്ദർശകരുടെ എണ്ണം കൂടിയാൽ ആദ്യം നിശ്ചലമാകുന്ന റോഡും ഇതുതന്നെ. സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് പത്തിരട്ടി വാഹനങ്ങളാണ് അവധി ദിവസങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്നത്. ഈ തിരക്ക് മുൻകൂട്ടിക്കണ്ട് ഗതാഗത നീയന്ത്രണം നടപ്പാക്കാൻ കഴിയാത്തതാണ് തടസ്സത്തിന് കാരണമാകുന്നത്.
കഴിഞ്ഞ മൂന്ന് ആഴ്ചകളായി ശനിയും ഞായറും ഇവിടെ എത്തുന്നവർ മണിക്കൂറുകൾ വഴിയിൽ കിടക്കുന്നത് പതിവാണ്. നാലും അഞ്ചും കിലോമീറ്ററുകൾ ദൂരത്തിലാണ് വാഹനങ്ങൾ കിടക്കുന്നത്. പൊലീസിനെക്കൊണ്ട് നീയന്ത്രിക്കാവുന്നതിലും അപ്പുറത്തേക്കാണ് കാര്യങ്ങൾ. മൂന്നാർ ടോപ് സ്റ്റേഷൻ റോഡിൽ വിവിധ കേന്ദ്രങ്ങളിൽ മതിയായ ഭൂമി ഏറ്റെടുത്ത് വാഹന പാർക്കിങ്​ കേന്ദ്രങ്ങൾ ആരംഭിക്കുകയാണ് ഗതാഗതക്കുരുക്ക് കുറക്കാനുള്ള പരിഹാരം.
ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് വാഹനങ്ങൾ കടത്തിവിടുകയും സമയം അനുവദിക്കുകയും ചെയ്താൽ തിരക്ക് നീയന്ത്രിക്കാമെന്നും നിർദേശമുണ്ട്. അധികൃതർ ഇടപെട്ടില്ലെങ്കിൽ ഗതാഗതക്കുരുക്കിൽ മനംമടുത്ത് വിനോദസഞ്ചാരികൾ മൂന്നാർ ഉപേക്ഷിക്കുമോയെന്ന ഭീതിയിലാണ് ടൂർ ഓപറേറ്റർമാർ. 
Tags:    
News Summary - /kerala/local-news/idukki/--911444

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.