ജില്ലയിൽ കുടിവെള്ളക്ഷാമത്തിന്റെ കാരണങ്ങൾ പലതാണ്. സ്വാഭാവിക ജലസ്രോതസ്സുകളുടെ അഭാവത്തിന് പുറമെ ശാസ്തീയമായ ജലവിതരണ പദ്ധതികൾ ഇല്ലാത്തതാണ് ഒരു കാരണം. ഉള്ള പദ്ധതികൾ ശാസ്ത്രീയമായി ഉപയോഗിക്കാൻ കഴിയാത്തത് മറ്റൊന്ന്. കുടിവെള്ള പദ്ധതികൾക്ക് പഞ്ഞമുള്ള നാടല്ല ഇടുക്കി. ലക്ഷങ്ങൾ ചിലവിട്ട ചില പദ്ധതികൾ ദീർഘവീക്ഷണവും ആസൂത്രണമില്ലായ്മയും നിർമാണത്തിലെ അപാകതകളും മൂലം ഗുണഭോക്താക്ക ൾക്ക് ഒരു തുള്ളിവെള്ളം പോലും നൽകാൻ കഴിയാതെ പിടിപ്പുകേടിന്റെയും അനാസ്ഥയുടെയും സ്മാരകങ്ങളായി തുടരുന്നു.
മുട്ടം പഞ്ചായത്തിൽനിന്ന് തുടങ്ങാം. ഇവിടെ കന്യാമല, ആശാരിപ്പാറ, ചള്ളാവയൽ, തുടങ്ങനാട്, കുഞ്ഞച്ചൻ കുരിശുമല, വാഴമല പ്രദേശങ്ങളിലെ 250ഓളം കുടുംബങ്ങൾ ഒരു വർഷത്തിലധികമായി വെള്ളം കിട്ടാതെ കഷ്ടപ്പെടുകയാണ്. ഇല്യാരിയിലെ കിണറ്റിൽനിന്ന് കന്യാമലയിലെ ടാങ്കിലേക്ക് വെള്ളം എത്തിച്ച് അവിടെ നിന്ന് വിവിധ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യുന്ന പദ്ധതി അനാഥാവസ്ഥയിലാണ്. ഇല്യാരിയിലെ പുത്തൻപുരയിൽ ജോസഫ് എന്ന സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ 40 വർഷം മുമ്പ് സ്ഥാപിച്ച 300 അടി താഴ്ചയുള്ള കുഴൽ കിണറ്റിൽനിന്നാണ് 250ലധികം കുടുംബങ്ങൾക്ക് വെള്ളം നൽകിയിരുന്നത്. ഒരു വർഷം മുമ്പ് കിണറ്റിലെ മോട്ടോർ തകരാറിലായി. മോട്ടോർ ഉയർത്തി തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പുതിയ കുഴൽകിണർ കുഴിക്കാൻ പഞ്ചായത്ത് തിരുമാനിച്ചു.
കുഴൽകിണർ പൂർത്തിയായി രണ്ട് മാസം കഴിഞ്ഞിട്ടും മോട്ടോർ സ്ഥാപിക്കാത്തതിനാൽ 250ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം ഇനിയും കിട്ടാക്കനിയാണ്. ഏറെ നാളത്തെ പരിശ്രമങ്ങൾക്കും പരാതികൾക്കും ശേഷമാണ് ജലവിഭവ വകുപ്പിന്റെയും ഭൂഗർഭ ജല വകുപ്പിന്റെയും സഹായത്തോടെ ഇല്യാരിയിൽ പുതിയ കുഴൽകിണർ കുഴിച്ചത്. തുടർന്ന്, മോട്ടോറിനായി മുട്ടം ഗ്രാമപഞ്ചായത്ത് ഭൂഗർഭ ജലവകുപ്പിൽ 4,30,000 രൂപ അടച്ചെങ്കിലും ഫലമുണ്ടായില്ല. ഏഴ് കുതിരശക്തിയിൽ കൂടുതൽ ശേഷിയുള്ള മോട്ടോർ സ്ഥാപിക്കാൻ ഭൂഗർഭജല വകുപ്പിന് അനുമതിയില്ല എന്നതാണ് കാരണം. അതിനാൽ ജലവിഭവവകുപ്പിൽ പണമടച്ച് പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ പഞ്ചായത്ത്.
കുടിവെള്ള പദ്ധതികളിൽ യഥാസമയം അറ്റകുറ്റപ്പണി നടക്കാത്തത് മൂലം വരും നാളുകളിൽ വെള്ളക്ഷാമം കൂടുതൽ രൂക്ഷമാകും. ചെറുതും വലുതുമായ നിരവധി ചോർച്ചകളാണ് കുടിവെള്ള പദ്ധതികളിൽ ഉള്ളത്. ഇത് യഥാസമയം പരിഹരിക്കുന്നില്ല.
ചെറിയ ചോർച്ച വരുമ്പോൾ തന്നെ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ കാലതാമസം വരുത്തുന്നതിലൂടെ പിന്നീട് ആഴ്ചകളോളം സമയം എടുത്ത് പരിഹരിക്കേണ്ട സാഹചര്യവും വരുന്നുണ്ട്. കുടിവെള്ള കണക്ഷനുകൾ അധികവും കടന്നു പോകുന്നത് പൊതു റോഡിലൂടെയാണ്.
ചെറിയ ചോർച്ചകൾ ഉണ്ടാകുമ്പോൾ തന്നെ ഇവ കണ്ടെത്തിയാൽ മണിക്കൂറുകൾക്കകം പരിഹരിക്കാം. കാലതാമസം വരുംതോറും ചോർച്ച വലുതാകുകയും റോഡ് വിണ്ടുകീറുകയും ചെയ്യും. പിന്നീട് ഇത് പരിഹരിക്കാൻ ഗതാഗതം പോലും തടസ്സപ്പെടുത്തേണ്ടി വരുന്ന അവസ്ഥയാണ്.
പൈപ്പും മോട്ടോറും അറ്റകുറ്റപ്പണി നടത്തുന്ന കരാറുകാർക്ക് കോടികളാണ് കുടിശ്ശിക ഇനത്തിൽ സർക്കാർ നൽകാനുള്ളത്. ഇത് വീണ്ടും അധികരിക്കുമ്പോൾ അവർ പണിമുടക്കും. അൽപം കുടിശ്ശിക നൽകി പണിമുടക്ക് മാറ്റിവെപ്പിക്കും. ഇതാണ് നടന്നു വരുന്നത്. വേനൽ കനക്കുന്നതോടെ പൈപ്പുകൾ തുടരെ തുടരെ പൊട്ടാൻ തുടങ്ങും. ഈ സമയം കരാറുകാർ പണിമുടക്കുമായി വരാൻ സാധ്യത കൂടുതലാണ്. ഇതോടെ ബുദ്ധിമുട്ടിലാകുക ജനങ്ങളാണ്. വേനൽ കനക്കും മുമ്പ് കുടിശ്ശിക നൽകി വരാനിരിക്കുന്ന പ്രതിസന്ധി മറികടക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.