അടിമാലി: മായം കലര്‍ത്തിയ ഏലക്ക വിപണിയില്‍ വ്യാപകമാകുന്നതായുള്ള പരാതികൾക്കിടെ പരിശോധന കടുപ്പിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ്. തിങ്കളാഴ്ച ബൈസണ്‍വാലി മേഖലയില്‍ നടത്തിയ പരിശോധനയില്‍ നാല് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കയച്ചു.
ബൈസണ്‍വാലി കേന്ദ്രീകരിച്ച് ഏലക്കായില്‍ വ്യാപകമായി മായം കലര്‍ത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് ദേവികുളം ഭക്ഷ്യസുരക്ഷ ഓഫിസര്‍ ബൈജു പി. ജോസഫ്, തൊടുപുഴ ഭക്ഷ്യ സുരക്ഷ ഓഫിസര്‍ എം.എന്‍. ഷംസിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഏലക്ക ഉണക്കുന്ന 15 ഡ്രയറുകളില്‍ നടത്തിയ പരിശോധനയിലാണ് നാലിടത്ത് മായം ചേർത്തതായി സംശയമുള്ളവ കണ്ടെത്തിയത്. നിറം വർധിപ്പിക്കാനായി ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ത്ത് ഏലക്ക ഉണക്കുന്നതായാണ് പരാതി. മാസങ്ങള്‍ ഇവ കേടുകൂടാതെയും ഫംഗസ് ബാധ എല്ക്കാതെയും ഇരിക്കുകയും ചെയ്യും.
ഇത്തരം ഏലക്ക ഉപയോഗിക്കുന്നത് അർബുദമടക്കം മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പറയുന്നു. കഴിഞ്ഞ വര്‍ഷം സ്പൈസസ് വിഭാഗവുമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ മായം ചേര്‍ത്ത ഏലക്ക പിടികൂടിയിരുന്നു. അന്ന് കേസ് എടുത്തവരില്‍നിന്ന് ഒരുലക്ഷം വീതമാണ് പിഴയീടാക്കിയത്. ആരോഗ്യത്തിന് ഹാനികരമായ സോഡിയം കാര്ബേണറ്റും കൃത്രിമ നിറം ഉള്‍പ്പെടെ ചേര്‍ത്താണ് ചിലയിടങ്ങളിൽ ഏലക്കയുടെ ഉണക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നത്. ഇത് കണ്ടെത്തുന്നതിനാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ഇവ കാക്കനാട്ടെ റീജനല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചു. പരിശോധന ഫലം ലഭ്യമായ ശേഷമായിരിക്കും തുടര്‍ നടപടികളെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മായം ചേർത്തതായി തെളിഞ്ഞാൽ ഒരു ലക്ഷം രൂപ പിഴയും ആറ് മാസം മുതല്‍ 10 വര്‍ഷം വരെ തടവുമാണ് ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.