നെടുങ്കണ്ടം: അടിയന്തര ശസ്ത്രക്രിയയെത്തുടർന്ന് ആംബുലന്‍സില്‍ പത്താംക്ലാസ് പരീക്ഷയെഴുതി വിദ്യാർഥി. നെടുങ്കണ്ടം ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ സച്ചു മൈക്കിളാണ് ആംബുലന്‍സില്‍ സ്‌ക്രൈബിന്റെ സഹായത്തോടെ പരീക്ഷയെഴുതിയത്.
കഴിഞ്ഞ വെള്ളിയാഴ്ച പരീക്ഷക്കെത്തിയപ്പോള്‍ കലശലായ വയറുവേദന അനുഭവപ്പെട്ട സച്ചുവിനെ പരീക്ഷക്ക് ശേഷം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയില്‍ കുടലില്‍ രോഗബാധ കണ്ടതിനെത്തുടര്‍ന്ന് ശനിയാഴ്ച അടിയന്തര ശസ്ത്രക്രിയ നടത്തി. തുടർന്നുള്ള പരീക്ഷ ഒഴിവാക്കാനാവില്ലെന്ന് സച്ചു അറിയിച്ചതോടെ സ്കൂള്‍ അധികൃതര്‍ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് ആംബുലന്‍സില്‍ പരീക്ഷ എഴുതാനുള്ള ക്രമീകരണം ഒരുക്കുകയായിരുന്നു.
ഇതിന്റെ മുഴുവന്‍ ചെലവും സ്കൂള്‍ അധികൃതരും പി.ടി.എയുമാണ് വഹിച്ചത്. രാവിലെ ഒമ്പതോടെ സച്ചുവുമായി ആംബുലന്‍സ് സ്കൂളിലെത്തി. ഓക്‌സിജനും വെള്ളവും ഉൾപ്പെടെ എല്ലാ ക്രമീകരണവും ആംബുലന്‍സില്‍ ഒരുക്കിയിരുന്നു. ആംബുലന്‍സില്‍ കിടന്നുകൊണ്ട് സച്ചു പറഞ്ഞുകൊടുത്ത ഉത്തരങ്ങള്‍ ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ജോസഫ് ഉത്തരക്കടലാസില്‍ പകര്‍ത്തിയെഴുതി. പഠനത്തിൽ മിടുക്കനായ സച്ചുവിന് തുടർന്നുള്ള പരീക്ഷകൾ എഴുതാനും ക്രമീകരണം ഒരുക്കുമെന്ന് സ്കൂള്‍ ഹെഡ്മിസ്ട്രസ് ഹേമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.