തൊടുപുഴ: ബോധവത്കരണവും നിയമ നടപടികളും ശക്തമാക്കുമ്പോഴും കുട്ടികൾക്ക് എതിരായ കുറ്റകൃത്യങ്ങൾ കുറയുന്നില്ല. മനഃസാക്ഷിയെ നടുക്കിയ ഷെഫീഖ് കേസിന്റെ വിധി ഏറെ ആശ്വാസകരമാണ്.
കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കുള്ള മുന്നറിയിപ്പ് കൂടിയാണിത്. കോടതിവിധി സമൂഹമനഃസാക്ഷിക്ക് ആശ്വാസമാകുമ്പോഴും നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരാണോ എന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുന്നു.
ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ ഇവർക്കെതിരായ അതിക്രമങ്ങൾ നാൾക്കുനാൾ വർധിക്കുകയാണ്. ഈ വർഷം ആഗസ്റ്റ് വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ കുട്ടികളുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ മാത്രം 197 എണ്ണമാണ്. ഇതിൽ 91 എണ്ണവും ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ടതാണ്.
ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം 23 കേസാണ് ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ലൈംഗിക അതിക്രമം, സംരക്ഷണം നൽകാതിരിക്കൽ, ശാരീരികവും മാനസികവുമായ പീഡനങ്ങൾ, ശൈശവ വിവാഹം എന്നിവയാണ് ജില്ലയിൽ കുട്ടികൾ നേരിടുന്ന പ്രധാന കുറ്റകൃത്യങ്ങൾ. ഭൂരിഭാഗം കേസിലും പരിചയക്കാരോ ബന്ധുക്കളോ രക്ഷിതാക്കളോ ആണ് പ്രതിസ്ഥാനത്ത്.
കുട്ടികൾക്കെതിരായ അതിക്രമം സംബന്ധിച്ച് ജില്ല ശിശുക്ഷേമ സമിതികൾക്ക് പ്രതിവർഷം നൂറുകണക്കിന് പരാതികൾ ലഭിക്കുന്നുണ്ടെന്നാണ് കണക്ക്.
13 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളാണ് കൂടുതലും അതിക്രമത്തിന് ഇരകളാകുന്നത്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, ചൂഷണങ്ങൾ എന്നിവ ശ്രദ്ധയിൽപെട്ടാൽ 1098 എന്ന നമ്പറിൽ വിളിക്കാം. സൗജന്യമായി 24 മണിക്കൂറും സേവനം. കൂടാതെ ജില്ല ശിശു സംരക്ഷണ യൂനിറ്റിന്റെ 04862-235532 നമ്പറിലും വിളിക്കാം.
ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി)
കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള നീതിന്യായ സംവിധാനം. വീടുകൾക്കുള്ളിൽ കുട്ടികൾ നേരിടുന്ന അതിക്രമങ്ങൾക്ക് എതിരെയും സി.ഡബ്ല്യു.സിയെ സമീപിക്കാം. ബാലവിവാഹം, ബാലവേല, വിദ്യാഭ്യാസം നിഷേധിക്കൽ തുടങ്ങി കുട്ടികളുടെ അവകാശങ്ങൾക്കു മേലുള്ള ഏതുതരം കടന്നുകയറ്റം സംബന്ധിച്ചും പരാതി നൽകാം. കുട്ടികൾക്കെതിരെ അതിക്രമം നടക്കുന്നതായി അറിവ് ലഭിക്കുന്ന ആർക്കും കമ്മിറ്റിയിൽ പരാതി അറിയിക്കാം.
പരാതികളിൽ അന്വേഷണം നടത്തി തീർപ്പുകളുണ്ടാകും. പോക്സോ കേസുകളിൽ ഇരയാകുന്ന കുട്ടികളെ 24 മണിക്കൂറിനുള്ളിൽ സി.ഡബ്ല്യു.സിക്ക് മുന്നിൽ ഹാജരാക്കണമെന്നാണ് നിയമം. ഇത്തരത്തിലുള്ള കുട്ടികളുടെ അടക്കം പുനരധിവാസത്തിനുള്ള നടപടിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഭാഗത്തുനിന്നുണ്ടാകും.
നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളുടെ സംരക്ഷണത്തിനായുള്ള നീതിന്യായ സംവിധാനം. വെള്ളി, ശനി ദിവസങ്ങളിൽ വെങ്ങല്ലൂരിലാണ് സിറ്റിങ് നടക്കുന്നത്.
കുട്ടികളുടെ സംരക്ഷണത്തിനായുള്ള മുഴുവൻ പ്രവർത്തനവും ഏകോപിപ്പിക്കുന്ന ജില്ല കേന്ദ്രമാണ് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ്. പൈനാവിലാണ് ജില്ല ഓഫിസ് പ്രവർത്തിക്കുന്നത്.
ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിനു കീഴിലുള്ള ഇവിടെ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, സ്പെഷൽ എജുക്കേറ്റർ, കൗൺസലർ എന്നിവരുടെ സേവനം സൗജന്യമായി നൽകുന്നു.
കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരങ്ങൾക്ക് എട്ട് ബ്ലോക്കിലും പാരന്റിങ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. മാതാപിതാക്കൾക്ക് കൗൺസലിങ് അടക്കമുള്ള സേവനങ്ങൾ ലഭ്യമാകും.
ജില്ലയിൽ സർക്കാർ ചിൽഡ്രൻസ് ഹോം ഇല്ല. സന്നദ്ധ സംഘടനകൾ നടത്തുന്ന 48 ചൈൽഡ് കെയർ സ്ഥാപനങ്ങൾ ജില്ലയിലുണ്ട്. പുനരധിവാസം വേണ്ട കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി വഴി ഇത്തരം സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കും.
കുട്ടികളുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ 1098 എന്ന ചൈൽഡ് ഹെൽപ്ലൈൻ നമ്പറിൽ വിളിക്കാം. 24 മണിക്കൂറും നമ്പർ സജ്ജം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.