നെടുങ്കണ്ടം: സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ഭിന്നശേഷി കുട്ടികള്‍ കന്നി അങ്കത്തിനിറങ്ങുമ്പോള്‍ ഇടുക്കി ജില്ലയിലെ ബി.ആർ.സി കളുടെ കീഴിൽ നിന്ന് 77 കുട്ടികള്‍ പങ്കെടുക്കും. അത്ലറ്റിക്സ്, ഫുട്ബാള്‍, ഹാന്‍ഡ്ബാള്‍, ബാഡ്മിന്റണ്‍ എന്നീ ഇനങ്ങളിലാണ് ആദ്യമായി ഭിന്നശേഷി കുട്ടികള്‍ സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുന്നത്. മത്സരത്തിന് മുന്നോടിയായുള്ള പരിശീലനം നടക്കുകയാണ്. മുമ്പ് ജില്ല വരെയായിരുന്നു മത്സരങ്ങള്‍.
പെണ്‍കുട്ടികള്‍ക്ക് ഹാന്‍ഡ്ബാള്‍, ആണ്‍കുട്ടികള്‍ക്ക് ഫുട്ബാള്‍, ഇരുവര്‍ക്കും ബാഡ്മിന്റണ്‍ എന്നിങ്ങനെയാണ് മത്സരം. അത്ലറ്റിക്സില് കാഴ്ച പരിമിതിയുള്ള കുട്ടികള്‍ അതേ പ്രായമുള്ള ഗൈഡ് റണ്ണറുടെ സഹായത്താലാണ് ഓട്ടം. കാഴ്ച പരിമിതി മുതല്‍ ഓട്ടിസം വരെ വിവിധ വിഭാഗക്കാരാണ് ഇക്കുറി മറ്റ് കുട്ടികളോടൊപ്പം മത്സരിക്കുക. ഈ വിഭാഗക്കാര്‍ക്ക് പൊതുവിദ്യാലയങ്ങളില്‍ പഠിക്കാന്‍ അവസരമുണ്ടെങ്കിലും കായികരംഗത്ത് ഒന്നു ചേര്‍ന്ന് മത്സരിക്കാന്‍ അവസരമുണ്ടായിരുന്നില്ല.
സവിശേഷ കുട്ടികളെയും ഉള്‍പ്പെടുത്തി ഇക്കുറി എല്ലാവരും ഒത്തൊരുമിച്ച് കളത്തിലിറങ്ങുന്നത് രാജ്യത്ത് തന്നെ ആദ്യ അനുഭവമാണെന്ന് കായിക പരിശീലകര്‍ പറയുന്നു. സെവൻസ് ഫുട്ബാളാണ് മത്സരം. ആറ് പേര് ഭിന്നശേഷികുട്ടികളും ഒരാള്‍ ജനറല്‍ വിഭാഗവുമാണ്. ഗോളിയായിരിക്കും ജനറല്‍ വിഭാഗം. ഓട്ടം ഒഴികെ എല്ലാം ഗ്രൂപ്പിനങ്ങളാണ്. ഇന്‍ക്ലൂസീവ് മത്സരത്തില്‍ സംസ്ഥാനത്ത് ആകെ 1750 കുട്ടികളാണ് പങ്കെടുക്കുക. മാര്‍ച്ച് പാസ്റ്റോടെ നവംബര്‍ മൂന്നിന് കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ മത്സരത്തിന് തുടക്കമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.