അടിമാലി: സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും നിർമാണം പൂർത്തീകരിച്ച് ട്രയൽ റൺ നടത്തിയ തൊട്ടിയാർ ജലവൈദ്യുതി പദ്ധതിയുടെ ഉദ്ഘാടനം വൈകുന്നു. ഇതോടെ കാലവർഷത്തിൽ ദേവിയാർപുഴയിലൂടെ തൊട്ടിയാറിലേക്ക് ഒഴുകിയെത്തുന്ന വെള്ളം പാഴാകും.
മുൻ വൈദ്യുതി മന്ത്രി എ.കെ. ബാലൻ നിർമാണോദ്ഘാടനം നടത്തിയ പദ്ധതി 20 വർഷം അടുക്കാറായിട്ടും കമീഷൻ ചെയ്യാനായിട്ടില്ല. 40 മെഗാവാട്ട് ശേഷിയുള്ള നിലയത്തിൽ 10 മെഗാവാട്ട് ജനറേറ്ററിന്റെ കമീഷനിങ് മേയിൽ ഉണ്ടാകുമെന്ന് വൈദ്യുതി ബോർഡ് അധികൃതർ പറഞ്ഞിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ട്രയൽ റണ്ണും നടന്നു. ദേവിയാർ പുഴയുടെ ഭാഗമായ വാളറക്ക് സമീപം തൊട്ടിയാറിൽ തടയണ നിർമിച്ച് പെരിയാറിന്റെ തീരത്ത് കാഞ്ഞിരവേലിയിൽ നിർമിച്ച നിലയത്തിൽ വെള്ളം എത്തിച്ച് വൈദ്യുതി ഉൽപാദിപ്പിക്കും വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2009ൽ 207 കോടിക്കാണ് ടെൻഡർ നടന്നത്.
എന്നാൽ, പണി പാതിവഴിയിൽ എത്തുന്നതിന് മുമ്പ് കരാർ റദ്ദാക്കി. തുടർന്ന് 2018ൽ എസ്റ്റിമേറ്റ് പുതുക്കിയ ശേഷം 280 കോടിക്ക് വീണ്ടും ടെൻഡർ പൂർത്തീകരിച്ചാണ് നിർമാണം അന്തിമ ഘട്ടത്തിലേക്ക് നീങ്ങിയത്.
തൊട്ടിയാർ മുതൽ പത്താംമൈലിന് സമീപംവരെ പുഴയുടെ ഇരുകരയിലുമായി 10 ഹെക്ടറോളം ഭൂമിയാണ് പദ്ധതിക്കുവേണ്ടി വൈദ്യുതി വകുപ്പ് ഏറ്റെടുത്തിട്ടുള്ളത്. ഇതോടൊപ്പം വനം, റവന്യൂ വകുപ്പുകളിൽനിന്ന് പദ്ധതിക്ക് ആവശ്യമായ ഭൂമിയും ഏറ്റെടുത്തു. ദേവിയാർപുഴക്ക് കുറുകെ 222 മീറ്റർ നീളത്തിലാണ് തടയണ നിർമിച്ചിട്ടുള്ളത്.
അനുബന്ധമായി 199 മീറ്റർ നീളത്തിൽ ടണലും 1250 മീറ്റർ ദൂരത്തിൽ പെൻസ്റ്റോക്കും സ്ഥാപിച്ചിട്ടുണ്ട്. 2.05 മീറ്ററാണ് പെൻസ്റ്റോക്കിന്റെ വ്യാസം. ആദ്യഘട്ടം ഉദ്ഘാടനത്തിന് പിന്നാലെ 30 മെഗാവാട്ടിന്റെ ജനറേറ്റർ പ്രവർത്തനസജ്ജമാക്കാൻ കഴിയും വിധം നിർമാണം അന്തിമ ഘട്ടത്തിലാണെന്നും ബന്ധപ്പെട്ടവർ പറഞ്ഞിരുന്നു. എന്നാൽ, കാലവർഷത്തിനു തുടക്കമായിട്ടും പദ്ധതിയുടെ കമീഷനിങ് വൈകുന്നത് തൊട്ടിയാറിലെ വെള്ളം പാഴാകാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.