വണ്ണപ്പുറം: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ വണ്ണപ്പുറം പി.എച്ച്.സി വികസനത്തിന് 98.5 ലക്ഷം രൂപയുടെ ഭരണാനുമതി. പി.ജെ. ജോസഫ് എം.എൽ.എയുടെ ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചത്. ഈ തുക ഉപയോഗിച്ച് പുതിയ ബ്ലോക്ക് നിർമിച്ച് ഒ.പി അതിലേക്ക് മാറ്റും.
സമീപ പഞ്ചായത്തുകളിലെ ആശുപത്രികൾ കുടുംബാരോഗ്യ പദവിയിലേക്ക് ഉയർത്തിയപ്പോഴും വണ്ണപ്പുറം ആശുപത്രി പ്രാഥമികാരോഗ്യ കേന്ദ്രമായി തുടരുകയായിരുന്നു.
ഒ.പിയിൽ വലിയ തിരക്കുള്ള ആശുപത്രിയാണിത്. വണ്ണപ്പുറം കൂടാതെ കരിമണ്ണൂർ, കഞ്ഞിക്കുഴി, പൈങ്ങോട്ടൂർ, കോടിക്കുളം, പഞ്ചായത്തുകളിൽനിന്നും രോഗികൾ ഇവിടെ ചികിത്സക്ക് എത്തുന്നുണ്ട്. എന്നാൽ, ഇവിടെ സ്ഥിരം മെഡിക്കൽ ഓഫിസറുടെ ഒരു തസ്തിക മാത്രമാണുള്ളത്. കൂടാതെ ദേശീയ ആരോഗ്യദൗത്യം വഴി നിയമനം കിട്ടിയ ഒരു താൽക്കാലിക ഡോക്ടറുമാണുള്ളത്. ദിവസവും 300ൽ മുകളിൽ രോഗികൾ എത്തുന്ന സ്ഥാപനത്തിൽ കൂടുതൽ ഡോക്ടർമാരെ സ്ഥിര അടിസ്ഥാനത്തിൽ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയില്ല.
എൻ.എച്ച്.എം ജീവനക്കാരുള്ളതിനാലാണ് അത്യവശ്യം ജോലികൾ നടക്കുന്നത്. മലയോര മേഖലയിലെ ജനങ്ങളും ആദിവാസി വിഭാഗങ്ങും ഉൾപ്പെടെ സാധാരണക്കാർ താമസിക്കുന്ന പഞ്ചായത്തിലെ പി.എച്ച്.സി താലൂക്ക് ആശുപത്രിയാക്കി ഉയർത്തണമെന്ന ആവശ്യത്തിന് ഇതുവരെ പരിഗണന കിട്ടിയിട്ടില്ല.
ഇവിടെയുള്ളവർ കിടത്തിച്ചികിത്സ കിട്ടണമെങ്കിൽ തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിൽ എത്തേണ്ട സ്ഥിതിയാണ്. പുതിയ കെട്ടിടം വരുന്നതോടെ വൈകാതെ ആശുപത്രി താലൂക്ക് ആശുപത്രിതലത്തിലേക്ക് ഉയര്‍ത്തപ്പെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.